കുറത്തിക്കുടിക്കുള്ള ഗതാഗതം വനം വകുപ്പ് നിരോധിച്ചു. ആദിവാസിയാണെന്നുള്ള രേഖ ഉള്ളവർക്ക് മാത്രമാണ് ഇതുവഴി പ്രവേശനം.

Spread the love

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ വനമേഖലയിൽ പൊതുജനങ്ങൾക്ക് മേൽ വനംവകുപ്പ് കരിനിയമങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കഴിഞ്ഞയാഴ്ച മുതൽ അഞ്ചാം മൈലിൽനിന്ന് കുറത്തിക്കുടിക്കുള്ള ഗതാഗതം വനം വകുപ്പ് നിരോധിച്ചിരിക്കുകയാണ്. ആദിവാസിയാണെന്നുള്ള രേഖ ഉള്ളവർക്ക് മാത്രമാണ് ഇതുവഴി പ്രവേശനം. ഇപ്പോൾ നേര്യമംഗലത്തും, അടിമാലിയിലും ഉള്ള പൊതു പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് മാങ്കുളം വഴി 40 കിലോമീറ്റർ കൂടുതൽ സഞ്ചരിച്ച് വേണം കുറത്തിയിൽ എത്തുവാൻ.കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കം വനംവകുപ്പ് നടത്തുന്നുവെന്ന ആരോപണവുമായി നാട്ടുകാർ. ദേശീയപാതയിൽ കരിക്ക് വിൽപ്പന നടത്തിയവരെ അറസ്റ്റ് ചെയ്തതാണ് പുതിയ സംഭവം.

ഈ വർഷം ആദ്യ മാസമാണ് വനമേഖലയിൽ വരുന്ന ദേശീയപാതയിൽ വാഹനങ്ങൾ നിർത്തരുതെന്നും ആരും റോഡിൽ നിൽക്കരുതെന്നും കാട്ടി വനം വകുപ്പ് ബോർഡ് സ്ഥാപിച്ചത്.

നേര്യമംഗലം മുതൽ വാളറ വരെയുള്ള 10 ഇടങ്ങളിൽ വനം വകുപ്പ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചു. കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണമായി വനം വകുപ്പ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, അടുത്തനാളിൽ ചിലയിടങ്ങളിൽ വന്യമൃഗങ്ങളെ കണ്ടെന്ന പേരിൽ വാഹന നിയന്ത്രണം കൊണ്ടുവന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ വിവാദ ബോർഡുകൾ വനം വകുപ്പ് സ്വമേധയ നീക്കി.

ഈ പ്രശ്‌നം കെട്ടടങ്ങിവരുന്നതിനിടെയാണ് ദേശീയപാതയിൽ വ്യാപാരത്തിന് അനാവശ്യനിയന്ത്രണവുമായി വനംവകുപ്പ് വീണ്ടും രംഗത്തുവന്നത്. ആദ്യം ചീയപ്പാറ വെള്ളച്ചാട്ടം ഉൾപ്പെടെ സ്ഥലങ്ങളിൽനിന്ന് വ്യാപാരികളെ ഒഴിപ്പിച്ചു. ഇത് വ്യാപാരികളും വനപാലകരും തമ്മിൽ സംഘർഷത്തിന് കാരണമായി. ഇത്തരത്തിലുള്ള തർക്കമാണ് കഴിഞ്ഞ ദിവസവും മൂന്ന് പേരെ ജയിലിൽ അടയ്ക്കുന്നതിലേക്ക് എത്തിയത്. കരിക്ക് വിൽപ്പനക്കാർ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം വനത്തിൽ തള്ളിയെന്നാണ് കേസ്. ഇത് കെട്ടിച്ചമച്ചതാണെന്നും വനപാലകർ കൊണ്ടുവന്ന് തള്ളിയശേഷം കേസ് എടുക്കുകയായിരുന്നെന്നും പ്രദേശവാസികളായ ദൃക്സാക്ഷികൾ പറയുന്നു. വനം വകുപ്പിന്റെ കരിനിയമങ്ങൾക്കെതിരേ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് കുടിയേറ്റജനത.

വനംവകുപ്പിന്റെ വിശദീകരണം

വന നിയമപ്രകാരം പുറത്തുനിന്നുള്ളവർ വനത്തിൽ കയറുന്നത് ക്രിമിനൽ കുറ്റമാണ്. ദേശീയപാതയോരത്തെ വനമേഖലകൾ വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ്. ഇതിനാലാണ് പാതയോരത്തെ എല്ലാ പ്രവർത്തനങ്ങൾക്കും വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നുമാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. പുറത്തുനിന്നുള്ളവരുടെ വ്യാപാരം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വന്യമൃഗങ്ങളുടെ ജീവിത ആവാസ പ്രവർത്തനങ്ങൾക്കും, ജീവനും ഭീഷണി ആകുന്നതായും മൂന്നാർ ഡി.എഫ്.ഒ. പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: