130 പോയിന്റ് നേട്ടവുമായാണ് ഇന്നു നിഫ്റ്റി സൂചിക വ്യാപാരം പുനരാരംഭിച്ചത്. ഓപ്പണിങ് നിലവാരത്തില്‍ തന്നെ ചൊവ്വാഴ്ചത്തെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി സൂചിക മുന്നേറുകയായിരുന്നു. നിര്‍ണായകമായ 17,500 നിലവാരം ഭേദിച്ച് 17,528-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. എങ്കിലും 17,500-ന് മുകളില്‍ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. എന്നിരുന്നാലും പുതിയ താഴ്ചയിലേക്ക് വീണതുമില്ല. ബാങ്കിംഗ് ഓഹരികളിലെ മുന്നേറ്റമാണ് പ്രധാന സൂചികകളെ തുണച്ചത്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) ഇന്നു ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,176 ഓഹരികളില്‍ 1,230 എണ്ണവും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ബാക്കിയുള്ളവയില്‍ 595 ഓഹരികള്‍ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.86-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.83 നിലവാരത്തിലായിരുന്നു. എഡി റേഷ്യോ പോസിറ്റീവ് നിരക്കിലേക്ക് എത്തിയത് വിപണിയില്‍ ബുള്ളുകള്‍ നേടുന്ന മേധാവിത്തം സൂചിപ്പിക്കുന്നു.
അതേസമയം എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 1.16 ശതമാനവും സ്മോള്‍ കാപ്-100 സൂചികയില്‍ 0.75 ശതമാനം നേട്ടവും രേഖപ്പെടുത്തി. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ 44 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചപ്പോള്‍ 42 ഓഹരികള്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. സമാനമായി 71 ഓഹരികള്‍ ഉയര്‍ന്ന നിക്ഷേപ താത്പര്യം കാരണം അപ്പര്‍ സര്‍ക്യൂട്ടിലും 35 ഓഹരികള്‍ ശക്തമായ വില്‍പന സമ്മര്‍ദത്തെ തുടര്‍ന്ന് ലോവര്‍ സര്‍ക്യൂട്ട് നിലവാരത്തിലുമാണ് ഇന്നു ക്ലോസ് ചെയ്തത്.
അതുപോലെ വിശാല വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ ചൊവ്വാഴ്ച 6 ശതമാനം തിരുത്തല്‍ നേരിട്ട് 17.34-ലേക്ക് താഴ്ന്നു. വിക്‌സ് നിരക്കുകള്‍ ക്രമേണ താഴ്ന്നു വരുന്നത് വിപണിക്ക് ഗുണകരമാണ്. അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും നേട്ടം കരസ്ഥമാക്കിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 4 ശതമാനത്തോളം മുന്നേറിയ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയാണ് നേട്ടക്കണക്കില്‍ ഒന്നാമതെത്തിയത്.
നിഫ്റ്റി മീഡിയ 2.22 ശതമാനവും നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി റിയാല്‍റ്റി തുടങ്ങിയ സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടവും കുറിച്ചു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓയില്‍ & ഗ്യാസ് സൂചികള്‍ 1 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി.
അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 40 എണ്ണം മുന്നേറ്റത്തോടെയും 10 ഓഹരികള്‍ നഷ്ടത്തോടെയും ചൊവ്വാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി.
നേട്ടം-: എസ്ബിഐ 3.45 %, അദാനി പോര്‍ട്ട്‌സ് 3.13 %, ഐഷര്‍ മോട്ടോര്‍സ് 3.05 %, ഐടിസി 2.59 %, എസ്ബിഐ ലൈഫ് 2.54 %, നെസ്ലെ ഇന്ത്യ 2.40 % വീതവും മുന്നേറ്റം കൈവരിച്ചു.
നഷ്ടം-: എന്‍ടിപിസി -0.86 %, എച്ച്ഡിഎഫ്‌സി -0.61 %, ബ്രിട്ടാണിയ -0.53 %, സണ്‍ ഫാര്‍മ -0.53 %, ടെക് മഹീന്ദ്ര -0.28 % വീതവും നഷ്ടം രേഖപ്പെടുത്തി.