നരയൻ കുമ്പളം കൃഷി എളുപ്പം

Spread the love
ഏറെ ഔഷധസിദ്ധികളുള്ള പച്ചക്കറിയാണ് നരയൻ കുമ്പളം. പോഷകസമ്പന്നവുമാണ്.വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ചുവയ്‌ക്കാമെന്ന ഗുണവുമുണ്ട്.

മണ്ണും കാലാവസ്ഥയും

നീർവാർച്ചയുള്ള എല്ലാത്തരം മണ്ണിലും  വിജയകരമായി കൃഷിചെയ്യാം. 25–– 35 ഡിഗ്രി സെൽഷ്യസ് താപനിലയാണ്‌ വളർച്ചയ്‌ക്ക്‌ അനുയോജ്യം. പ്രധാന ഇനങ്ങൾ കെഎയു ലോക്കൽ, ഇന്ദു, താര എന്നിവയാണ് നമ്മുടെ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യം. ഇതിനു പുറമെ തമിഴ്നാട് കാർഷിക സർവകലാശാല കോയമ്പത്തൂർ പുറത്തിറക്കിയ കോ- 1, കോ- 2 എന്നീ ഇനങ്ങളും ആന്ധ്രപ്രദേശ് കാർഷിക സർവകലാശാല ഹൈദരാബാദ് പുറത്തിറക്കിയ എപിഎയു ശക്തി എന്നീ ഇനങ്ങളും ഉൽപ്പാദനക്ഷമത കൂടിയവയാണ്.

ഇതിൽ കെഎയു ലോക്കലിന്‌  നീണ്ടുരണ്ട കായ്കളാണ്‌ ഉള്ളത്‌. വിളയുമ്പോൾ ചാരനിറമാകും. ഒരു കുമ്പളം പരമാവധി തൂക്കം ആറ് കിലോവരെയെത്തും. ഏക്കറിന് 11.8 ടൺവരെ വിളവ് ലഭിക്കും. മെയ്, സെപ്തംബർ, ജനുവരി മാസങ്ങളിൽ നടുന്നതിന് അനുയോജ്യമാണ്. ഇന്ദു എന്ന ഇനത്തിന് ഏക്കറിൽ ശരാശരി 9.8 ടൺ ഉൽപ്പാദനക്ഷമതയുണ്ട്.  ഇടത്തരം വലുപ്പമുള്ള കായ്കൾ. ശരാശരി നാലു കിലോ ഒരു കായ്ക്ക് തൂക്കം കാണും. മെയ് മുതൽ ജനുവരി വരെയാണ്‌ നടുന്നതിന് അനുയോജ്യം.

നടീൽ

ഏകദേശം നാല് മീറ്റർ അകലത്തിലുള്ള വരികളിൽ രണ്ട് മീറ്റർ  ഇടവിട്ട് കുഴികളെടുത്ത് ജൈവവളവും മേൽമണ്ണും ചേർത്ത് കുഴി മൂടണം. വിത്ത് കൃഷിസ്ഥലത്ത് നേരിട്ട് പാകിയാണ് കൃഷിചെയ്യുന്നത്. ഒരു കുഴിയിൽ നാലോ അഞ്ചോ വിത്ത് പാകാം. മുളച്ച് വരുന്ന നല്ല രണ്ടു തൈകൾ നിലനിർത്തി ബാക്കി പിഴുത് നീക്കാം. പോളിത്തീൻ ബാഗിലോ പ്രോട്രേകളിലോ പാകി മുളപ്പിച്ച തൈകളും നടാൻ ഉപയോഗിക്കാം.വിത്ത് വേഗത്തിൽ മുളയ്ക്കാനായി പാകുന്നതിനുമുമ്പ് 12 മണിക്കൂർവരെ വെള്ളത്തിൽ കുതിർക്കുന്നത് നല്ലതാണ്. പൊതുവെ സെപ്തംബർ,- ഡിസംബർ, ജനുവരി – മാർച്ച് മാസങ്ങളാണ് പ്രധാന നടീൽ കാലങ്ങൾ. ഒരു സെന്റ് കൃഷിക്ക് നാല് ഗ്രാം വിത്ത് വേണം.

വളപ്രയോഗം

ഒരു സെന്റ് സ്ഥലത്തേക്ക് ചാണകമോ കമ്പോസ്റ്റ് വളമോ 80 കിലോ  അടിവളമായി നൽകണം. ഒപ്പം 500 ഗ്രാം എല്ലുപൊടിയും ചേർക്കണം. വള്ളി വീശി തുടങ്ങുമ്പോൾ രണ്ടു കിലോ  കടലപ്പിണ്ണാക്കോ, വേപ്പിൻപിണ്ണാക്കോ നൽകണം. പൂവിട്ട് തുടങ്ങുമ്പോൾ അരക്കിലോ വേപ്പിൻപിണ്ണാക്കോ കടലപ്പിണ്ണാക്കോ നൽകണം. വള്ളി വീശിത്തുടങ്ങുന്ന സമയത്ത് സെന്റിന് 750 ഗ്രാം എന്നതോതിൽ ചാരവും ചേർക്കണം. ഇതിനു പുറമെ ചെടി പൂവിട്ട് തുടങ്ങിയാൽ ഒരു കിലോ പച്ചച്ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയെടുത്ത ലായനി രണ്ടാഴ്ചത്തെ ഇടവേളകളിൽ തളിക്കുന്നത് നല്ല ഫലം ചെയ്യും.

മറ്റു സംരക്ഷണം

വളർച്ചയുടെ ആരംഭഘട്ടത്തിൽ രണ്ടു ദിവസത്തെ ഇടവേളയിലും തുടർന്ന് പൂവിട്ടതിനുശേഷം ദിവസവും ജലസേചനം ചെയ്യണം. നട്ട് ഒരു മാസം കഴിയുമ്പോൾ മുതൽ കളയെടുക്കണം. ആദ്യ മേൽവളപ്രയോഗത്തോടൊപ്പം മണ്ണ് കൂട്ടിക്കൊടുക്കാം. ചെടിക്ക് പടരാനുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണം. വൈറസിനെ പരത്തുന്ന പ്രാണിയെ വേപ്പധിഷ്ഠിത കീടനാശിനി തളിച്ചു നിയന്ത്രിക്കാം. കായീച്ചയെ തടയാൻ ബിവേറിയ എന്ന ജീവാണു നാശിനി 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിക്കണം. തണ്ടും ഇലകളും നശിപ്പിക്കുന്ന  ആമ വണ്ടിനെ വേപ്പധിഷ്ഠിത കീടനാശിനി തളിച്ച്  നിയന്ത്രിക്കാം.

വിളവെടുപ്പ്

ഇനം അനുസരിച്ച് നട്ട് മൂന്നുമുതൽ നാല് മാസത്തിനകം കുമ്പളം വിളവെടുപ്പിനാകും. ഉടനെ പാകം ചെയ്തുപയോഗിക്കാനാണെങ്കിൽ ഇളംപ്രായത്തിൽ വിളവെടുക്കാം. കായ്കൾ സൂക്ഷിച്ചുവച്ച്‌ ഉപയോഗിക്കാനാണെങ്കിൽ നന്നായി വിളഞ്ഞ് വേണം വിളവെടുപ്പ് നടത്താൻ.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!