FIFA World Cup 2022: നിറം മങ്ങി റൊണാള്‍ഡോ, രക്ഷകനായി ബ്രൂണോ, പറങ്കിപ്പടയോട്ടം

Spread the love

ഒരേ ഫോര്‍മേഷനില്‍ കളത്തില്‍

Thank you for reading this post, don't forget to subscribe!

ഇരു ടീമും 4-1-2-3 ഫോര്‍മേഷനിലാണ് ബൂട്ടണിഞ്ഞത്. പ്രതിരോധത്തില്‍ നാല് പേരുമായി ഇറങ്ങി ഗോള്‍മുഖം സംരക്ഷിക്കുന്നതില്‍ ഇരു ടീമും ശ്രദ്ധിച്ചു. ഉറുഗ്വേയുടെ ടെച്ചോടെ തുടങ്ങിയ മത്സരത്തില്‍ ആദ്യമായി അക്രമിച്ചതും ഉറുഗ്വേ തന്നെ. ഉറുഗ്വേയുടെ മാത്തിയാസ് ഒലിവേരയുടെ ഷോട്ട് ഇടത് പോസ്റ്റിന് മുകളിലൂടെ പോയി. നാലാം മിനുട്ടില്‍ പോര്‍ച്ചുഗലിന്റെ മികച്ചൊരു മുന്നേറ്റം. വില്യം കാര്‍വല്‍ഹോയുടെ ബോക്‌സിനുള്ളില്‍ നിന്നുള്ള ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ ലക്ഷ്യം കാണാതെ പുറത്തായി. 8ാം മിനുട്ടില്‍ പോര്‍ച്ചുഗലിന്റെ ബ്രൂണോ ഫെര്‍ണാണ്ടസിനും ഷോട്ടില്‍ കൃത്യത കണ്ടെത്താനായില്ല. 12ാം മിനുട്ടില്‍ ഉറുഗ്വേയുടെ ഫെഡറിക്കോ വാല്‍വര്‍ഡെയുടെ കോര്‍ണറില്‍ നിന്ന് ജോസ് മരിയ ജിമിനസിയുടെ ഹെഡറും ബാറിന് മുകളിലൂടെ പുറത്തുപോയി.

Also Read: FIFA World Cup 2022: മെസി രാജാവ്, പക്ഷെ ഈ അഞ്ച് കാര്യത്തില്‍ റൊണാള്‍ഡോ കേമന്‍! അറിയാം

ഉറുഗ്വേയുടെ പ്രതിരോധ പൂട്ട്

ആദ്യ സമയങ്ങളില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പോര്‍ച്ചുഗല്‍ മികച്ച് നിന്നെങ്കിലും ഉറുഗ്വേ പ്രതിരോധം വന്‍മതില്‍ തീര്‍ത്തു. 16ാം മിനുട്ടില്‍ ജോ ഫെലിക്‌സിന്റെ ഷോട്ട് പ്രതിരോധത്തില്‍ തട്ടി പോസ്റ്റിന് പുറത്തുപോയി. 18ാം മിനുട്ടില്‍ പോര്‍ച്ചുഗലിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത റൊണാള്‍ഡോയുടെ ഷോട്ട് ഹെഡ് ചെയ്ത് ഉറുഗ്വേ പ്രതിരോധം തകര്‍ത്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആദ്യ പകുതിയിലെ പല മുന്നേറ്റങ്ങളും ഗോളാക്കി മാറ്റുന്നതില്‍ താരം പരാജയപ്പെട്ടു.

ലക്ഷ്യബോധമില്ലാതെ പോര്‍ച്ചുഗല്‍

അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പറങ്കിപ്പട മുന്നിട്ട് നിന്നെങ്കിലും ഇത് ഗോളാക്കി മാറ്റുന്നതില്‍ ടീം പിന്നോട്ട് പോയി. 25ാം മിനുട്ടില്‍ നൂനോ മെന്‍ഡിസിനും 27ാം മിനുട്ടില്‍ റൂബന്‍ ഡിയാസിനും പിഴച്ചു. അതേ സമയം പോര്‍ച്ചുഗല്‍ പ്രതിരോധവും മിടുക്കുകാട്ടി. 30ാം മിനുട്ടില്‍ ഉറുഗ്വേയുടെ മാറ്റിയാസ് വെസീനയുടെ മുന്നേറ്റം തടുക്കപ്പെട്ടു. ഇതിനിടെ ഞെട്ടിക്കുന്ന ചില മുന്നേറ്റങ്ങള്‍ നടത്താനും ഉറുഗ്വേയ്ക്കായി.

സുവര്‍ണ്ണാവസരം തുലിച്ച് റോഡ്രിഗോ

32ാം മിനുട്ടില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണ്ണാവസരം ഗോളാക്കി മാറ്റാന്‍ ഉറുഗ്വേയുടെ റോഡ്രിഗോ ബെന്റാക്വറിന് സാധിച്ചില്ല. പോര്‍ച്ചുഗല്‍ പ്രതിരോധത്തിലെ രണ്ട് താരങ്ങളെയും മറികടന്ന് പന്തുമായി മുന്നേറാന്‍ റോഡ്രിഗോയ്ക്കായെങ്കിലും ഡീഗോ കോസ്റ്റയുടെ തകര്‍പ്പന്‍ സേവ് പോര്‍ച്ചുഗലിനെ രക്ഷിച്ചു. ഉറുഗ്വേയ്ക്ക് മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരമായിരുന്നു ഇതെങ്കിലും മുതലാക്കാനായില്ല. 39ാം മമിനുട്ടില്‍ ബോക്‌സിന് തൊട്ട് പുറത്ത് നിന്ന് ഉറുഗ്വേയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത ഫെഡറിക്കോ വാല്‍വെര്‍ഡെക്ക് പിഴച്ചു. 40ാം മിനുട്ടില്‍ പോര്‍ച്ചുഗലിന്റെ ന്യൂനോ മെന്‍ഡിസ് പരിക്കേറ്റ് പുറത്തുപോയി. റാഫേല്‍ ഗുരൈയ്‌റോ പകരക്കാരനായെത്തി.

Also Read: FIFA World Cup 2022: ‘നെയ്മര്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചത്’, ആരാധകരെ വിമര്‍ശിച്ച് റാഫിഞ്ഞ

റൊണാള്‍ഡോയെ പൂട്ടിയ ആദ്യ പകുതി

ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയോടെയാണ് ഇരു ടീമും പിരിഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പരമാവധി പന്ത് ലഭിക്കാതെ നോക്കുകയാണ് ആദ്യ പകുതിയില്‍ ഉറുഗ്വേ ചെയ്തത്. റൊണാള്‍ഡോയെ മാര്‍ക്ക് ചെയ്ത് തന്നെ ഉറുഗ്വേ കളിച്ചതോടെ പറങ്കിപ്പടയുടെ കണക്കുകൂട്ടല്‍ പിഴച്ചു. 70 ശതമാനം പന്തടക്കത്തിലും നാലിനെതിരേ 8 ഗോള്‍ശ്രമത്തിലും പോര്‍ച്ചുഗല്‍ മുന്നിട്ട് നിന്നപ്പോഴും ഉറുഗ്വേയുടെ പ്രതിരോധ മികവ് വെല്ലുവിളിയായി. 8 ഗോള്‍ശ്രമത്തില്‍ നിന്ന് 1 തവണ മാത്രമാണ് പോര്‍ച്ചുഗലിന് ലക്ഷ്യത്തിലേക്ക് ഷോട്ട് തൊടുക്കാനായതെന്നത് ഉറുഗ്വേയുടെ പ്രതിരോധ മികവിനെ എടുത്തുകാട്ടുന്നു.

പരുക്കന്‍ കളിയുമായി ഉറുഗ്വേ

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കൂടുതല്‍ പരുക്കന്‍ കളിയാണ് ഉറുഗ്വേ കാഴ്ചവെച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടാക്കിള്‍ ചെയ്ത് വീഴ്ത്തിയതിന് പിന്നാലെ റൂബന്‍ നെവസിനെയും പരിക്കേല്‍പ്പിച്ചു. 51ാം മിനുട്ടില്‍ ജോ ഫെലിക്‌സിന് വലകുലുക്കാന്‍ സുവര്‍ണ്ണാവസരം. എന്നാല്‍ താരത്തിന്റെ ഷോട്ട് ഇടത് പോസ്റ്റിനോട് ചേര്‍ന്ന് പുറത്തുപോയി. അവസരങ്ങള്‍ തുടര്‍ച്ചയായി പാഴാക്കി പോര്‍ച്ചുഗല്‍.

രക്ഷകനായി ബ്രൂണോ

കാത്തിരിപ്പിനൊടുവില്‍ പോര്‍ച്ചുഗല്‍ ലീഡെടുത്തു. ബ്രൂണോ ഫെര്‍ണാണ്ടസ് പോസ്റ്റിന് തൊട്ടടുത്ത് നിന്ന റൊണാള്‍ഡോയെ ലക്ഷ്യമാക്കി ഉയര്‍ത്തി നല്‍കിയ പന്തിനെ ഹെഡറിലൂടെ റൊണാള്‍ഡോ വലയിലാക്കിയെന്നാണ് ആദ്യം വിലയിരുത്തിയത്. എന്നാല്‍ റൊണാള്‍ഡോയുടെ തലയില്‍ കൊള്ളാതെയാണ് പന്ത് വലയിലെത്തിയതെന്നതിനാല്‍ ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പേരില്‍. 58ാം മിനുട്ടില്‍ ഗോള്‍മടക്കാന്‍ ഉറുഗ്വേക്ക് അവസരം ലഭിച്ചെങ്കിലും എഡിന്‍സന്‍ കവാനിക്ക് ലക്ഷ്യം പിഴച്ചു. 62ാം മിനുട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയ ഉറുഗ്വേ ആക്രമണം കടുപ്പിച്ചു.

72ാം മിനുട്ടില്‍ സുവാരസ് കളത്തില്‍

സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനെ 72ാം മിനുട്ടില്‍ ഉറുഗ്വേ കളത്തിലിറക്കി. കവാനിക്ക് പകരമാണ് സുവാരസ് എത്തിയത്. 74ാം മിനുട്ടില്‍ ഉറുഗ്വേയുടെ മാക്‌സിമില്ലിയാനോ ഗോമസിന്റ ഷോട്ട് പോസ്റ്റിന്റെ വലത് തൂളിലടിച്ച് മടങ്ങിയത് നിര്‍ഭാഗ്യമായി. 76ാം മിനുട്ടില്‍ റൊണാള്‍ഡോയെ ലക്ഷ്യമാക്കി ബെര്‍ണാഡോ സില്‍വയുടെ ക്രോസ് ഉറുഗ്വേ പ്രതിരോധം തട്ടിയകറ്റി. 77ാം മിനുട്ടില്‍ സുവാരസിനെ ടാക്കിള്‍ ചെയ്ത് വീഴ്ത്തിയ ജോ ഫെലിക്‌സിന് മഞ്ഞക്കാര്‍ഡ്. ബോക്‌സിന് പുറത്ത് നിന്ന ലഭിച്ച ഫ്രീകിക്ക് വലയിലെത്തിക്കാനുള്ള സുവാരസിന്റെ ശ്രമം പിഴച്ചു. 79ാം മിനുട്ടില്‍ ഉറുഗ്വേയുടെ ഗ്ലോര്‍ജിയന്‍ അരസ്‌കേറ്റയുടെ ശ്രമം പോര്‍ച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റ് സേവ് ചെയ്തു.

Also Read: FIFA World Cup 2022: ഖത്തറില്‍ ആര് രാജാവാകും? ഡാറ്റാ സയന്റിസ്റ്റിന്റെ പ്രവചനം അറിയാം

റൊണാള്‍ഡോയെ പിന്‍വലിച്ചു

82ാം മിനുട്ടില്‍ റൊണാള്‍ഡോയെ പിന്‍വലിച്ച് ഗോന്‍കാലോ റാമോസിന് പോര്‍ച്ചുഗല്‍ അവസരം നല്‍കി. മോശം ഫോമിലുള്ള റൊണാള്‍ഡോക്ക് അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ല. പല മുന്നേറ്റങ്ങളും പോര്‍ച്ചുഗലും ഉറുഗ്വേയും കാഴ്ചവെച്ചെങ്കിലും പ്രതിരോധ നിരയുടെ മികവില്‍ ലക്ഷ്യം അകന്നുനിന്നു. 89ാം മിനുട്ടില്‍ ലൂയിസ് സുവാരസിന്റെ ഹാന്റ് ബോള്‍ വാര്‍ പരിശോധനക്ക് ശേഷം പോര്‍ച്ചുഗലിന് അനുകൂലമായി പെനല്‍റ്റി.

പെനല്‍റ്റി വലയിലാക്കി ബ്രൂണോ

സുവാരസിന്റെ ഹാന്റ്‌ബോളില്‍ അനുവദിച്ചുകിട്ടിയ പെനല്‍റ്റി അനായാസമായി ബ്രൂണോ ഫെര്‍ണാണ്ടസ് വലയിലാക്കി. ഉറുഗ്വേ ഗോളി സെര്‍ജിയോ റോച്ചെസ്റ്റിന് ഒരവസരം പോലും നല്‍കാതെ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് ബ്രൂണോ പന്തടിച്ചു. പോര്‍ച്ചുഗല്‍ 2-0ന് മുന്നില്‍. ഇഞ്ചുറി ടൈമിന്റെ ഒമ്പതാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ഇടത് പോസ്റ്റിലിടിച്ച് മടങ്ങി. അവസാന സമയത്ത് ഉറുഗ്വേക്ക് അത്ഭുതം കാട്ടാനാവാതെ വന്നതോടെ പോര്‍ച്ചുഗല്‍ 2-0ന്റെ ജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!