ജാതി വിവേചനം; ജീവനക്കാരെകൊണ്ട് വീട്ടു ജോലിയെടുപ്പിക്കല്‍; കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍

Spread the love


കോട്ടയം: കെ.ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും ജാതി വിവേചനം കാട്ടിയെന്നും സ്ഥാപനത്തിലെ സ്വീപ്പര്‍മാരെക്കൊണ്ട് ഡയറക്ടര്‍ വീട്ടുജോലിയെടുപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഡയറക്ടര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. ജാതി വിവേചനവും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളും വച്ചു പുലര്‍ത്തുന്ന ശങ്കര്‍ മോഹന്‍ ഡയറക്ടര്‍ പദവിയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്ന് കാട്ടി തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

ഡയര്‍ക്ടര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇല്ലാതിരിക്കുകയും ശങ്കര്‍ മോഹന്‍ ഡയറക്ടറായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമരത്തിനിറങ്ങിയതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. ഡയര്‍ക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ യൂണിയന്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു.

അന്വേഷണ കമ്മീഷന്‍റെ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി പ്രതികരിച്ചതായി സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശ്രീദേവ് ന്യൂസ് 18 നോട് പറഞ്ഞു. ആരോപണ വിധേയനായ ശങ്കര്‍ മോഹനെതിരെ നടപടിയെടുക്കും വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. 2019 ലാണ് ശങ്കര്‍ മോഹന്‍ കെ.ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്.

Also Read-കോളേജ് അധ്യാപകനെ ജാതീയമായി അധിക്ഷേപിച്ച CPM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വീപ്പര്‍മാരെ കൊണ്ട് സ്വന്തം വീട്ടു ജോലി ചെയ്യിപ്പിച്ച ഡയറക്ടര്‍, ജാതിയുടെ പേരില്‍ ക്ലറിക്കല്‍ ജോലിക്കാരോടും വിദ്യാര്‍ത്ഥികളോട് പോലും വിവേചനപൂര്‍വ്വമാണ് പെരുമാറുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിച്ചിടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും 2022 ബാച്ചില്‍ നാല് സീറ്റ് ഒഴിഞ്ഞ് കിടന്നിട്ടും ശരത്ത് എന്ന ദളിത് വിദ്യാര്‍ത്ഥിക്ക് ഡയറക്ടര്‍ സീറ്റ് നിഷേധിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു ഗ്രാന്‍റിന്‍റെ ലഭ്യതയ്ക്കായി സമരം ചെയ്തെന്ന കാരണത്താല്‍ അനന്തപത്മനാഭന്‍ എന്ന വിദ്യാര്‍ത്ഥിയെ ഫൈനല്‍ ഡിപ്ലോമ പ്രോജക്റ്റില്‍ നിന്നും ഒഴിവാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ഇളവുകള്‍ യഥാസമയം ലഭ്യമാക്കാതിരുന്നതിനാല്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

കൃത്യമായ നോട്ടിഫിക്കന്‍ ഇല്ലാതെ ഡീന്‍, പ്രൊഡക്ഷന്‍ കണ്‍ട്രളര്‍, ആര്‍ട്ട് ഡയറക്ടര്‍ തസ്തികകളിലേക്ക് അനധികൃത നിയമനം നടത്തി, അധ്യാപന പരിചയമില്ലാത്ത ആളുകളെ നിയമിച്ചു. പുതിയ ബാച്ച് തുടങ്ങി ഏതാണ്ട് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെയും കൃത്യമായ സിലബസോ അക്കാദമിക് കലണ്ടറോ നല്‍കാന്‍ ഡയറ്ക്ടര്‍ക്ക് കഴിഞ്ഞിട്ടില്ല .ഇതിനിടെ മൂന്ന് വര്‍ഷത്തെ പിജി കോഴ്സ് വെട്ടിച്ചുരുക്കി രണ്ട് വര്‍ഷമാക്കി. വിദ്യാര്‍ത്ഥികളില്‍ നിന്നും അഡ്മിഷന്‍ സമയത്ത് ഇന്‍ഡെമിനിറ്റി ബോണ്ട് നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങി. ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്നും അല്ലാത്ത പക്ഷം അവരെ പുറത്താക്കാന്‍ ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും ബോണ്ടില്‍ എഴുതിച്ചേര്‍ത്തെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽ പറത്തിയുള്ള ഡയറക്ടറുടെ തീരുമാനങ്ങൾ ഭരണഘടനാ വിരുദ്ധവും , മനുഷ്യത്വ വിരുദ്ധവും ആണെന്നും . സ്ഥാപനത്തിന്റെ അന്തസത്തയെ കളങ്കപ്പെടുത്തിയ ഡയറക്ടർ അടിയന്തരമായി രാജി വെക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!