റൊണാൾഡോ 
അൽ നാസെറിൽ ; കരാർ 2025 വരെ , 1772 കോടി രൂപ 
വാർഷിക ശമ്പളം

Spread the love



Thank you for reading this post, don't forget to subscribe!


റിയാദ്‌

ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ തട്ടകം ഇനി ഏഷ്യയിൽ. സൗദി അറേബ്യൻ ക്ലബ് അൽ നാസെറിലാണ്‌ റൊണാൾഡോ ചേർന്നത്‌. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പളമാണ്‌ റൊണാൾഡോയ്‌ക്ക്‌ ലഭിക്കുക.ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ക്ലബ് മാഞ്ചസ്‌റ്റർ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞ റൊണാൾഡോ യൂറോപ്പിലെ മറ്റ്‌ ക്ലബ്ബുകളൊന്നും പരിഗണിച്ചില്ല. ഒരു വിവാദ അഭിമുഖത്തിൽ യുണൈറ്റഡിനെ വിമർശിച്ചാണ്‌ മുപ്പത്തേഴുകാരൻ പടിയിറങ്ങിയത്‌.

അൽ നാസെറിൽ ഏകദേശം 1772 കോടി രൂപയാണ്‌ റൊണാൾഡോയുടെ വാർഷിക ശമ്പളം. വ്യത്യസ്‌തമായ ഒരു രാജ്യത്ത്‌ പുതിയൊരു ഫുട്‌ബോൾ ലീഗിൽ കളിക്കുന്നതിന്റെ ആകാംക്ഷയിലാണെന്ന്‌ റൊണാൾഡോ പ്രതികരിച്ചു. ‘യൂറോപ്യൻ ഫുട്‌ബോളിൽ എല്ലാ വിജയവും നേടാനായി. അതിൽ ഭാഗ്യവാനാണ്‌. ഏഷ്യയിൽ എന്റെ പരിചയസമ്പത്ത്‌ നൽകാനുള്ള കൃത്യമായ സമയമാണിത്‌’ –- റൊണാൾഡോ പറഞ്ഞു.

സൗദി പ്രോ ലീഗിൽ ഒമ്പതുതവണ ചാമ്പ്യൻമാരാണ്‌ അൽ നാസെർ. ചരിത്രമെന്നായിരുന്നു ക്ലബ്ബിന്റെ പ്രതികരണം. 2025 വരെയാണ്‌ കരാർ.

ഈ സീസണിൽത്തന്നെ മറ്റൊരു സൗദി ക്ലബ് അൽ ഹിലാലിൻെറ വൻ വാഗ്‌ദാനം റൊണാൾഡോ നിരസിച്ചിരുന്നു. യുണൈറ്റഡിൽ സന്തോഷവാനെന്നായിരുന്നു പ്രതികരണം.

എന്നാൽ കഴിഞ്ഞ നവംബറിൽ പിയേഴ്‌സ്‌ മോർഗനുമായുള്ള അഭിമുഖത്തിൽ റൊണാൾഡോ ആഞ്ഞടിച്ചു. പരിശീലകൻ എറിക്‌ ടെൻ ഹാഗിനെ ബഹുമാനിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. കരാർ അവസാനിക്കാൻ ഏഴുമാസംമാത്രം ബാക്കിയുള്ളപ്പോഴായിരുന്നു പോർച്ചുഗൽ താരത്തിന്റെ നീക്കം.

മാഞ്ചസ്‌റ്റർ യുണൈറ്റഡിനായി രണ്ടുഘട്ടങ്ങളിലായി 346 മത്സരങ്ങളിൽ കളിച്ചു. സ്‌പോർട്ടിങ്ങിലായിരുന്നു തുടക്കം. റയൽ മാഡ്രിഡിനുവേണ്ടി മിന്നി. യുവന്റസിനായും കളിച്ചു. ക്ലബ് വിടുന്നതിന്‌ തൊട്ടുമുമ്പ്‌ റൊണാൾഡോയ്‌ക്ക്‌ രണ്ട്‌ ആഭ്യന്തര മത്സരങ്ങളിൽ വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു. എവർട്ടൺ ആരാധകന്റെ ഫോൺ എറിഞ്ഞുതകർത്തതിനാണ്‌ ശിക്ഷ. യൂറോപ്പിലോ പുറത്തോ ഏത്‌ ക്ലബ്ബിലായാലും വിലക്ക്‌ അനുഭവിക്കണം. പോർച്ചുഗലിനായി ലോകകപ്പിൽ കളിച്ചശേഷമാണ്‌ റൊണാൾഡോ തിരിച്ചെത്തിയത്‌.

ഘാനയ്‌ക്കെതിരായ ആദ്യകളിയിൽ ഗോളടിച്ച്‌ അഞ്ച്‌ ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന ബഹുമതിയും സ്വന്തമാക്കി. എന്നാൽ, ഖത്തർ ലോകകപ്പിൽ സുഖമുള്ള ഓർമകളില്ല റൊണാൾഡോയ്‌ക്ക്‌. പരിശീലകൻ ഫെർണാണ്ടോ സാന്റോസ്‌ രണ്ട്‌ മത്സരങ്ങളിൽ ആദ്യ 11ൽ ഉൾപ്പെടുത്തിയില്ല.

കാമറൂൺ താരം വിൻസെന്റ്‌ അബൂബക്കർ, ബ്രസീൽ താരം ലൂയിസ്‌ ഗുസ്‌താവോ, കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ്‌ ഒസ്‌പിന തുടങ്ങിയ കളിക്കാർ അൽ നാസെറിലാണ്‌ കളിക്കുന്നത്‌.

21ന് കളത്തിലിറങ്ങും

അൽ നാസെർ ക്ലബ്ബുമായി കരാർ ഒപ്പുവച്ച പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തയാഴ്ച സൗദിയിൽ എത്തും. ജനുവരി 21ന് റിയാദ് മർസൂൽ പാർക്ക് സ്‌റ്റേഡിയത്തിൽ അൽ ഇത്തിഫാഖ് ക്ലബ്ബിനെതിരെ നടക്കുന്ന മത്സരത്തിൽ ആദ്യമായി ബൂട്ടണിയും. ഈ ആഴ്‌ച മർസൂൽ പാർക്ക് സ്‌റ്റേഡിയത്തിൽ റൊണാൾഡോയെ ആരാധകർക്കുമുന്നിൽ പരിചയപ്പെടുത്താൻ വമ്പിച്ച ചടങ്ങ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്. കരാർ ഒപ്പിട്ടതായി വെള്ളി രാത്രിയാണ്     ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ക്ലബ്ബിന്റെ ഏഴാംനമ്പർ ജേഴ്‌സിയാണ് താരം അണിയുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

റൊണാൾഡോയുമായി കരാർ ഒപ്പിട്ടെന്ന ക്ലബ്ബിന്റെ ട്വീറ്റ് വൻ തരംഗമായി. ഒരുമണിക്കൂറിനിടെ രണ്ടുകോടിയിലേറെപ്പേർ ട്വീറ്റ് വീക്ഷിച്ചു. ഒരുമണിക്കൂറിൽ 1.80 ലക്ഷത്തിലേറെ ലൈക്കും 75,000 കമന്റുകളും 83,000 റീട്വീറ്റുകളും ലഭിച്ചു. ട്വിറ്ററിൽ അൽ-നാസെറിനെ പിന്തുടരുന്നവരുടെ എണ്ണം 24 മണിക്കൂറിനിടെ 8.34 ലക്ഷത്തിൽനിന്ന് 34 ലക്ഷമായി ഉയർന്നു. 24 മണിക്കൂറിനിടെ 25 ലക്ഷം ഉപയോക്താക്കൾ ക്ലബ്ബിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരാൻ തുടങ്ങി.

കരാറിനുശേഷം 2029 അവസാനംവരെ ക്ലബ്ബിന്റെ അംബാസഡറായി റൊണാൾഡോ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!