ആഭിചാരക്കൊല: രണ്ടാംകുറ്റപത്രം ഈയാഴ്‌ച

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി
പത്തനംതിട്ട ഇലന്തൂർ ആഭിചാരക്കൊലയിൽ രണ്ടാംകുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും. കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രമാണ് പെരുമ്പാവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നാലിൽ കാലടി പൊലീസ് സമർപ്പിക്കുക. തമിഴ്നാട് സ്വദേശി പത്മയുടെ കൊലപാതക കേസിന്റെ കുറ്റപത്രം എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എട്ടിൽ കൊച്ചി സിറ്റി പൊലീസ് ശനിയാഴ്ച സമർപ്പിച്ചിരുന്നു.

പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി ഒന്നാംപ്രതിയും ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70) രണ്ടാംപ്രതിയും ഭാര്യ ലൈല (61) മൂന്നാംപ്രതിയുമാണ്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമർപ്പിക്കാനൊരുങ്ങുന്നത്. കൊല​പാ​ത​കം, ത​ട്ടി​ക്കൊണ്ടു​പോ​ക​ൽ, ഗൂഢാ​ലോ​ച​ന, മൃ​ത​ദേഹത്തോ​ട് അനാദ​ര​വ് കാ​ണി​ക്ക​ൽ, മോഷണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും സാ​ഹ​ച​ര്യ​ തെ​ളി​വു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ കു​റ്റ​പ​ത്രം. നൂറിലധികം സാക്ഷികൾ ഉണ്ടെന്നാണ് സൂചന. പത്മയുടേതുപോലെ റോസിലിയുടെ ജനനേന്ദ്രിയത്തിലും ഷാഫി മുറിവേൽപ്പിച്ചിരുന്നു. ജീവനോടെയായിരുന്നു ഈ ക്രൂരതയെന്നും കുറ്റപത്രത്തിലുണ്ട്.

മനുഷ്യമാംസം വിൽക്കുന്നവരുമായി ഷാഫിക്ക് ബന്ധം?

മനുഷ്യമാംസം വിൽക്കുന്നവരുമായി മുഹമ്മദ് ഷാഫിക്ക് ബന്ധമുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന. മനുഷ്യമാംസം വിറ്റാൽ 20 ലക്ഷം രൂപവരെ കിട്ടുമെന്ന് ഷാഫി ഭഗവൽസിങ്ങിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നു. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വിലകിട്ടുമെന്നും വിശ്വസിപ്പിച്ചു. ഇതിനായാണ് മൃതദേഹം കഷണങ്ങളാക്കി 10 കിലോഗ്രാം ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്ന് പൊലീസ് സംശയിച്ചിരുന്നു. രണ്ട് സ്ത്രീകളുടെയും ആന്തരികാവയവങ്ങളും മറ്റു ചില ശരീരഭാഗങ്ങളുമാണ് സൂക്ഷിച്ചത്. മാംസം വാങ്ങാൻ ആളുവരില്ലെന്നുപറഞ്ഞ് പിന്നീട് ഷാഫി ഇത് കുഴിച്ചിട്ടു.

റോസിലിയുടെ അസ്ഥികൂടമാണ് ഇലന്തൂരിലെ പുരയിടത്തിൽനിന്ന് ലഭിച്ചത്. ഡിഎൻഎ പരിശോധനയിലൂടെ ഇത് റോസിലിയുടേതാണെന്ന് വ്യക്തമായി. 2022 ജൂൺ എട്ടിനാണ് റോസിലിയെ കാണാതായത്.



Source link

Facebook Comments Box
error: Content is protected !!