രക്ഷപ്പെടുമോ? അനക്കം വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍; 52 ആഴ്ച്ച ഉയരത്തില്‍, അമ്പരന്ന് നിക്ഷേപകര്‍

Spread the love


Thank you for reading this post, don't forget to subscribe!

ഒടുവില്‍ തലവര തെളിയുമോ? ഇത്രയും കാലം അനക്കമില്ലാതെ കിടന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് (NSE: SOUTHBANK) ഓഹരികള്‍ ഒരു സുപ്രഭാതത്തില്‍ കുതിച്ചുപായുകയാണ്; നിക്ഷേപകരാകട്ടെ, ഇതുകണ്ട് പകച്ചും നില്‍ക്കുന്നു.

കേട്ടതു ശരിയാണ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ മുന്നേറുകയാണ്. ചൊവാഴ്ച്ച ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എസ്‌ഐബി ഓഹരികള്‍ 9 ശതമാനത്തിലേറെയാണ് നേട്ടം കൈവരിച്ചത്.

നടപ്പുവര്‍ഷം മുഴുവന്‍ 7-8 രൂപയില്‍ താളംപിടിച്ച സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇപ്പോഴത്തെ നില്‍പ്പ് 17.75 രൂപയിലാണ്. ചൊവാഴ്ച്ച മാത്രം ഓഹരി വിലയിലേക്ക് 1.50 രൂപ കൂട്ടിച്ചേര്‍ക്കാന്‍ എസ്‌ഐബിക്ക് കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ പരിശോധിച്ചാലും കാണാം 20 ശതമാനം ഉയര്‍ച്ച. പോയവാരം 14 രൂപയായിരുന്നു ബാങ്കിന്റെ ഓഹരി വില.

മികവാര്‍ന്ന സെപ്തംബര്‍ പാദഫലം സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ കുതിപ്പിന് അടിത്തറ പാകുന്നുണ്ട്. ജൂലായ് – സെപ്തംബര്‍ കാലയളവില്‍ 223.10 കോടി രൂപയുടെ അറ്റാദായം കണ്ടെത്താന്‍ ബാങ്കിന് കഴിഞ്ഞിരുന്നു. മുന്‍വര്‍ഷം ഇതേകാലഘട്ടത്തില്‍ 187.06 കോടി രൂപയുടെ നഷ്ടമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞപാദം കിട്ടാക്കടം കുറഞ്ഞത് എസ്‌ഐബിയുടെ കണക്കുപുസ്തകം മെച്ചപ്പെടുത്തി.

രണ്ടാം പാദം വരുമാനത്തിലുമുണ്ട് 10.6 ശതമാനം വളര്‍ച്ച. 1803.76 കോടിയില്‍ നിന്നും 1,995.24 കോടി രൂപയായാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റ വരുമാനം കൂടിയത്. പലിശവരുമാനം 1,646.59 കോടിയില്‍ നിന്നും 1,740.14 കോടി രൂപയായും വര്‍ധിച്ചു. കൂടാതെ, നിഷ്‌ക്രിയാസ്തികള്‍ 5.67 ശതമാനത്തിലേക്ക് ക്രമപ്പെട്ടത് ബാങ്കിന്റെ ആസ്തികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി.

2020 സെപ്തംബറില്‍ പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിച്ചതുതൊട്ട് അറ്റ പലിശ വരുമാനത്തിലും ആസ്തി ഗുണനിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ബാലന്‍സ് ഷീറ്റ് പടുത്തുയര്‍ത്തുന്നതിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശ്രമം മുഴുവന്‍. തത്ഫലമായി 2020 -ന് ശേഷം ലോണ്‍ ബുക്ക് 50 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു.

വ്യവസായ നിലവാരത്തിന് തുല്യമാണ് ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രവര്‍ത്തന മികവെന്ന് ഐസിഐസിഐ സെക്യുരിറ്റീസ് പുറത്തിറക്കിയ ഒക്ടോബര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമായ കുഞ്ഞന്‍ ബാങ്ക് സ്‌റ്റോക്കെന്നാണ് ഓഹരി വിദഗ്ധര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനെ വിശേഷിപ്പിക്കുന്നത്. 1,800 കോടി രൂപ വിപണി മൂല്യമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന് വലിയ നിക്ഷേപമെത്തുന്നത് മുഴുവന്‍ പ്രവാസി ഇന്ത്യക്കാരില്‍ നിന്നാണ്.

ദക്ഷിണേന്ത്യയിലാണ് വേരുകളെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് 26 ശതമാനം ബിസിനസ് എസ്‌ഐബിക്കുണ്ട്. ഏറ്റവുമൊടുവില്‍ 1,000 ശതമാനം വളര്‍ച്ച കുറിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ബിസിനസിന് സാധിച്ചിട്ടുണ്ട്.

അടുത്ത ഒരു വര്‍ഷം കൊണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില 25 രൂപ വരെയെത്താമെന്നാണ് വിപണി വിദഗ്ധരുടെ അനുമാനം.

ഇതേസമയം, സ്റ്റോക്കുമായി ബന്ധപ്പെട്ട് ഒന്നുരണ്ട് കാര്യങ്ങള്‍ പരാമര്‍ശിക്കേണ്ടതുണ്ട്. തുടരെ ലാഭം കുറിക്കുന്നുണ്ടെങ്കിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കുന്ന പതിവില്ല.

കുറഞ്ഞ പലിശ കവറേജ് അനുപാതം, കുറഞ്ഞ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (3 വര്‍ഷം കൊണ്ട് 1.25%), 35,479 കോടി രൂപയുടെ ബാധ്യതകള്‍ എന്നീ കാര്യങ്ങളും നിക്ഷേപകര്‍ പ്രത്യേകം വിലയിരുത്തണം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 17.75 രൂപ വരെയുള്ള ഉയര്‍ച്ചയും 7.25 രൂപ വരെയുള്ള താഴ്ച്ചയുമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ കണ്ടിരിക്കുന്നത്.

Get Latest News alerts.

Allow Notifications

You have already subscribed

English summary

South Indian Bank Shares Rally 20 Per Cent In 5 Trading Sessions; Stock Hits 52-Week High, Details

South Indian Bank Shares Rally 20 Per Cent In 5 Trading Sessions; Stock Hits 52-Week High, Details. Read in Malayalam.

Story first published: Wednesday, November 30, 2022, 7:38 [IST]



Source link

Facebook Comments Box
error: Content is protected !!