ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി കേരളത്തെ മാറ്റും : മുഖ്യമന്ത്രി

Spread the love


Thank you for reading this post, don't forget to subscribe!


കൊച്ചി

ലോകത്തിന്റെ ഡിസൈൻ ഹബ്ബായി കേരളത്തെ മാറ്റുന്നതിനുള്ള സംസ്ഥാന ഡിസൈൻ നയം ഉടൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരള സ്റ്റാർട്ടപ് മിഷൻ ആതിഥ്യമരുളുന്ന കൊച്ചി ഡിസൈൻ വീക്ക് ഉച്ചകോടി ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർഗാത്മക സമ്പദ്‌വ്യവസ്ഥയിലാണ്‌ (ക്രിയേറ്റീവ് ഇക്കോണമി) രാജ്യത്തിന്റെ ഭാവിയെന്നും സമഗ്ര ഡിസൈൻ നയം ഇതിന്‌ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഡിസൈൻ തലസ്ഥാനമായി കേരളത്തെ മാറ്റും. അതിനുവേണ്ട പ്രതിഭയും മികച്ച അന്തരീക്ഷവും മികച്ച സാമൂഹ്യ––സാംസ്‌കാരിക സാഹചര്യങ്ങളും കേരളത്തിലുണ്ട്. ഓഫീസുകളിലും വീടുകളിലും ഇന്റർനെറ്റ്‌ എത്തിക്കുന്ന കെ-–-ഫോൺ, മുക്കിലും മൂലയിലുമെത്തുന്ന ഇന്റർനെറ്റ് സംവിധാനം, ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ് അന്തരീക്ഷം എന്നിവ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ്ഡ് ഇൻ കേരള ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്‌ക്കായി ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. വെളിച്ചെണ്ണ, കശുവണ്ടി, കയർ മുതലായ തനത് ഉൽപ്പന്നങ്ങൾ ഈ ബ്രാൻഡിനുകീഴിൽ അവതരിപ്പിക്കും. കർശന ഗുണമേന്മാ പരിശോധനകൾക്കുശേഷമാണ്‌ ഇവ വിപണിയിലിറക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വേൾഡ് ഡിസൈൻ കൗൺസിൽ ഹോണററി ചെയർപേഴ്‌സൺ പൗള ഗസാർഡ്, വേൾഡ് ഡിസൈൻ കൗൺസിൽ അംഗം പ്രദ്യുമ്ന വ്യാസ്, ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, ഐഎസ്ഡിസി എക്സിക്യൂട്ടീവ് തെരേസ ജേക്കബ്സ്, അസറ്റ് ഹോംസ് എംഡി വി സുനിൽ കുമാർ എന്നിവർ സംസാരിച്ചു. സ്കൂളുകളിലും കോളേജുകളിലും ഡിസൈൻ ചിന്ത വർധിപ്പിക്കുന്നതിനായി വേൾഡ് ഡിസൈൻ കൗൺസിൽ തയ്യാറാക്കിയ താൽപ്പര്യപത്രം പൗള ഗസാർഡ് മുഖ്യമന്ത്രിക്ക്‌ കൈമാറി.

ഉച്ചകോടിയിൽ 21 വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും നടക്കും. വിവിധ മേഖലകളിലെ കലാകാരന്മാർ ഒരുക്കുന്ന 22 പ്രതിഷ്ഠാപനങ്ങളും ഡിസൈൻ വീക്കിലുണ്ട്‌.  വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ, വേൾഡ് ഡിസൈൻ കൗൺസിൽ എന്നിവയ്ക്കുപുറമേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സ് ഉൾപ്പെടെയുള്ള ദേശീയ സ്ഥാപനങ്ങൾ ഡിസൈൻ വീക്കുമായി സഹകരിക്കുന്നുണ്ട്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!