‘ചാകര’, കണ്ടുപഠിക്കാം എല്‍ഐസിയെ; കീശ നിറച്ച മിന്നും ഓഹരികള്‍, 100 ശതമാനത്തിലേറെ ഉയര്‍ച്ച!

Spread the love


Thank you for reading this post, don't forget to subscribe!

ഇന്ത്യന്‍ ഓഹരി വിപണിയിലെ വിജയമന്ത്രങ്ങളില്‍ ഒന്നാണ് എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍). പുരികം ചുളിക്കാന്‍ വരട്ടെ, പറഞ്ഞുവരുന്നത് എല്‍ഐസിയുടെ നിക്ഷേപതന്ത്രങ്ങളെ കുറിച്ചാണ്.

നടപ്പുവര്‍ഷം ഓഹരി വിപണിയില്‍ നിന്നും ‘ചാകരയാണ്’ എല്‍ഐസിക്ക് ലഭിച്ചത്. ഇക്കുറി എല്‍ഐസിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഏറ്റവും കുറഞ്ഞത് പത്തു സ്റ്റോക്കുകളെങ്കിലും രണ്ടിരട്ടി ലാഭം കാഴ്ച്ചവെച്ചു. യുദ്ധവും വിദേശപണമൊഴുക്കും കോവിഡ് ഭീതിയുമൊക്കെ കൊണ്ട് സംഭവബഹുലമായ 2022 -ല്‍ എല്‍ഐസിയുടെ നിക്ഷേപതീരുമാനങ്ങള്‍ കിറുകൃത്യമായെന്ന് വേണം പറയാന്‍.

ലഭ്യമായ കണക്കുപ്രകാരം കിര്‍ലോസ്‌കര്‍ ഇലക്ട്രിക് കമ്പനിയിലാണ് എല്‍ഐസിക്ക് കോളടിച്ചത്. 2022 ഡിസംബര്‍ 26 വരെയുള്ള ചിത്രത്തില്‍ പ്രസ്തുത കമ്പനിയില്‍ 179 ശതമാനം നേട്ടം കയ്യടക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക കമ്പനിയായ എല്‍ഐസിക്ക് കഴിഞ്ഞു.

2021 ഡിസംബര്‍ 31 -ന് 22.80 രൂപയുണ്ടായിരുന്ന കിര്‍ലോസ്‌കര്‍ ഇലക്ട്രിക് കമ്പനിയുടെ ഓഹരി വില ഒരു വര്‍ഷത്തിനിപ്പുറം 63.50 രൂപയിലാണ് എത്തിനില്‍ക്കുന്നത്. 2022 സെപ്തംബര്‍ 30 -ന് പുറത്തുവിട്ട കണക്കുപ്രകാരം കിര്‍ലോസ്‌കര്‍ ഇലക്ട്രിക് കമ്പനിയില്‍ എല്‍ഐസിക്ക് 1.26 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

Also Read: ഫെഡറല്‍ ബാങ്ക് 168 രൂപയിലേക്ക്; 2023 -ല്‍ ‘രാജയോഗം’ ഈ 6 ഓഹരികള്‍ക്കെന്ന് ഐസിഐസിഐ ഡയറക്ട്

1946 -ലാണ് കിര്‍ലോസ്‌കര്‍ ഇലക്ട്രിക് സ്ഥാപിതമായത്. ഊര്‍ജ്ജം, ഖനനം, ജലസേചനം, കൃഷി, റെയില്‍വേ, റോഡ് ഗതാഗതം, സ്റ്റീല്‍, സിമന്റ്, എണ്ണ-വാതകം എന്നീ സുപ്രധാന വ്യവസായ മേഖലകളിലേക്ക് ആവശ്യമായ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

പിസി ജൂവല്ലറാണ് എല്‍ഐസിയുടെ കീശ നിറച്ച മറ്റൊരു ഓഹരി. നടപ്പുവര്‍ഷം 174 ശതമാനം ഓഹരി വിലവര്‍ധനവ് പിസി ജൂവല്ലര്‍ അറിയിക്കുന്നു. 73.80 രൂപയിലാണ് കമ്പനിയുടെ ഓഹരി വില ഇപ്പോഴുള്ളത്. 2022 സെപ്തംബര്‍ പാദം പ്രകാരം പിസി ജൂവല്ലറില്‍ എല്‍ഐസിക്ക് 1.49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

2022 -ല്‍ പൊതുമേഖലാ ബാങ്കുകളും എല്‍ഐസിയുടെ കയ്യയച്ച് സഹായിച്ചത് കാണാം. യുസിഓ ബാങ്ക്, കര്‍ണാടക ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവര്‍ 100 മുതല്‍ 146 ശതമാനം വരെ ഉയര്‍ച്ചയാണ് നടപ്പുവര്‍ഷം രേഖപ്പെടുത്തുന്നത്.

മികവാര്‍ന്ന സാമ്പത്തിക കണക്കുകള്‍ക്കൊപ്പം ആസ്തി നിലവാരവും ആരോഗ്യകരമായ പ്രോവിഷന്‍ കവറേജ് അനുപാതവും മെച്ചപ്പെട്ടത് ബാങ്കിംഗ് ഓഹരികളുടെ കുതിപ്പിന് കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ വായ്പാ വളര്‍ച്ചയും പൊതുമേഖലാ ബാങ്കുകള്‍ക്ക് തുണയാവുന്നുണ്ട്.

Also Read: ദുബായിൽ നിന്ന് നിയമപരമായി എത്ര അളവിൽ സ്വർണം കൊണ്ടുവരാം; സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാം

ഭാരത് ഡയനാമിക്‌സാണ് എല്‍ഐസിയെ പണക്കാരനാക്കിയ മറ്റൊരു സ്റ്റോക്ക്. നടപ്പുവര്‍ഷം 132 ശതമാനം ഉയര്‍ച്ച ഭാരത് ഡയനാമിക്‌സ് പറഞ്ഞുവെയ്ക്കുന്നു. അദാനി എന്റര്‍പ്രൈസസ് (117 ശതമാനം), സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രീസ് (100 ശതമാനം) ഓഹരികളും എല്‍ഐസി പോര്‍ട്ട്‌ഫോളിയോയിലെ മിന്നുംതാരങ്ങളാണ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Get Latest News alerts.

Allow Notifications

You have already subscribed



Source link

Facebook Comments Box
error: Content is protected !!