ശ്വാസകോശ അണുബാധ തടയാൻ ഔഷധേതര ഇടപെടൽ ശക്തിപ്പെടുത്താൻ മാർഗരേഖ: മന്ത്രി വീണാ ജോർജ്

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയുന്നതിന് മരുന്നുകൾ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഉയർന്ന പ്രതിരോധ ശേഷിയുള്ളവരിലും ആർജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാം. ലോകമെമ്പാടും കോവിഡ്, ഇൻഫ്‌ളുവൻസ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഇവയെ മരുന്നുകൾ ഉപയോഗിക്കാതെ തന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം.

കേരളത്തിൽ കോവിഡ് കേസുകൾ വളരെ കുറഞ്ഞിരിക്കുന്ന സമയമാണ്. എന്നാൽ ആഘോഷ സമയമായതിനാലും പുതിയ വകഭേദങ്ങൾ വരികയാണെങ്കിലും കേസുകൾ കൂടാൻ സാധ്യതയുണ്ട്. അതിനാൽ വൈറസുകൾ കൊണ്ടുണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളേയും തടയാൻ വേണ്ടിയാണ് മാർഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമ-തുമ്മൽ, വായൂ സഞ്ചാരമുള്ള മുറികൾ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാധ്യത വളരെയധികം കുറയ്ക്കാനാകും. ഇൻഫ്‌ളുവൻസയുടെ രോഗലക്ഷണങ്ങളും കോവിഡിന്റെ രോഗലക്ഷണങ്ങളും സമാനമാണ്. ഇത് കൂടുതൽ തീവ്രമായി ബാധിക്കുന്നത് പ്രായമായവരേയും മറ്റ് അനുബന്ധ രോഗമുള്ളവരേയുമാണ്. കോവിഡ് മരണങ്ങളിലും ഇത് കാണാവുന്നതാണ്. വൈറസുകൾ കാരണമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലമുണ്ടാകുന്ന ഗുരുതരപ്രശ്‌നങ്ങളും മരണങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഇടപെടൽ നടത്തുന്നത്.

പ്രധാന മാർഗനിർദേശങ്ങൾ

1. എല്ലാവരും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം

2. പ്രായമായവരും രോഗമുള്ളവരും നിർബന്ധമായും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം.

3. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം.

4. കോവിഡ്, ഇൻഫ്‌ളുവൻസ തുടങ്ങിയ ശ്വാസകോശ അണുബാധകൾ കൂടുതലായി പകരാൻ സാധ്യതയുള്ളത് ക്ലോസ്ഡ് സ്‌പേസ്, ക്രൗഡഡ് പ്ലൈസസ്, ക്ലോസ് കോണ്ടാക്ട് എന്നീ സാഹചര്യങ്ങളിലാണ്. ഈ സാഹചര്യങ്ങളിൽ (ഉദാ: അടച്ചിട്ട മുറികൾ, മാർക്കറ്റുകൾ-കടകൾ പോലുള്ള തിരക്കുള്ള സ്ഥലങ്ങൾ, മുഖാമുഖം വരിക) നിർബന്ധമായും ഔഷധേതര മാർഗനിർദേശങ്ങൾ പാലിക്കണം.

5. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളിൽ അയയ്ക്കരുത്.

6. എല്ലാ പ്രായമായവരും രോഗാവസ്ഥയുള്ളവരും കോവിഡ് മുൻകരുതൽ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. കാരണം വാക്‌സിനേഷൻ കോവിഡിന്റെ തീവ്രതയും മരണനിരക്കും കുറയ്ക്കും.

7. ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.

8. അനിയന്ത്രിതമായ പ്രമേഹമുള്ള ആളുകൾക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാക്കുക.

9. കോവിഡ് ബാധിതരായ എല്ലാ രോഗികളിലും നിർബന്ധമായും പ്രമേഹ പരിശോധന നടത്തണം.

10. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുക.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!