അനധികൃത ബോർഡുകൾ നീക്കാൻ പ്രാദേശികസമിതികൾ വേണം : ഹൈക്കോടതി

Spread the love



Thank you for reading this post, don't forget to subscribe!


കൊച്ചി

പൊതുവഴികളിലും പാതയോരങ്ങളിലുമുള്ള അനധികൃത കൊടിതോരണങ്ങളും ബാനറുകളും ബോർഡുകളും നീക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്കുകീഴിൽ പ്രാദേശികമായി പ്രാഥമികസമിതികൾക്ക് രൂപംനൽകണമെന്നും ജില്ലാതലത്തിൽ  നിരീക്ഷണസമിതികൾ ഉണ്ടാക്കണമെന്നും ഹൈക്കോടതി. പ്രാദേശികസമിതികൾക്ക്‌ ഏഴുദിവസത്തിനകം രൂപംനൽകണം. പാതയോരങ്ങളിൽ കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ഉത്തരവ്‌.

തദ്ദേശഭരണസ്ഥാപനത്തിലെ സെക്രട്ടറി, സ്റ്റേഷൻ ഹൗസ് ഓഫീസർ, ദേശീയപാത അതോറിറ്റി പ്രതിനിധി, പൊതുമരാമത്ത് എൻജിനിയർ എന്നിവരാണ് പ്രാദേശികസമിതിയിലെ അംഗങ്ങൾ. അനധികൃത ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കലും സ്ഥാപിച്ചവർക്കെതിരെ കേസെടുക്കലുമാണ്  സമിതിയുടെ ചുമതല. ഇവ സ്ഥാപിക്കുന്ന പരസ്യ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുകയും വ്യക്തികൾക്കെതിരെ കേസെടുക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജില്ലാ ജോയിന്റ് ഡയറക്ടർ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ, ജില്ലാ പൊലീസ് മേധാവി, ദേശീയപാത അതോറിറ്റി പ്രോജക്ട് എൻജിനിയർ എന്നിവരാണ് ജില്ലാ സമിതി അംഗങ്ങൾ. പ്രാഥമികസമിതികളുടെ മേൽനോട്ടമാണ് ജില്ലാ സമിതികൾക്കുള്ളത്. സ്വീകരിച്ച നടപടികൾ പ്രാദേശികസമിതി,  ജില്ലാ സമിതിക്ക് റിപ്പോർട്ട് നൽകണം. നിലവിൽ കണ്ടെത്തിയിട്ടുള്ള അനധികൃത കൊടിതോരണങ്ങളും ബാനറുകളും നീക്കാൻ സമിതിയുണ്ടാകുംവരെ കാത്തുനിൽക്കേണ്ടതില്ല. ഉത്തരവ് നടപ്പാക്കിയശേഷം തദ്ദേശഭരണ സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. നവംബർ 15ന്‌ ഹർജികൾ വീണ്ടും പരിഗണിക്കും. 

ആലുവയിലും കളമശേരിയിലും റോഡരികിൽ സ്ഥാപിച്ച കൊടികളും ബോർഡുകളും നീക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് വിലയിരുത്തി സെക്രട്ടറിമാരോട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. രാഷ്‌ട്രീയസമ്മർദം ഉൾപ്പെടെയുള്ളതിനാലാണ്‌ ഇവ നീക്കാനാകാത്തതെന്ന്‌ നഗരസഭാ സെക്രട്ടറിമാരായ ഷാഫിയും (ആലുവ) ജയകുമാറും (കളമശേരി) കോടതിയെ അറിയിച്ചു. വ്യാഴാഴ്‌ചതന്നെ നീക്കുമെന്ന്‌ ഇവർ കോടതിയെ അറിയിച്ചു.  

രാഷ്ട്രീയ ഇടപെടലില്ലാതെ ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യം നൽകിയാൽ, ഒരാഴ്‌ചയ്‌ക്കകം കേരളത്തിലെ അനധികൃത കൊടിതോരണങ്ങളും ബാനറുകളും നീക്കംചെയ്യാനാകുമെന്ന്‌ കോടതി പരാമർശിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!