നടിയുടെ കരിയറിലെ തന്നെ മികച്ച പ്രകടനം ആണിതെന്നാണ് നിരൂപകരും പറയുന്നത്. തൃഷയ്ക്ക് പുറമെ ഐശ്വര്യ റായ്, വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വൻ താരനിര ആണ് സിനിമയിൽ അണിനിരന്നത്.
വിണ്ണെെതാണ്ടി വരുവായ, കൊടി, 96 എന്നീ സിനിമകൾക്ക് ശേഷമാണ് തമിഴകത്ത് വലിയ തോതിൽ ശ്രദ്ധ നേടിയ പൊന്നിയിൻ സെൽവനും തൃഷയുടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. കരിയർ ഗ്രാഫിൽ വലിയ കുതിച്ചു ചാട്ടം തൃഷയ്ക്ക് ഈ സിനിമയിലൂടെ സംഭവിച്ചു.
ഇപ്പോഴിതാ തെലുങ്കിലെ സൂപ്പർ സ്റ്റാറുകളും തൃഷയെ നായിക ആക്കാൻ ശ്രമിക്കുകയാണ്. നടൻ നന്ദമുറി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ സിനിമയായ എൻബികെ 108 ലേക്ക് തൃഷയെയും നായികയായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സിനിമയിൽ നായികയാവണമെങ്കിൽ ഒരു കോടി രൂപ പ്രതിഫലം വേണമെന്ന് നടി ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. ബാലയ്യയുടെ അഖണ്ഡ എന്ന സിനിമ വലിയ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷമാണ് പുതിയ സിനിമ വരുന്നത്. അനിൽ രവിപുഡി ആണ് സിനിമയുടെ സംവിധായകൻ. നായികയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
നേരത്തെ തെലുങ്കിലെ മറ്റൊരു സൂപ്പർ സ്റ്റാർ ആയ ചിരഞ്ജീവിയുടെ സിനിമ തൃഷ വേണ്ടെന്ന് വെച്ചിരുന്നു. ആചാര്യ എന്ന സിനിമയിൽ നിന്നാണ് നടി പിൻമാറിയത്. ആചാര്യ വലിയ പരാജയവും ആയി. തെലുങ്കിൽ പഴയത് പോലെ സജീവമായി തൃഷ സിനിമകൾ ചെയ്യുന്നില്ല. ബാലയ്യയുടെ സിനിമയിലൂടെ നടി വീണ്ടും തെലുങ്ക് പ്രേക്ഷകർക്ക് മുന്നിലെത്താൻ സാധ്യതയുണ്ട്.
ആന്ധ്രയിലും തെലങ്കാനയിലും വലിയ ആരാധക വൃന്ദമുള്ള നടനാണ് ബാലയ്യ എന്ന നന്ദമുറി ബാലകൃഷ്ണൻ. നിർമാതാവും നടനുമായ ബാലയ്യ രാഷ്ട്രത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 40 വർഷത്തിലേറെ ആയി തെലുങ്ക് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടൻ 100 ലേറെ സിനിമകളിൽ നായകനായെത്തി. ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും പുറത്ത് വലിയ തോതിൽ ട്രോളുകൾ വാരിക്കൂട്ടുന്ന നടനും ബാലയ്യയാണ്.
കേരളത്തിലെ സോഷ്യൽ മീഡിയയിൽ ബാലയ്യ ഇടയ്ക്കിടെ ചർച്ച ആവാറുണ്ട്. മുമ്പൊരിക്കൽ അങ്കിൾ എന്ന് വിളിച്ചതിന് നടൻ ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 62 കാരനായ നടനെ അങ്കിൾ എന്ന് വിളിച്ചാൽ എന്താണ് കുഴപ്പമെന്നും സോഷ്യൽ മീഡിയയിൽ ചോദ്യം വന്നിരുന്നു.