സ്ഥിരമായി ബോണസ് ഓഹരി നല്‍കുന്ന 5 ഇന്ത്യന്‍ കമ്പനികള്‍; ഇവ കണ്ണുമടച്ച് വാങ്ങാമോ?

Spread the love


ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. അതേസമയം സ്ഥിരമായി ബോണസ് ഓഹരി നല്‍കുന്ന ചരിത്രമുള്ള 5 ഇന്ത്യന്‍ കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

Also Read: എന്‍ഡിടിവി പറക്കുന്നു; ഓഹരി ഇനി വാങ്ങണോ? അദാനിയുടെ ഓപ്പണ്‍ ഓഫര്‍ പൊളിയുമോ?

ഇന്‍ഫോസിസ്

ഇന്‍ഫോസിസ്

ഇന്ത്യന്‍ ഐടി വ്യവസായ മികവിന്റെ ഖ്യാതി ലോകമാകെ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച മള്‍ട്ടി നാഷണല്‍ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. നിലവില്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണിത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിപണിമൂല്യം 6.46 ലക്ഷം കോടിയാണ്. കമ്പനിക്ക് യാതൊരു കടബാധ്യതയുമില്ല. കൂടാതെ 2.4 ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരിക്കുന്ന പ്രസ്ഥാനവുമാണിത്.

Also Read: ഒരു വര്‍ഷം കൊണ്ട് ഡബിളായി; ധമാനി വിടാതെ പിടിച്ചിരിക്കുന്ന ഈ മള്‍ട്ടിബാഗര്‍ കൈവശമുണ്ടോ?

ബോണസ് ഓഹരി

ഇന്‍ഫോസിസ് കമ്പനിയുടെ 2000 മുതലുള്ള ചരിത്രം നോക്കിയാല്‍ 5 തവണ ബോണസ് ഓഹരി നല്‍കിയതായി കാണാനാവും. ഇതില്‍ 2004-ല്‍ ഒഴികെ ബാക്കിയെല്ലാ തവണയും 1:1 അനുപാതത്തിലായിരുന്നു അധിക ഓഹരി നല്‍കിയത്. 2004-ല്‍ മാത്രം 3:1 എന്ന അനുപാതത്തിലായിരുന്നു ബോണസ് ഓഹരി നല്‍കിയത്. ഏറ്റവുമൊടുവില്‍ ബോണസ് ഓഹരി നല്‍കിയത് 2018-ലാണ്. അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഇന്‍ഫോസിസ് (BSE: 500209, NSE : INFY) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.02 ശതമാനമാണ്.

ബിപിസിഎല്‍

ബിപിസിഎല്‍

ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഥവാ ബിപിസിഎല്‍. മഹാരത്ന പദവിയുള്ള കമ്പനി, രാജ്യത്തെ 25 ശതമാനത്തോളം എണ്ണ വിതരണം നിയന്ത്രിക്കുന്നു. 1976-വരെ ബര്‍മ ഷെല്‍ എന്ന പേരില്‍, നെതര്‍ലാന്‍ഡ്സിലെ റോയല്‍ ഡച്ച് ഷെല്‍, ബ്രിട്ടനിലെ ബര്‍മ ഓയില്‍ കമ്പനിയുമായി ചേര്‍ന്നുള്ള സംയുക്ത സ്വകാര്യ സംരഭമായിരുന്നു. യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യത്തിന് എണ്ണ നല്‍കാന്‍ സ്വകാര്യ എണ്ണ കമ്പനികള്‍ മടികാട്ടിയതാണ് ദേശസാല്‍ക്കരണത്തിന് ഇടയാക്കിയത്.

നിലവില്‍ എണ്ണ പര്യവേക്ഷണം, ഉത്പാദനം, ചില്ലറ വില്‍പ്പന, പെട്രോളിയം അനുബന്ധ ഉത്പന്ന നിര്‍മാണം എന്നീ മേഖലകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു.

കമ്പനി

ബിപിസിഎല്‍ കമ്പനിയുടെ 2000 മുതലുള്ള ചരിത്രം നോക്കിയാല്‍ 4 തവണ ബോണസ് ഓഹരി നല്‍കിയതായി കാണാനാവും. ഇതില്‍ കൂടുതല്‍ തവണയും 1:1 അനുപാതത്തിലായിരുന്നു അധിക ഓഹരി നല്‍കിയത്. 2017-ല്‍ 1:2 എന്ന അനുപാതത്തിലായിരുന്നു ബോണസ് ഓഹരി നല്‍കിയത്. ഏറ്റവുമൊടുവില്‍ ബോണസ് ഓഹരി നല്‍കിയതും 2017-ലായിരുന്നു.

അതേസമയം ബിപിസിഎല്ലിനെ (BSE: 500547, NSE : BPCL) സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഏറെയായെങ്കിലും അനുയോജ്യ നിക്ഷേപകനെ കണ്ടെത്താന്‍ ഇതുവരെ സാധിക്കാത്തതിനാല്‍ കൈമാറ്റം അനിശ്ചിതത്വത്തിലാണ്.

Also Read: കമ്മോഡിറ്റി വില താഴുന്നു; കമ്പനികള്‍ക്ക് എങ്ങനെ പ്രയോജനമാകും? നേട്ടം കൊയ്യാവുന്ന 10 ഓഹരികള്‍

വിപ്രോ

വിപ്രോ

ആഗോള തലത്തില്‍ തന്നെ വിവരസാങ്കേതിക വിദ്യാ മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ബംഗളൂരു ആസ്ഥാനമായ വിപ്രോ ലിമിറ്റഡ്. രാജ്യത്തെ മൂന്നാമത്തെ വലിയ ഐടി കമ്പനിയാണിത്. 1980-ലാണ് ഐടി രംഗത്തേക്ക് കടന്നുവന്നത്. ഇന്നത്തെ വിപ്രോയുടെ വേരുകള്‍ 1945-ല്‍ ആരംഭിച്ച വെസ്റ്റേണ്‍ ഇന്ത്യ പാം റീഫൈന്‍ഡ് ഓയില്‍ എന്ന ഭക്ഷ്യ എണ്ണയുത്പാദന കമ്പനിയിലാണുള്ളത്.

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി എഫ്എംസിജി, ലൈറ്റിങ്, കണ്‍സള്‍ട്ടന്‍സി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്കും വിപ്രോ കടന്നിട്ടുണ്ട്. 2.25 ലക്ഷം ജീവനക്കാരുണ്ട്. കമ്പനിയുടെ 73 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണെന്നതും ശ്രദ്ധേയം.

ലാഭവിഹിതം

വിപ്രോ കമ്പനിയുടെ 2000 മുതലുള്ള ചരിത്രം നോക്കിയാല്‍ 5 തവണ ബോണസ് ഓഹരി നല്‍കിയതായി കാണാനാവും. ഏറ്റവുമൊടുവില്‍ ബോണസ് ഓഹരി നല്‍കിയത് 2019-ലായിരുന്നു. അന്ന് 1:3 എന്ന അനുപാതത്തിലായിരുന്നു ബോണസ് ഓഹരി കൈമാറിയത്. അതായത് കൈവശമുള്ള 3 ഓഹരിക്ക് അധികമായി ഒരു ഓഹരി വീതം നല്‍കിയെന്ന് സാരം.

അതേസമയം കൃത്യമായ ഇടവേളകളില്‍ ചെറുകമ്പനികളെ ഏറ്റെടുത്ത് കമ്പനിയുടെ ഭാവി വളര്‍ച്ചയും വരുമാനവും ഉറപ്പാക്കാന്‍ വിപ്രോ (BSE: 507685, NSE : WIPRO) മാനേജ്മെന്റ് ശ്രദ്ധിക്കുന്നത് ചൂണ്ടിക്കാണിക്കേണ്ട കാര്യമാണ്. അതിനൊടൊപ്പം മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നതും വിപ്രോ ഓഹരികളെ ആകര്‍ഷകമാക്കുന്നു.

ഐടിസി

ഐടിസി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസി ലിമിറ്റഡ്. നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിക്ക് അഞ്ച് വിഭാഗങ്ങളിലായി 13 ബിസിനസ് സംരംഭങ്ങള്‍ ആണുള്ളത്. സിഗരറ്റ് വിപണിയിലെ അനിഷേധ്യ നേതാവാണ്. കൂടാതെ, എഫ്എംസിജി ഹോട്ടല്‍സ്, പേപ്പര്‍ ബോര്‍ഡ്, സ്പെഷ്യാലിറ്റി പേപ്പേഴ്സ്, പാക്കേജിങ്, കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യകളില്‍ അടക്കം കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്.

100 രാജ്യങ്ങളിലേക്ക് ഐടിസിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. നിരവധി ഏജന്‍സികള്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 ബ്രാന്‍ഡുകളില്‍ ഒന്നായി കമ്പനിയെ കണക്കാക്കിയിട്ടുണ്ട്.

ഡിവിഡന്റ് യീല്‍ഡ്

ഐടിസി കമ്പനിയുടെ സമീപകാല ചരിത്രം നോക്കിയാല്‍ 3 തവണ ബോണസ് ഓഹരി നല്‍കിയതായി കാണാനാവും. ഏറ്റവുമൊടുവില്‍ ബോണസ് ഓഹരി നല്‍കിയത് 2016-ലായിരുന്നു. അന്ന് 1:2 എന്ന അനുപാതത്തിലായിരുന്നു ബോണസ് ഓഹരി കൈമാറിയത്. അതായത് കൈവശമുള്ള 2 ഓഹരിക്ക് അധികമായി ഒരു ഓഹരി വീതം നല്‍കിയെന്ന് സാരം.

അതേസമയം, അറ്റാദായത്തിന്റെ 60 ശതമാനവും ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ നല്‍കുന്ന കമ്പനിയാണ് ഐടിസി (BSE : 500875, NSE : ITC). കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരിയൊന്നിന് 10.75 രൂപയാണ് ഡിവിഡന്റ് ഇനത്തില്‍ നല്‍കിയത്. നിലവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 3.66 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.

സംവര്‍ധന മതേര്‍സണ്‍

സംവര്‍ധന മതേര്‍സണ്‍

ആഗോള തലത്തില്‍ തന്നെ ഗതാഗത, വാഹന വ്യവസായ മേഖലകളിലേക്ക് വേണ്ട അനുബന്ധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് സംവര്‍ധന മതേര്‍സണ്‍ ലിമിറ്റഡ്. കമ്പനിയുടെ 2000 മുതലുള്ള ചരിത്രം നോക്കിയാല്‍ 8 തവണ ബോണസ് ഓഹരി നല്‍കിയതായി കാണാനാവും. എല്ലാ തവണയും 1:2 അനുപാതത്തിലായിരുന്നു അധിക ഓഹരി നല്‍കിയത്. അതായത് കൈവശമുള്ള 2 ഓഹരിക്ക് അധികമായി ഒരു ഓഹരി വീതം നല്‍കിയെന്ന് സാരം.

ഏറ്റവുമൊടുവില്‍ സംവര്‍ധന മതേര്‍സണ്‍ (BSE: 517334, NSE: MOTHERSUMI) ബോണസ് ഓഹരി നല്‍കിയത് 2018-ലായിരുന്നു. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.52 ശതമാനമാണ്.

ഡിവിഡന്റ്

അതേസമയം ഡിവിഡന്റ്, ബോണസ് ഓഹരി നല്‍കുന്നതുമൊക്കെ പൂര്‍ണമായും കമ്പനിയുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്നതാണ്. കമ്പനിയുടെ വരുമാനവും ലാഭവുമൊക്കെയാണ് ഇതില്‍ ഏറ്റവും നിര്‍ണായക ഘടകമാകുന്നത്.

എങ്ങനെ പ്രതിഫലിക്കും ?

ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.

ഡിവിഡന്റ് വര്‍ധിക്കുമോ ?

കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: