ലീഗ്‌ പ്രവർത്തകന്റെ കൊലപാതകം: കോൺഗ്രസുകാരനായ ഒന്നാം പ്രതി വിദേശത്ത്‌ പിടിയിൽ

Spread the love



Thank you for reading this post, don't forget to subscribe!

പൊന്നാനി> മുസ്ലിംലീഗ്‌ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടശേഷം ജാമ്യത്തിൽ ഇറങ്ങി രാജ്യംവിട്ട കോൺഗ്രസ്‌ പ്രവർത്തകൻ 22 വർഷത്തിനുശേഷം മറ്റൊരു കേസിൽ അജ്‌മാനിൽ പിടിയിലായതായി വിവരം. പാലപ്പെട്ടി തെക്കേപ്പുറത്ത്‌ പരേതനായ മുഹമ്മദിന്റെ മകൻ അബ്‌ദുൾ കരീം (26) കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഐരൂർ പാലപ്പെട്ടി മരക്കാരകത്ത്‌ അക്‌ബർ ആണ്‌ പിടിയിലായത്‌. ഇയാളെ നാട്ടിലെത്തിച്ച്‌ ശിക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊല്ലപ്പെട്ട കരീമിന്റെ ബന്ധുക്കൾ പെരുമ്പടപ്പ്‌ പൊലീസിൽ പരാതി നൽകി. 

പ്രതികൾ കോൺഗ്രസുകാർ

2000 മാർച്ച്‌ 19നാണ് മുസ്ലിംലീഗ്‌ പ്രവർത്തകനായ അബ്ദുൾ കരീമിനെ ഒരുസംഘം കോൺഗ്രസുകാർ കൊലപ്പെടുത്തിയത്‌. പാലപ്പെട്ടി ആശുപത്രിക്ക്‌ സമീപത്തെ ബീച്ച്‌ റോഡിൽവച്ച്‌ കാറിലെത്തിയ സംഘം കരീമിനെ വെട്ടിക്കൊല്ലുകയായിരുന്നു. അടുത്ത ദിവസം നടക്കേണ്ടിയിരുന്ന സഹോദരിയുടെ വിവാഹനിശ്‌ചയത്തിന്‌ കാർ വിളിക്കാൻ സുഹൃത്തായ ഗഫൂറിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു ആക്രമണം. കൊലപാതകത്തിനുശേഷം സ്ഥലംവിട്ട പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ്‌ പിടികൂടിയിരുന്നു.  

ശിക്ഷിക്കപ്പെട്ടശേഷം മുങ്ങി

പ്രദേശത്തെ കോൺഗ്രസ്‌–- മുസ്ലിംലീഗ്‌ സംഘർഷമായിരുന്നു കൊലപാതകത്തിനു കാരണം. പാലപ്പെട്ടിയിൽ കോൺഗ്രസിൽനിന്ന്‌ രാജിവച്ച് ചിലർ ലീഗിൽ ചേർന്നിരുന്നു. ഇതേ തുടർന്നാണ് സംഘർഷം തുടങ്ങിയത്. ഇതിനിടയിൽ വീണ്ടും കോൺഗ്രസ് പ്രവർത്തകൻ ലീഗിൽ ചേർന്നതോടെ ലീഗ്–- കോൺഗ്രസ് ബന്ധം വഷളാവുകയും പലതവണ സംഘർഷമുണ്ടാവുകയുംചെയ്‌തു. അക്കാലത്ത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരു പാർടികളും വെവ്വേറെയാണ് മത്സരിച്ചതും. കേസിൽ പ്രതികളെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. അപ്പീൽ നൽകാൻ ജാമ്യമെടുത്തപ്പോഴാണ്‌ അക്‌ബർ മുങ്ങിയത്‌. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ എങ്ങനെ രാജ്യംവിട്ടു എന്നത്‌ ദുരൂഹമാണ്‌. 

അക്‌ബറിനെതിരെ രണ്ടു കേസുകളാണ്‌ മദീന പൊലീസ്‌ ചാർജ്‌ചെയ്‌തത്‌ എന്നാണ്‌ വിവരം. ഇയാളെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ്‌ കരീമിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!