തേക്കിൻകാട്ടിൽ വാനോളം ആവേശം ; പതാക ദീപശിഖ കൊടിമര ജാഥകൾക്ക്‌ ഉജ്വല സ്വീകരണം

Spread the love


Thank you for reading this post, don't forget to subscribe!

കോടിയേരി ബാലകൃഷ്‌ണൻ നഗർ (തൃശൂർ)

സമ്മേളന നഗരിയിൽ ചെമ്പതാക ഉയർന്നപ്പോൾ  ചുവപ്പുജ്വാലകൾ അലടയിച്ചു.  അലയടിച്ചാർത്തെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി   പൂരങ്ങളുടെ നാട്ടിൽ  സംഘാടകസമിതി ചെയർമാൻ  കെ രാധാകൃഷ്‌ണൻ പതാക ഉയർത്തി. പൊതുസമ്മേളന നഗരിയിൽ പ്രത്യേകം ഒരുക്കിയ ദീപശിഖയിൽ കിസാൻസഭ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഇ പി ജയരാജൻ തിരിതെളിയിച്ചു.  പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക–-കൊടിമരജാഥകൾക്കും -ദീപശിഖാ  പ്രയാണത്തിനും തിങ്കളാഴ്‌ച പകൽ തൃശൂർ ജില്ലയിലേക്ക്‌ വൻ വരവേൽപ്പാണ്‌ നൽകിയത്‌. പുന്നപ്ര വയലാർ സ്‌മൃതി മണ്ഡപത്തിൽനിന്നും  കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ നയിക്കുന്ന പതാകജാഥ  പൊങ്ങത്തും  കയ്യൂരിൽനിന്ന്‌ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി നയിക്കുന്ന കൊടിമര ജാഥ കടവല്ലൂരിലും  കീഴ്‌വെൺമണിയിൽനിന്ന്‌ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ,  തെലുങ്കാനയിൽനിന്ന്‌ പി കൃഷ്‌ണപ്രസാദ്‌ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ദീപശിഖാ പ്രയാണം വാണിയമ്പാറയിലും ഉത്സവാഘോഷത്തോടെയാണ്‌ വരവേറ്റത്‌. 35–-ാം സംസ്ഥാന സമ്മേളനത്തിന്റെ സൂചകമായി മൂന്നു ജാഥകളിലും 35 റെഡ്‌ വളണ്ടിയർമാർ ചെങ്കൊടിയേന്തിയുള്ള ബുള്ളറ്റുകൾ അകമ്പടിയായി.

സംഘാടകസമിതി ഭാരവാഹികളായ എ സി മൊയ്‌തീൻ എംഎൽഎ, എം എം വർഗീസ്‌, എൻ ആർ ബാലൻ, എം കെ കണ്ണൻ, മുരളി പെരുനെല്ലി എംഎൽഎ, എ എസ്‌ കുട്ടി, പി ആർ വർഗീസ്‌ തുടങ്ങിയവർ ജില്ലാ അതിർത്തിയിൽ ജാഥകളെ സ്വീകരിച്ചു. തൃശൂർ ശക്തൻ നഗറിൽ കേന്ദ്രീകരിച്ച മൂന്നു ജാഥകളും വർണക്കുടകളുടെയും പൂക്കാവടികളുടെയും അകമ്പടിയോടെ എംഒ റോഡ്‌വഴി, സ്വരാജ്‌ റൗണ്ടിലൂടെ മണികണ്‌ഠനാൽ കവാടത്തിലൂടെ തേക്കിൻകാട്‌ മൈതാനിയിലേക്ക്‌ പ്രവേശിച്ചു.

ദീപശിഖ വിജു കൃഷ്‌ണനിൽനിന്ന്‌ എം എം വർഗീസ്‌ ഏറ്റുവാങ്ങി. എം വിജയകുമാറിൽനിന്ന്‌ പതാക ബേബിജോണും  വത്സൻ പനോളിയിൽനിന്ന്‌ കൊടിമരം എം കെ കണ്ണനും ഏറ്റുവാങ്ങി.  റെഡ്‌ വളണ്ടിയർമാർ ബ്യൂഗിൾ സല്യൂട്ടും ഫ്‌ളാഗ്‌ സല്യൂട്ടും നൽകി.  അഖിലേന്ത്യാേ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള, ജോയിന്റ്‌ സെക്രട്ടറി എൻ കെ ശുക്ല,  പി കെ ബിജു, ബേബിജോൺ, എ സി മൊയ്‌തീൻ എംഎൽഎ, എം എം വർഗീസ്‌, എൻ ആർ ബാലൻ, എം കെ കണ്ണൻ, ഗോപി കോട്ടമുറിക്കൽ, സി കെ രാജേന്ദ്രൻ, എം പ്രകാശൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

പതാക ദീപശിഖ കൊടിമര ജാഥകൾക്ക്‌ ഉജ്വല സ്വീകരണം

അഖിലേന്ത്യാ കിസാൻ സഭ സമ്മേളന നഗരിയിലുയർത്താനുള്ള പതാക–-കൊടിമര–- ദീപശിഖാ ജാഥകൾക്ക്‌ തൃശൂർ ജില്ലയിൽ ഉങ്ങ്വല സ്വീകരണം. മൂന്നുജാഥകളെയും തിങ്കളാഴ്‌ച രാവിലെ തൃശൂർ ജില്ലാ അതിർത്തികളിൽ സ്വീകരിച്ചാനയിച്ചു. 35ാം സമ്മേളനത്തെ അനുസ്‌മരിപ്പിച്ച്‌ 35 അത്‌ലറ്റുകളുടെയും  35 ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെയാണ്‌   ജാഥകളെ സ്വീകരിച്ചത്‌. സ്വീകരണകേന്ദ്രങ്ങളിൽ കാവടി, മുത്തുക്കുട, ബാൻഡ്‌, ചെണ്ടമേളം, തെയ്യക്കോലങ്ങൾ എന്നിവ കൊഴുപ്പേകി.

തെലങ്കാനയിൽ നിന്ന്‌ അഖിലേന്ത്യ കിസാൻസഭാ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദിന്റെയും തമിഴ്‌നാട്ടിലെ കീഴ്‌വെൺമണിയിൽ നിന്ന്‌  ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണന്റെയും നേതൃത്വത്തിൽ ആരംഭിച്ച ദീപശിഖാപ്രയാണം സേലത്ത്‌ സംഗമിച്ച്‌ വാളയാർ വഴി കേരളത്തിലേക്ക്‌ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ വാണിയമ്പാറയിൽ സംഘാടക സമിതി ട്രഷറർ എം എം വർഗീസിന്റെ നേതൃത്വത്തിൽ ദീപശിഖാറാലിയെ സ്വീകരിച്ചു.

 

കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ പി ആർ വർഗീസ്‌, സംസ്ഥാന കമ്മിറ്റി അംഗം എം എം അവറാച്ചൻ,   പി കെ ഷാജൻ,  എം കെ പ്രഭാകരൻ, കെ വി നഫീസ, മേരി തോമസ്‌, പി എ ബാബു,  എം എസ്‌ പ്രദീപ്‌കുമാർ, ഫ്രാൻസിസ്‌ താടിക്കാരൻ, സണ്ണി ചെന്നിക്കര,  മാത്യു നൈനാൻ   എന്നിവരും ദീപശിഖാറാലിയെ സ്വീകരിക്കാനെത്തി.

കിസാൻസഭ തെലങ്കാന സംസ്ഥാന സെക്രട്ടറി ടി സാഗർ, തമിഴ്‌നാട്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ദുരൈരാജ്‌, കിസാൻസഭാ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ കെ പ്രീജ, കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം പ്രകാശൻ,  കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി കെ രാജേന്ദ്രൻ,   പാലക്കാട്‌  ജില്ലാ സെക്രട്ടറി എം ആർ മുരളി എന്നിവരായിരുന്നു ജാഥാംഗങ്ങൾ.  കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ ക്യാപ്‌റ്റനും ജോയിന്റ്‌ സെക്രട്ടറി ജോർജ്‌ മാത്യു മാനേജരുമായ  പതാകജാഥയെ ജില്ലാ അതിർത്തിയായ പൊങ്ങത്ത്‌  സ്വീകരിച്ചു.

കിസാൻസഭ എറണാകുളം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ  പി കെ ഡേവിസിന്‌ പതാക കൈമാറി.  കൂടാതെ തെയ്യക്കോലവും ചെണ്ടമേളവും വർണക്കുടകളും അകമ്പടിയായി. എം കെ കണ്ണൻ, യു പി ജോസഫ്, ടി എ രാമകൃഷ്ണൻ, കെ ആർ വിജയ,  പ്രൊഫ. സി രവീന്ദ്രനാഥ്‌, എൻ വി വൈശാഖൻ, കെ എസ്‌ അശോകൻ   തുടങ്ങിയവർ പാതാകജാഥ സ്വീകരണത്തിന്‌ നേതൃത്വം നൽകി. വത്സല മോഹനൻ, പി എം ഇസ്‌മായിൽ എന്നിവരാണ്‌  ജാഥാ അംഗങ്ങൾ. പുന്നപ്ര വയലാറിൽ നിന്നാരംഭിച്ച്‌ നാടാകെയുള്ള ഉജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ്‌ തിങ്കളാഴ്ച രാവിലെ തൃശൂർ ജില്ലാ അതിർത്തിയിൽ പാതാകജാഥ എത്തിയത്‌.  കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ക്യാപ്‌റ്റനും ജോയിന്റ്‌ സെക്രട്ടറി വി എം ഷൗക്കത്ത്‌ മാനജരുമായുള്ള കൊടിമര ജാഥയെ ചങ്ങരംകുളം ടൗണിൽനിന്ന്‌ കർഷകസംഘം നേതാക്കളും പ്രവർത്തകരും ചേർന്ന്‌   ജില്ലയിലേക്ക്‌ ആനയിച്ചു. 

ജില്ലാ അതിർത്തിയായ കടവല്ലൂരിൽ  ഉത്സവാന്തരീക്ഷത്തിൽ ജാഥയെ സ്വീകരിച്ചു. കർഷകസംഘം സംസ്ഥാന എക്‌സി. അംഗം മുരളി പെരുനെല്ലി എംഎൽഎ ജാഥാ ക്യാപ്‌റ്റനെ ഷാളണിയിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എ സി മൊയ്‌തീൻ എംഎൽഎ, എൻ ആർ ബാലൻ, ടി കെ വാസു, കെ വി അബ്ദുൾഖാദർ, കെ എഫ്‌ ഡേവിസ്‌, എം എൻ സത്യൻ, എം കെ പ്രഭാകരൻ, എം ബാലാജി എന്നിവരും സ്വീകരിക്കാൻ എത്തി.

സമരനായകരെ ആദരിക്കും

ഡൽഹിയിലെ കർഷകപ്രക്ഷോഭത്തിന്റെ നായകരും കിസാൻസഭ അഖിലേന്ത്യാ സമ്മേളന വേദിയിലെത്തും. കർഷകസമര പോരാട്ടങ്ങൾകൊണ്ട് ചരിത്രമെഴുതിയ കേരളത്തിന്റെ മണ്ണ്‌ ഡൽഹി കർഷകസമരനേതാക്കളെ ആദരിക്കും. രാകേഷ് ടികായത്ത്, ഡോ. ദർശൻപാൽ, രാജാറാം സിങ്‌, ജോഗീന്ദർ സിങ്‌ ഉഗ്രഹൻ, അതുൽകുമാർ അൻജൻ  എന്നിവരെയാണ് സമ്മേളനം ആദരിക്കുന്നത്.

ഭാരതീയ കിസാൻ യൂണിയൻ  (ബികെയു) നേതാവാണ്‌ രാകേഷ്‌ ടികായത്ത്‌. ഉത്തർപ്രദേശിലെ കർഷകനേതാവ്‌ മഹേന്ദ്രസിങ്‌ ടികായത്തിന്റെ  മകനായ രാകേഷ്‌ ടികായത്ത്‌  പൊലീസ്‌ സേനയിലെ സബ്‌ ഇൻസ്‌പെക്ടർ ജോലി ഉപേക്ഷിച്ചാണ്‌  ബികെയുവിന്റെ നേതൃനിരയിലേക്ക്‌ കടന്നുവന്നത്‌.  കർഷപ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയെന്ന പേരിൽ  നിരന്തരം വേട്ടയാടപ്പെട്ട നേതാവുകൂടിയാണ്  രാകേഷ്‌.

പഞ്ചാബ്‌ ക്രാന്തി കിസാൻ യൂണിയൻ പ്രസിഡന്റാണ്‌ ഡോ. ദർശൻപാൽ. ഡോക്ടർ ജോലി ഉപേക്ഷിച്ച്‌ കർഷകസമരനേതൃനിരയിലേക്ക്‌ കടന്നുവന്ന ഇദ്ദേഹം ഡൽഹിയിലെ കർഷകസമരത്തിൽ സുപ്രധാന പങ്കുവഹിച്ച ഓൾ ഇന്ത്യ കിസാൻ സംഗ്രഹ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ  നേതാവാണ്‌.

പഞ്ചാബിലെ വിവിധ കർഷകസംഘടനകളെ ഏകോപിപ്പിച്ച്‌ സംയുക്ത്‌ കിസാൻ മോർച്ച എന്ന സംഘടനയ്‌ക്ക്‌ രൂപം നൽകിയതും പോരാട്ടത്തിലേക്ക്‌ അണിനിരത്തിയതും ഇദ്ദേഹമാണ്‌. ഓൾ ഇന്ത്യ കിസാൻ മഹാസഭാനേതാവാണ് രാജാറാം സിങ്‌. കർഷകർക്ക് അനുകൂലമായി കേന്ദ്രം നയം തിരുത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ച നേതാവാണ് ഇദ്ദേഹം.

കർഷകസമരത്തിലെ മുൻനിരപ്പോരാളിയായ ജോഗീന്ദർ സിങ്‌പഞ്ചാബിൽനിന്നുള്ള കർഷകയൂണിയൻ നേതാവും മുൻ സൈനികനുമാണ്‌. 2002-ഭാരതീയ കിസാൻ യൂണിയന്റെ ഏക്‌ത ഉഗ്രഹൻ എന്ന വിഭാഗം രൂപീകരിച്ച ഇദ്ദേഹം നിലവിൽ യൂണിയന്റെ പ്രസിഡന്റാണ്‌.വിട്ടുവീഴ്ചയില്ലാത്ത കർഷകനേതാവായും കർഷകരുടെ സംരക്ഷകനായുമാണ്‌ അറിയപ്പെടുന്നത്‌. പഞ്ചാബിലെ മാൾവയിൽ ഏറ്റവും സ്വാധീനമുള്ള സംഘടനയാണ് ഭാരതീയ കിസാൻ യൂണിയൻ ഏക്ത ഉഗ്രഹാൻ.

സിപിഐ നേതാവും ഓൾ ഇന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറിയുമാണ് അതുൽകുമാർ അൻജാൻ. ഉത്തർപ്രദേശിൽനിന്നുള്ള കർഷകനേതാവായ ഇദ്ദേഹം ഡൽഹി കർഷകസമരത്തിൽ കർഷകരെ അണിനിരത്തുന്നതിൽ  സുപ്രധാന പങ്കുവഹിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!