പൊലീസിനെ താറടിക്കൽ 
ജനം അംഗീകരിക്കില്ല : മുഖ്യമന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

പ്രളയത്തിലും കോവിഡിലുമൊക്കെ ജനങ്ങൾക്കൊപ്പംനിന്ന പൊലീസ്‌സേനയെ താറടിച്ചുകാട്ടാനുള്ള ശ്രമം പൊതുസമൂഹം അംഗീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മെച്ചപ്പെട്ട ക്രമസമാധാനനില പരക്കെ അംഗീകരിച്ചതാണ്‌. സത്യസന്ധതയും കാര്യക്ഷമതയുമുള്ള സേനയ്‌ക്കുള്ള ഇന്ത്യൻ പൊലീസ് ഫൗണ്ടേഷന്റെ അംഗീകാരം കേരള പൊലീസിന്‌ ലഭിച്ചു. ഇലക്‌ട്രോണിക് തെളിവുശേഖരണ മികവിന്‌ ഫോറൻസിക് ലബോറട്ടറി ഉദ്യോഗസ്ഥരെയും അംഗീകരിച്ചു. ഇതുൾപ്പെടെ നിരവധി അംഗീകാരം സേനയ്‌ക്ക്‌ ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന്‌ മുഖ്യമന്ത്രി മറുപടി നൽകി.

കേസന്വേഷണത്തിൽ സേനയിൽ ബാഹ്യഇടപെടലൊന്നുമില്ല. പൊതുശ്രദ്ധയുണ്ടായ കേസുകളിലെല്ലാം പ്രതികളെ കണ്ടെത്തി, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനായിട്ടുണ്ട്. ഉത്ര വധക്കേസ്, തിരുവനന്തപുരം പാറശാല ഷാരോൺ വധക്കേസ്, ഇലന്തൂരിലെ നരബലി എന്നിവയെല്ലാം ഉദാഹരണം.  എല്ലാ ജില്ലയിലും സൈബർ കേസുകൾക്ക്‌ പ്രത്യേക പൊലീസ് സ്റ്റേഷനായി. സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപീകരിച്ചു. വനിതാ സബ് ഇൻസ്‌പെക്ടർമാർക്ക്‌ ആദ്യമായി നേരിട്ട്‌ നിയമനം നൽകി. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാനും അതിക്രമങ്ങൾ തടയാനും പ്രത്യേക വിഭാഗം സജ്ജമാക്കി.

ക്രിമിനൽ കേസ്‌ പ്രതികളായ 976 ഉദ്യോഗസ്ഥർ യുഡിഎഫ്‌ ഭരണകാലത്ത്‌ സേനയിലുണ്ടായിരുന്നു. 2016 മുതൽ ഇത്തരത്തിൽ 828 ക്രിമിനൽ കേസ്‌ രജിസ്റ്റർചെയ്‌തു. സേനയുടെ 1.56 ശതമാനമാണിത്‌. ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിലെല്ലാം അന്വേഷണവും കഴമ്പുള്ളവയിൽ ക്രിമിനൽ കേസും ശക്തമായ നിയമനടപടികളും ഉറപ്പാക്കുന്നു. 2017 മുതൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട  വിവിധ റാങ്കിലെ എട്ടുപേരെ സർവീസിൽനിന്ന്‌ പിരിച്ചുവിട്ടു. ക്രിമിനൽ, അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട നാലു
പേരെയും നീക്കംചെയ്‌തതായും മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യത്തെ മികച്ച സേന
ആധുനികവൽക്കരണത്തിലും കുറ്റാന്വേഷണ മികവിലും രാജ്യത്തെ ഏറ്റവും മികച്ചതാണ്‌ കേരളത്തിന്റെ പൊലീസ്‌ സേനയെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ മാതൃകാ നടപടി സ്വീകരിക്കുന്നു. പോക്‌സോ കേസുകളിൽ സമയബന്ധിതമായി വിചാരണയ്‌ക്കും തീർപ്പിനുമായി 58 പുതിയ പ്രത്യേക കോടതി രൂപീകരിച്ചു. 2016 മെയ്‌ മുതൽ ഇത്തരം 504 കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടു.

ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾ തുടങ്ങി. സ്ത്രീധന കേസുകളിൽ പൊലീസ് നടപടികൾക്കൊപ്പം ശക്തമായ സാമൂഹ്യബോധവൽക്കരണവും കൗൺസലിങ്ങും നടക്കുന്നു. തുമ്പില്ലെന്ന് വിലയിരുത്തപ്പെട്ട കേസുകളിലും പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനായി. വിഴിഞ്ഞത്തെ പ്രതിഷേധ സമരങ്ങളിൽ പൊലീസ് പാലിച്ച മാതൃകാ സംയമനം പരക്കെ അംഗീകരിക്കപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!