പടയപ്പയും ചക്കക്കൊമ്പനും നാട്ടിലിറങ്ങാറുണ്ടെങ്കിലും ഇത്രത്തോളം ആക്രമണ സ്വഭാവം കാണിക്കാറുണ്ടായിരുന്നില്ല. നിലവില്‍ ഈ രണ്ട് ആനകളും വനപാലകരുടെ നിരീക്ഷണത്തിലാണ്. അതിനിടെ കാട്ടാനകളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിവല്‍ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ രാത്രികാല സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ വന്യജീവികളുടെ സൈ്വര്യജീവിതം തടസപ്പെടുത്തുന്നതായും പരാതിയുണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ ആണ് രാത്രി കാല സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആനച്ചാല്‍, ചെങ്കുളം, പോതമേട്, ലക്ഷ്മി, മൂന്നാര്‍ എസ്റ്റേറ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി വാഹനങ്ങള്‍ വിനോദസഞ്ചാരികളുമായി നൈറ്റ് സവാരിക്കും നൈറ്റ് ട്രക്കിംഗിനുമായി മൂന്നാറില്‍ എത്താറുണ്ട്. ഇതിനാണ് സര്‍വകക്ഷി യോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായിരിക്കുന്നത്.
നൈറ്റ് സവാരിക്കും നൈറ്റ് ട്രക്കിംങ്ങിനുമായി എത്തുന്ന വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിന് പൊലീസിനും വനപാലകര്‍ക്കും ആണ് ചുമതല. ഇത് സംബന്ധിച്ച നിര്‍ദേശം ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ പൊലീസിനും വനപാലകര്‍ക്കും നല്‍കിയിട്ടുണ്ട്. രാത്രി 8 മുതല്‍ രാവിലെ 6 വരെ ആണ് രാത്രി കാല സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നാണ് കളക്ടര്‍ അറിയിക്കുന്നത്.
ആനയടക്കമുള്ള വന്യജീവികള്‍ കാട് വിട്ട് നാട്ടിലിറങ്ങി ഭീതി സൃഷ്ടിക്കുന്നതിന് പിന്നില്‍ വിനോദസഞ്ചാരികളുടെ അനിയന്ത്രിതമായ ഇടപെടല്‍ ആണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ട്രെക്കിംഗിന് എത്തുന്ന സഞ്ചാരികള്‍ കാട്ടിലെത്തി വന്യമ്യഗങ്ങളെ ശല്യപ്പെടുത്തുന്നത് മൂലമാണ് ഇവ ജനവാസമേഖലയില്‍ ഇറങ്ങാന്‍ കാരണം എന്നാണ് വനം വകുപ്പ് പറയുന്നത്.