സി.പി.ഐ. ഇടുക്കി ജില്ലാ സമ്മേളനം 26 മുതല്‍ 29വരെ അടിമാലിയില്‍

Spread the love

സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനം 26 മുതല്‍ 29 വരെ അടിമാലിയില്‍ നടക്കുമെന്ന്‌ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭൂപ്രശ്‌നങ്ങള്‍, പട്ടയപ്രശ്‌നങ്ങള്‍, വന്യജീവി ആക്രമണം തുടങ്ങി നിരവധിയായ ജനകീയ പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയും തീരുമാനം എടുക്കുകയും ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്‌ മുന്നോടിയായി നാളെ വിവിധ കേന്ദ്രങ്ങളില്‍ പതാക ജാഥ, കൊടിമര ജാഥ, ബാനര്‍ ജാഥകള്‍ ഉദ്‌ഘാടനം ചെയ്യും. പാര്‍ട്ടി സംസ്‌ഥാന കൗണ്‍സിലംഗം കെ. സലിംകുമാര്‍ ക്യാപ്‌റ്റനായിട്ടുള്ള ബാനര്‍ ജാഥ നാളെ വൈകിട്ട്‌ 4ന്‌ തൊടുപുഴയില്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ ഉദ്‌ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവംഗം വി.കെ. ധനപാല്‍ ക്യാപ്‌റ്റനായിട്ടുള്ള പതാക ജാഥ നാളെ വൈകീട്ട്‌ 4ന്‌ നെടുങ്കണ്ടത്ത്‌ വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.

സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ദേശീയപാതയിലെ കൊടി നാട്ടലുകള്‍ വിവാദത്തില്‍


പി. പളനിവേല്‍ ക്യാപ്‌റ്റനായിട്ടുള്ള കൊടിമര ജാഥ സംസ്‌ഥാന വെയര്‍ ഹൗസിങ്‌ കോര്‍പറേഷന്‍ ചെയര്‍മാന്‍ പി.മുത്തുപാണ്ടി നാളെ വൈകിട്ട്‌ 4ന്‌ ഗൂഢാര്‍വിളയില്‍ ഉദ്‌ഘാടനം ചെയ്യും. എ.ഐ.വൈ.എഫ്‌ ജില്ലാ സെക്രട്ടറി കെ.ജെ. ജോയ്‌സ്‌ ക്യാപ്‌റ്റനും എ.ഐ.എസ്‌.എഫ്‌ ജില്ലാ സെക്രട്ടറി ആനന്ദ്‌ വിളയില്‍ വൈസ്‌ ക്യാപ്‌റ്റനുമായിട്ടുള്ള ദീപശിഖ ജാഥ 26ന്‌ ഉച്ചകഴിഞ്ഞ്‌ 2 ന്‌ ഇരുമ്പുപാലത്ത്‌ നിന്ന്‌ ആരംഭിച്ച്‌ അടിമാലി സമ്മേളന നഗരിയിലെത്തിക്കും.
സി.പി.ഐ. സംസ്‌ഥാന കണ്‍ട്രോള്‍ കമ്മിഷനംഗം മാത്യു വര്‍ഗീസ്‌, പ്രിന്‍സ്‌ മാത്യൂവിന്‌ ദീപശിഖ കൈമാറും. 26ന്‌ രാവിലെ 9ന്‌ മുണ്ടിയെരുമയില്‍ നിന്ന്‌ ആരംഭിക്കുന്ന പതാക ജാഥയും ദേവികുളത്തുനിന്ന്‌ ആരംഭിക്കുന്ന കൊടിമര ജാഥയും തൊടുപുഴ വണ്ണപ്പുറത്ത്‌ നിന്ന്‌ ആരംഭിക്കുന്ന ബാനര്‍ ജാഥയും വൈകീട്ട്‌ 4 മണിയോടെ അടിമാലി പാപ്പമ്മാള്‍ ഹസന്‍ റാവൂത്തര്‍ സ്‌മൃതിമണ്ഡപത്തില്‍ എത്തിച്ചേരും. 27ന്‌ രാവിലെ 10.30ന്‌ അടിമാലി ടൗണ്‍ ഹാളിലെ സി.എ. കുര്യന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും.

സി.പി.ഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സി.പി.ഐ സംസ്‌ഥാന അസി. സെക്രട്ടറിമാരായ കെ.പ്രകാശ്‌ ബാബു, സത്യന്‍ മോകേരി, മന്ത്രിമാരായ കെ.രാജന്‍, പി. പ്രസാദ്‌, സംസ്‌ഥാന നേതാക്കളായ എന്‍.രാജന്‍, പി.വസന്തം തുടങ്ങിയവരും പങ്കെടുക്കും. 29ന്‌ സംസ്‌ഥാന സമ്മേളന പ്രതിനിധികളെയും പുതിയ ജില്ലാ കൗണ്‍സിലിനെയും തെരഞ്ഞെടുക്കും. കൗണ്‍സില്‍ യോഗത്തിനുശേഷം പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നും ശിവരാമന്‍ അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: