ഏഴടിച്ച്‌ കേരളം 
അരങ്ങേറി ; രാജസ്ഥാനെ ഏഴ് ​ഗോളിന് തകർത്തു

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട്
രാജസ്ഥാനെ ഗോളിൽ മുക്കി കേരളത്തിന് വിജയത്തുടക്കം. സന്തോഷ് ട്രോഫി ഫുട്ബോളിലെ ഗ്രൂപ്പ് മത്സരത്തിൽ ഏഴ് ഗോളിനാണ് ചാമ്പ്യൻമാരുടെ ജയം.
കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ എം വിഘ്നേഷ്, നരേഷ് ഭാഗ്യനാഥൻ, റിസ്വാൻ അലി എടക്കാവിൽ എന്നിവർ രണ്ട് ഗോൾവീതം നേടി. നിജോ ഗിൾബർട്ട് ഒരു ഗോളടിച്ചു.

തുടക്കംമുതൽ ആക്രമിച്ച് കളിച്ച കേരളത്തിനുമുന്നിൽ രാജസ്ഥാൻ പ്രതിരോധം പതറി. ആദ്യപകുതിയിൽ അഞ്ച് ഗോളിന് മുന്നിലായിരുന്നു. ഇടവേളക്കുശേഷം രണ്ടെണ്ണംകൂടി അടിച്ചു. കളി തുടങ്ങി ആറാംമിനിറ്റിൽ കേരളം മുന്നിലെത്തി. വലതുവിങ്ങിലൂടെ ലഭിച്ച ക്രോസ് മധ്യനിരതാരം നിജോ ഗിൽബർട്ട് ഭംഗിയായി വലയിലാക്കി. രാജസ്ഥാൻ ഗോളി രാഹുൽ ഓജ്വയ്ക്ക് ഒന്നും ചെയ്യാനായില്ല. കൃത്യം ആറ് മിനിറ്റിനുശേഷം ലീഡ് ഉയർത്തി.

മുന്നേറ്റക്കാരൻ എം വിഘ്നേഷിലൂടെ രണ്ടാംഗോൾ. മധ്യനിരയിൽനിന്നുള്ള ലോങ് പാസ് സ്വീകരിച്ച വിഘ്നേഷ് ഗോളിയെ വെട്ടിച്ച് വലകുലുക്കി. രാജസ്ഥാൻ ഉണരാൻ ശ്രമിച്ചെങ്കിലും വിഘ്നേഷിന്റെ അടുത്ത അടിയിൽ തീർന്നു. മുന്നേറ്റതാരം നരേഷ് ഭാഗ്യനാഥൻകൂടി ഗോൾ വേട്ട തുടങ്ങിയതോടെ പതനം പൂർത്തിയായി.

ഇടവേളയ്ക്കുശേഷവും രാജസ്ഥാന് തിരിച്ചുവരാനായില്ല. ആക്രമിക്കാനാകാതെ തളർന്നപ്പോൾ കേരളം വർധിതവീര്യത്തോടെ മുന്നേറി. ഇരട്ട ഗോളടിച്ച് റിസ്വാൻ അലി ലീഡുയർത്തി. കേരളത്തിന്റെ നിരവധി ഷോട്ടുകൾ ഗോളി തടഞ്ഞിട്ടത് രാജസ്ഥാന് രക്ഷയായി. മൂന്നുതവണമാത്രമാണ് കേരളത്തിന്റെ ക്യാപ്റ്റനായ ഗോളി വി മിഥുൻ പരീക്ഷിക്കപ്പെട്ടത്. കേരളത്തിന്റെ പ്രതിരോധതാരം എം മനോജ്, മധ്യനിരതാരം എം റാഷിദ് എന്നിവർ മഞ്ഞക്കാർഡ് കണ്ടു. രണ്ടാംപകുതിയിൽ ഇടുപ്പിന് പരിക്കേറ്റ മധ്യനിരതാരം പി അജീഷിനെ ആശുപത്രിയിലേക്ക് മാറ്റി. കേരളത്തിന്റെ അടുത്ത കളി ബിഹാറിനെതിരെയാണ്, 29ന് പകൽ 3.30ന്.
ജമ്മു കശ്മീർ രണ്ട് ഗോളിന് ബിഹാറിനെ തോൽപ്പിച്ചു. ഇന്ന് പകൽ 3.30ന് ആന്ധ്രപ്രദേശ് മിസോറമിനെ നേരിടും.



Source link

Facebook Comments Box
error: Content is protected !!