മഹിളാ അസോസിയേഷൻ പതിമൂന്നാം അഖിലേന്ത്യാ സമ്മേളനത്തിന് കൊടിയേറി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പതിമൂന്നാം അഖിലേന്ത്യാ സമ്മേളനത്തിന് കൊടിയേറി. മല്ലു സ്വരാജ്യം നഗറിൽ (പുത്തരിക്കണ്ടം മൈതാനം) സംഘാടക സമിതി ചെയർപേഴ്‌സണും എഐഡിഡബ്ല്യുഎ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ പി കെ ശ്രീമതി സമ്മേളനത്തിന്റെ പതാക ഉയർത്തി.

രാജ്യത്ത് നടക്കുന്ന സ്‌ത്രീ പ്രശ്‌നങ്ങളിലും പൊതുവിഷയങ്ങളിലും സജീവമായ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരുന്ന സംഘടനയുടെ പതിമൂന്നാം അഖിലേന്ത്യാ സമ്മേളനം ചരിത്രപരമായ ഒരു ഘട്ടത്തിലാണ് നടക്കുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനം വിജയകരമാക്കുന്നതിനായി സംഘടനയും നേതാക്കളും ഒന്നാകെ ഉണർന്നു പ്രവർത്തിച്ചിട്ടുണ്ട്. കാലികവും പ്രസക്തവുമായ വിഷയങ്ങളായിരിക്കും വരും ദിവസങ്ങളിൽ സമ്മേളനം ചർച്ച ചെയ്യുക എന്നും പി കെ ശ്രീമതി പറഞ്ഞു.

മഹിളാ പ്രവർത്തകർ പങ്കെടുത്ത ദീപശിഖ ജാഥ, കൊടിമര ജാഥ, പതാക ജാഥ എന്നിവ വൈകിട്ട് മൂന്ന് മണി മുതൽ നടന്നു. കരമന എസ് ശാരദാമ്മ സ്മാരകത്തിൽ ആരംഭിച്ച പതാക ജാഥ എഐഡിഡബ്ല്യുഎ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്‌തു. എം ജീ മീനാംബിക ജാഥ നയിച്ചു. സഖാവ് അമ്മു രക്തസാക്ഷി സ്‌മാരകം, വാഴമുട്ടത്ത് നിന്ന് ആരംഭിച്ച ദീപശിഖ ജാഥ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി സതീദേവി ഉദ്ഘാടനം ചെയ്‌തു. എസ് പുഷ്പലത ജാഥ നയിച്ചു.

മെഡിക്കൽ കോളേജിലെ സഖാവ് ദേവകി വാര്യർ സ്മാരകത്തിൽ നിന്ന് ആരംഭിച്ച കൊടിമര ജാഥ എഐഡിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. വി അമ്പിളി ജാഥ നയിച്ചു. മൂന്ന് ജാഥകളും മല്ലു സ്വരാജ്യം നഗറിൽ (പുത്തരിക്കണ്ടം മൈതാനം) സമാപിച്ചു. പതാക അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എൻ സീമ ഏറ്റുവാങ്ങി. ദീപശിഖ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഏറ്റുവാങ്ങി. കൊടിമരം അസോസിയേഷൻ അഖിലേന്ത്യ അസിസ്റ്റന്റ് സെക്രട്ടറി എൻ സുകന്യ ഏറ്റുവാങ്ങി. തുടർന്നാണ് സമ്മേളനത്തിന്റെ പതാക ഉയർത്തിയത്.

പതാക ഉയർത്തൽ ചടങ്ങിൽ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി മരിയം ധാവ്‌ളെ, പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, കേന്ദ്ര കമ്മിറ്റി അംഗം സുഭാഷിണി അലി, അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ സൈനബ, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ പി സുമതി, പുഷ്‌പാദാസ്, വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ, വി ജോയി തുടങ്ങിയവർ പങ്കെടുത്തു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!