പാലക്കാട്‌ കോഴിക്കോട്‌ ദേശീയപാത ; ടോൾ ഒഴിവാക്കാനാകില്ലെന്ന്‌ ദേശീയപാത അതോറിറ്റി

Spread the love



Thank you for reading this post, don't forget to subscribe!

പാലക്കാട്‌

പാലക്കാട്‌ – -കോഴിക്കോട്‌ ദേശീയപാതയിൽ ടോൾ ഒഴിവാക്കാനാകില്ലെന്നും അത്‌ കേന്ദ്രസർക്കാർ നിബന്ധനയാണെന്നും ദേശീയപാത അതോറിറ്റി. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം 2016 ൽ ദേശീയപാത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതാണ്‌ ഇതിനുകാരണം. നൂറുകോടിക്ക്‌ മുകളിൽ ചെലവ്‌ വരുന്ന എല്ലാ റോഡ്‌ നിർമാണത്തിനും ടോൾ നിർബന്ധമാക്കി. അതിന്‌ മുമ്പ്‌ 60 കിലോമീറ്ററിനുള്ളിൽ നാലുവരിപാതയിൽ ഒരു ടോൾ ബൂത്ത്‌ എന്നതായിരുന്നു മാനദണ്ഡം. പാലക്കാട്‌–- കോഴിക്കോട്‌ ദേശീയപാതയിൽ താണാവ്‌ മുതൽ നാട്ടുകൽ വരെ  43.72 കിലോമീറ്റർ 289 കോടി ചെലവിട്ടാണ്‌ നവീകരിക്കുന്നത്‌. അതിനാൽ റോഡിന്റെ പ്ലാൻ അംഗീകരിക്കുന്ന സമയത്തുതന്നെ ടോൾ ബൂത്തും ഉൾപ്പെട്ടിരുന്നു. റോഡ്‌ നിർമാണം പൂർത്തിയായ ശേഷമായിരിക്കും ടോൾ പിരിക്കാനുള്ള കരാർ കമ്പനിയെ നിശ്‌ചയിക്കുക. എന്നാൽ പാത പൂർത്തിയാകും മുമ്പുതന്നെ  പൊരിയാനിയിൽ എട്ടുകോടി ചെലവിൽ ദേശീയപാത അതോറിറ്റിയുടെ പ്ലാൻ അനുസരിച്ച്‌ ടോൾ ബൂത്ത്‌ നിർമിക്കാനും തുടങ്ങി. 

ടോൾ ബൂത്തിനെതിരെ മുണ്ടൂരിൽ ജനങ്ങളുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ തൽക്കാലം ടോൾ ബൂത്ത്‌ നിർമാണം നിർത്തിവച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ കാര്യമായി ഇടപെടാൻ കഴിയില്ലെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്ഥരും പറയുന്നു. പൊരിയാനിയിൽ ടോൾ വരുന്നതോടെ കോയമ്പത്തൂരിൽനിന്ന്‌ മുണ്ടൂരിലേക്ക്‌ വരുന്നവർ വാളയാർ, പൊരിയാനി ഭാഗങ്ങളിൽ ടോൾ നൽകണം. ദേശീയപാത 544 ൽ വാളയാർ–-അങ്കമാലി റൂട്ടിലും ടോൾ കൊള്ളയാണ്‌. ഈ റൂട്ടിൽ 99.6 കിലോമീറ്ററിൽ വാളയാർ, പന്നിയങ്കര, പാലിയേക്കര എന്നിവിടങ്ങളിൽ ടോൾ നൽകണം. മോദി സർക്കാർ ദേശീയപാത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയ ശേഷമാണ്‌ വടക്കഞ്ചേരിക്ക്‌ സമീപം പന്നിയങ്കരയിൽ ടോൾ ബൂത്ത്‌ നിർമിച്ചത്‌. ഇതിനെതിരെ നാട്ടുകാർ കോടതിയിൽ പോയെങ്കിലും കേന്ദ്രസർക്കാരിന്‌ അനുകൂലമായിരുന്നു ഉത്തരവ്‌. മുണ്ടൂർ–തൂത റോഡ്‌ സംസ്ഥാന സർക്കാരാണ്‌ നവീകരിക്കുന്നത്‌. അതിനാൽ ഇവിടെ ടോൾ ഇല്ല. എന്നാൽ ഈ പാതയിലൂടെ വരുന്ന വാഹനങ്ങൾ മുണ്ടൂർ കടന്നാൽ ദേശീയപാത അതോറിറ്റിക്ക്‌ ടോൾ നൽകണം. പാലക്കാട്ടുനിന്ന്‌ കോങ്ങാട്‌ പോകുന്നവരും ദേശീയപാത അതോറിറ്റിക്ക്‌ അമിതടോൾ നൽകണം. വാളയാർ, പന്നിയങ്കര എന്നിവിടങ്ങളിലേതിനേക്കാൾ കൂടിയ ടോൾ നിരക്ക്‌ പൊരിയാനിയിൽ ഈടാക്കുമെന്നാണ്‌ ദേശീയപാത അതോറിറ്റി നൽകുന്ന സൂചന.

കേന്ദ്ര ഇടപെടൽ 
അനിവാര്യം

പൊരിയാനിയിൽനിന്ന്‌ ടോൾ ബൂത്ത്‌ മാറ്റാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്‌. അതിന്‌ പാർലമെന്റ്‌ അംഗങ്ങൾ ശബ്ദമുയർത്തണം. ഇവിടെ ജനകീയ പ്രതിഷേധം ഉയർന്നിട്ടും പാലക്കാട്ടെ എംപി വിഷയത്തിൽ ഇടപെട്ടിട്ടില്ല. ടോൾ ബൂത്ത്‌ മാറ്റണമെങ്കിൽ അതിനാവശ്യമായ സ്ഥലം ഏറ്റെടുക്കണം. ഇപ്പോൾ ഇടപെട്ടാലേ സ്ഥലമേറ്റെടുക്കൽ തുടങ്ങാനാകൂ. സംസ്ഥാന സർക്കാർ നിർമിച്ച പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കും ടോൾ ഈടാക്കാനാണ്‌ സംസ്ഥാന പാത തുടങ്ങുന്നതിന്റെ രണ്ട്‌ കിലോമീറ്റർ ഇപ്പുറത്ത്‌ ടോൾ ബൂത്ത്‌ നിർമിക്കു
ന്നത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!