ഒരു നിയമനവുമില്ലാതെ ഒരു റാങ്ക് പട്ടിക ഡിസംബർ 31ന് അവസാനിക്കുന്നു; പരിഗണിക്കണമെന്ന് ഉദ്യോഗാർത്ഥികൾ

Spread the love


Thank you for reading this post, don't forget to subscribe!

കമ്പനി-ബോർഡ്-കോർപറേഷൻ ജൂനിയർ അസിസ്റ്റന്‍റ് തസ്തിക രണ്ടാം റാങ്ക് പട്ടികയുടെ കാലാവധി ഒരു നിയമനവും നടത്താതെ അവസാനിക്കുന്നു. റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷം വരെ നീട്ടണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ ജൂനിയര്‍ അസി. തസ്തികയിലേക്കുള്ള നിയമനത്തിനായി ഒന്നാം റാങ്ക് പട്ടികയും (കാറ്റഗറി നം. 399/2017) രണ്ടാം റാങ്ക് പട്ടികയും (കാറ്റഗറി നം. 400/2017) 2020 ജനുവരി 29നും ഫെബ്രുവരി ഒന്നിനുമായാണ് പ്രസിദ്ധീകരിച്ചത്. ഒരേ പരീക്ഷയും ഒരേ കട്ട് ഓഫ് മാര്‍ക്കും ആയിരുന്നതിനാല്‍ രണ്ട് പട്ടികയിലും ഒരേ ഉദ്യോഗാര്‍ത്ഥികളാണ് ഇടം പിടിച്ചത്.

കെ എസ് എഫ് ഇ, വൈദ്യുതി ബോര്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഒന്നാം പട്ടികയില്‍ നിന്നും ഇതു വരെ ഏകദേശം 2978 റാങ്ക് (ഓപ്പണ്‍ കാറ്റഗറി) വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയപ്പോള്‍ കെ എസ് ആര്‍ ടി സി, വിവിധ തൊഴിലാളി ക്ഷേമ കോര്‍പ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന രണ്ടാം പട്ടികയില്‍ നിന്നും വെറും 900 പേര്‍ക്ക് (ഓപ്പണ്‍ കാറ്റഗറി) മാത്രമാണ് നിയമന ശുപാര്‍ശ ലഭിച്ചത്.

എന്നാല്‍ രണ്ടാം പട്ടികയില്‍ നിന്നും ഒരു ഉദ്യോഗാര്‍ത്ഥി പോലും രണ്ടാം പട്ടികയിലെ നിയമന ശിപാര്‍ശ വഴി ജോലിയില്‍ പ്രവേശിച്ചില്ല. ഇതിന് കാരണം ആദ്യ പട്ടികയിലെ ആദ്യ റാങ്കുകാര്‍ക്ക് തന്നെ രണ്ടാം പട്ടികയില്‍ നിന്നും നിയമന ശുപാര്‍ശ നല്‍കിയതിനാലാണ്. ഫലത്തില്‍ അന്യഥാ ഉദ്യോഗം ലഭിക്കുമായിരുന്ന രണ്ടാം പട്ടികയിലെ 3000ല്‍ താഴെയുള്ള റാങ്കുകാര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളത്.

ഒന്നാം പട്ടികയില്‍ നിന്നും നിയമനം ലഭിക്കുന്നത് പ്രയാസമാകുമെന്ന് കരുതി രണ്ടാം പട്ടികയില്‍ മാത്രം ഉള്‍പ്പെടുത്താന്‍ ഓപ്ഷന്‍ നല്‍കിയ ഏതാനും ഉദ്യോഗാര്‍ത്ഥികള്‍ രണ്ടാം പട്ടികയിലുണ്ട്. തങ്ങളെ സംബന്ധിച്ച് ഇത് കടുത്ത നീതി നിഷേധമാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.

ഈ റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഇതേ സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ പി എസ് സിയെ സമീപിച്ചിരുന്നുവെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാനോ തെറ്റ് തിരുത്താനോ പി എസ് സി തയ്യാറായില്ല. ഇതിന് ശേഷം മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളെ എല്ലാം നേരില്‍ കണ്ടും കത്ത് മുഖേനയും ഈ വിഷയം ധരിപ്പിച്ചിരുന്നവെങ്കിലും പി എസ് സി നിഷേധാത്മക നിലപാട് തുടരുകയാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.

മാത്രമല്ല. ഒന്നാം റാങ്ക് പട്ടികയില്‍ നിന്നും ആദ്യ നിയമന ശുപാര്‍ശ പോകുന്നത് പട്ടിക നിലവില്‍ വന്ന് 10 മാസം കഴിഞ്ഞതിന് ശേഷമാണ്. വിലപ്പെട്ട ഒരു വര്‍ഷം ആദ്യമേ തന്നെ നഷ്ടപ്പെട്ടു. 2022 ഡിസംബര്‍ 31ന് ഈ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കും. ഒരു നിയമനം പോലും നടക്കാതെ 5000ല്‍ പരം ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ള റാങ്ക് പട്ടികയുടെ കാലാവധിയാണ് അവസാനിക്കുന്നത്.

ഈ രണ്ട് പട്ടികകളുടെയും കാലാവധി യഥാക്രമം ആറ് മാസവും ഒരു വര്‍ഷവും നീട്ടണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. ഇങ്ങനെ ചെയ്താൽ ഒന്നാം പട്ടികയുടെ കാലാവധി കഴിയുമ്പോൾ രണ്ടാം പട്ടികയില്‍ നിന്നും നിയമന ശുപാര്‍ശ ലഭിച്ചു കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കി രണ്ടാം പട്ടിക പുനക്രമീകരിച്ച ശേഷം നിയമന ശുപാര്‍ശ നല്‍കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!