വഴിയരുകില്‍ കരിക്ക് വിറ്റവര്‍ ജാമ്യമില്ലാ കേസില്‍ ജയിലില്‍..? വനംകൊള്ളക്കേസിലെ പ്രതികള്‍ക്ക് ഉടന്‍ സ്റ്റേഷന്‍ ജാമ്യം; ഇതാണ് ‘ഞങ്ങ’ പറഞ്ഞ ഇടുക്കിയിലെ വെറൈറ്റി ഫോറസ്റ്റുകാര്‍…!!

Spread the love

വഴിയരുകില്‍ കരിക്ക് വിറ്റവര്‍ ജാമ്യമില്ലാ കേസില്‍ ജയിലില്‍
വനംകൊള്ളക്കേസിലെ പ്രതികള്‍ക്ക് ഉടന്‍ സ്റ്റേഷന്‍ ജാമ്യം; ഇതാണ് ഞങ്ങ പറഞ്ഞ ഇടുക്കിയിലെ വെറൈറ്റി ഫോറസ്റ്റുകാര്‍…!!

ഇടുക്കി ജില്ലയിലെ നേര്യമംഗലം റിസര്‍വ് വനത്തില്‍നിന്ന് വന്‍ മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ അറസ്റ്റിലായവര്‍ക്ക് വനംവകുപ്പ് സ്റ്റേഷന്‍ ജാമ്യം നല്‍കിയത് വിവാദത്തിലായി.അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി പ്രസാദ്, വാളറ കുളമാംകുഴി ആദിവാസി കോളിയില്‍ താമസക്കാരായ ലൈജു, സന്തോഷ് എന്നിവര്‍ക്കാണ് നേര്യമംഗലം റേഞ്ച് ഓഫീസര്‍ നേരിട്ട് ജാമ്യം നല്‍കിയത്. റിസര്‍വ് വനത്തില്‍നിന്ന് 30-ലേറെ വന്‍ മരങ്ങള്‍ വെട്ടിക്കടത്തിയ പ്രതികള്‍ക്കാണ് സ്വന്തം വിവേചനാധികാരം ഉപയോഗപ്പെടുത്തി ജാമ്യം നല്‍കി വിട്ടയച്ചതെന്ന് നേര്യമംഗലം റേഞ്ചോഫീസര്‍ വ്യക്തമാക്കി. വനം കൊള്ളയുമായി ബന്ധപ്പെട്ട് ഒരു കാറും വനപാലകര്‍ പിടികൂടിയിട്ടുണ്ട്.

അടിമാലി ഇരുമ്പുപാലം സ്വദേശികളായ ചിലരാണ് കുളമാംകുഴി ആദിവാസി കോളനിയോടുചേര്‍ന്നുള്ള വനഭൂമിയില്‍ അതിക്രമിച്ച് കയറി അഖില്‍, ചുവന്ന അഖില്‍ ഉള്‍പ്പെടെയുള്ള ഇരുപതിലേറെ വന്‍ മരങ്ങള്‍ വെട്ടിക്കടത്തിയതെന്നാണ് കേസ്. ഇതുവഴി അഞ്ച് ലക്ഷം രൂപയാണ് വനംവകുപ്പിന് നഷ്ടമുണ്ടായതായും കേസില്‍ വ്യക്തമാക്കുന്നു. എന്നാല്‍, നൂറിലേറെ വന്‍ മരങ്ങളാണ് ഇവിടെനിന്ന് വെട്ടിക്കടത്തിയത്.

100 ഇഞ്ചുമുതല്‍ 250 ഇഞ്ചുവരെ വണ്ണമുളള വന്‍ മരങ്ങളാണ് വെട്ടിക്കടത്തിയതെങ്കിലും കേസ് നിസ്സാരവത്കരിക്കാന്‍ ബോധപൂര്‍വമായ ശ്രമം വനപാലകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇതോടെ കേസ് വിജിലന്‍സ് വിഭാഗത്തിന് കൈമാറണമെന്ന ആവശ്യവും ശക്തമാണ്. ദേശീയപാതയില്‍ അപകടാവസ്ഥയിലായ വന്‍ മരങ്ങള്‍ വെട്ടിയപ്പോള്‍ വെള്ളക്കട്ടകള്‍ ചില വനം ജീവനക്കാരുടെ നേതൃത്വത്തില്‍ കടത്തിയിയതായി നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു വര്‍ഷം മുന്‍പ് നടന്ന തേക്ക് മോഷണക്കേസില്‍ അടിമാലി മുന്‍ റേഞ്ച് ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഭീകരമായ കൊള്ളയാണ് ഇപ്പോള്‍ വാളറ റേഞ്ചിലും അറങ്ങേറുന്നതെന്നും ഇത് സംബന്ധിച്ച അന്വേഷണം പോലീസിന് കൈമാറണമെന്ന ആവശ്യവും ശക്തമാണ്. പ്രതികള്‍ നാട്ടില്‍ ജനസമ്മതരാണ്, ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകില്ലെന്ന് വനം വകുപ്പിന് ബോധ്യമുണ്ട്. ഇവര്‍ ഇതിന് മുന്‍പ് വനം കൊള്ളയില്‍ ഉള്‍പ്പെട്ടവരല്ല. ഇത്തരം കാരണങ്ങള്‍കൊണ്ടാണ് റേഞ്ച് ഓഫീസര്‍ സ്വന്തം നിലയില്‍ ജാമ്യം നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ മാസം നേര്യമംഗലം റിസര്‍വ് വനത്തിലൂടെ കടന്നു വരുന്ന കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ ചീയപ്പാറ ഭാഗത്ത് റോഡരുകില്‍ കരിക്കു വിറ്റവരെ മൂന്നാര്‍ ഡിഎഫ്ഓയുടെ നിര്‍ദേശാനുസരണം വനപാലകര്‍ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ജയിലിലാക്കിയിരുന്നു. ഇതേ ഉദ്യോഗസ്ഥരാണ് റിസര്‍വ് വനത്തില്‍ വന്‍ കൊള്ള നടത്തിയവരെ സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം നല്‍കി വിട്ടയച്ച് വനം വകുപ്പിനു തന്നെ മാതൃകായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: