സംസ്ഥാന സ്‌കൂൾ കലോത്സവം : കോഴിക്കോടൻ മൊഞ്ചോടെ പന്തൽ ഉയർന്നു ; രജിസ്ട്രേഷൻ നാളെ തുടങ്ങും

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട്‌  

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‌ മൊഞ്ചുള്ള വമ്പൻ പന്തലുകൾ തയ്യാർ. പണ്ടുകാലത്തെ ഏഴുനിലയുള്ള ഓലപ്പന്തലുകൾക്കുപകരം പുനരുപയോഗിക്കാവുന്ന ആംഗ്ലർ പന്തലാണ്‌ മുഖ്യവേദിയിൽ ഉൾപ്പെടെ തയ്യാറായത്‌. മുപ്പത്‌ വർഷത്തിന്‌ ശേഷമാണ്‌ വിക്രം ശെമതാനി പൊതുപരിപാടിക്കായി വിട്ടുനൽകുന്നത്‌. എട്ട്‌ ഏക്കറുള്ള മൈതാനി ടെറിട്ടോറിയൽ ആർമി മദ്രാസ്‌ റെജിമെന്റിന്റെ അധീനതയിലാണ്‌. 

അറുപതിനായിരം ചതുരശ്ര അടിയിൽ വിക്രം മൈതാനിയിലാണ്‌ മുഖ്യവേദിയായ ‘അതിരാണിപ്പാടം’ ഒരുങ്ങിയത്‌. മുപ്പതിനായിരം പേർക്കുവരെ കലോത്സവം ആസ്വദിക്കാവുന്നതാണ്‌ ഒന്നാംവേദി. പതിനായിരം കസേരകളാണ്‌ ഇവിടെ നിരത്തുക. അയ്യായിരം കസേരകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാനാവും വിധം സജ്ജമാക്കും. 40 അടി നീളവും 35 അടി വീതിയുമുള്ളതാണ്‌ സ്‌റ്റേജ്‌. ഉദ്‌ഘാടന, സമാപന സമ്മേളനങ്ങൾ ഈ വേദിയിലാണ്‌. മുഖ്യവേദിക്കതിരെ പോയിന്റ്‌ നില അറിയാവുന്ന കൂറ്റൻ ഡിജിറ്റൽ ബോർഡുമുണ്ടാവും. ഇതിന്‌ അരികിലായി 14 ഗ്രീൻറൂമുകൾ പ്രവർത്തിക്കും. 

ഒടുവിലായി കാഞ്ഞങ്ങാട്ട്‌ നടന്ന സ്‌കൂൾ കലോത്സവത്തിലാണ്‌ പുനരുപയോഗിക്കാവുന്ന സാമഗ്രികൾ ഉപയോഗിച്ചുള്ള പന്തൽ നിലവിൽ വന്നത്‌.  ടിൻഷീറ്റിലാണ്‌ മേൽക്കൂര. ഇരുമ്പുപൈപ്പിലാണ്‌ തൂണുകൾ. തുറന്ന പന്തലായതിനാൽ ചൂട്‌ പരമാവധി കുറയും.  മൈതാനിയിലെ ചതുപ്പുള്ളിടമെല്ലാം മണലിട്ട്‌ ബലപ്പെടുത്തി. 

വിക്രം മൈതാനി, സാമൂതിരി ഹയർസെക്കൻഡറി, സാമൂതിരി സ്‌കൂൾ ഫുട്‌ബോൾ മൈതാനം, ഗണപത്‌, അച്യുതൻ ഗേൾസ്‌, സെന്റ്‌ വിൻസെന്റ്‌ സ്‌കൂൾ, സെന്റ്‌ ജോസഫ്‌സ്‌ എന്നിവിടങ്ങളിലായി ഏഴ്‌ പന്തലുകളാണ്‌ നിർമിച്ചത്‌. 160 തൊഴിലാളികൾ 12 ദിവസം രാപകൽ പണിയെടുത്താണ്‌ പന്തലൊരുക്കിയത്‌.  എം കെ മുനീർ എംഎൽഎ ചെയർമാനും കരീം പടുകുണ്ടിൽ കൺവീനറുമായുള്ള പന്തൽ കമ്മിറ്റിയാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. പന്തൽ ഞായറാഴ്‌ച പകൽ പത്തിന്‌ കലോത്സവ സംഘാടകസമിതിക്ക്‌ കൈമാറും.

രജിസ്ട്രേഷൻ നാളെ തുടങ്ങും

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരാർഥികളുടെ രജിസ്ട്രേഷൻ തിങ്കളാഴ്‌ച ആരംഭിക്കും. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പകൽ 11ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. എല്ലാ ജില്ലകളിലെയും മത്സരാർഥികൾ ഇവിടെയാണ്‌ രജിസ്‌റ്റർ ചെയ്യേണ്ടത്‌. ഓരോ ജില്ലക്കും ഒരു കൗണ്ടർ വീതമുണ്ടാവും. എല്ലാ കൗണ്ടറിലും അഞ്ചുവീതം വളന്റിയർമാർ ഉണ്ടാകും.  രണ്ടിന്‌ വൈകിട്ട്‌ ആറുവരെ കൗണ്ടർ പ്രവർത്തിക്കും. മൂന്നിന്‌ രാവിലെ പത്തുമുതൽ ആറുവരെയും  സൗകര്യമുണ്ട്‌. രണ്ടുദിവസങ്ങളിലായി രജിസ്ട്രേഷൻ  പൂർത്തിയാകും. 

റെയിൽവേ സ്‌റ്റേഷൻ, കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡ്‌, പുതിയ ബസ്‌സ്‌റ്റാൻഡ്‌ എന്നിവങ്ങളിൽനിന്ന്‌ രജിസ്‌ട്രേഷൻ സെന്ററുകളിൽ എത്തിക്കുന്നതിന്‌ 30 കലോത്സവ വണ്ടികളുടെ സൗജന്യസേവനം ലഭിക്കും. രജിസ്‌ട്രേഷൻ പൂർത്തിയാക്കി താമസസ്ഥലത്ത്‌ എത്തുന്നതിനും ഈ വണ്ടികളുടെ സേവനം ഉണ്ടാകും. 

അപ്പീലിലൂടെ മത്സരത്തിനെത്തുന്നവർക്ക്‌ മാനാഞ്ചിറ ബിഇഎം സ്‌കൂളിലാണ്‌ രജിസ്ട്രേഷൻ. ലിന്റോ ജോസഫ്‌ എംഎൽഎ ചെയർമാനും കെ അനിൽ കുമാർ കൺവീനറുമായ സബ്‌കമ്മിറ്റിക്കാണ്‌ രജിസ്‌ട്രേഷൻ ചുമതല.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!