ബിജെപിയുടെ ‘പാലംവലി’; അകത്തേത്തറ 
മേൽപ്പാലം പണി ഇഴയുന്നു

Spread the love



Thank you for reading this post, don't forget to subscribe!

മലമ്പുഴ > ജനങ്ങളുടെ ദീർഘകാല സ്വപ്‌നമായ അകത്തേത്തറ-നടക്കാവ്‌ റെയിൽവേ മേൽപ്പാലം നിർമാണം വൈകിപ്പിക്കുന്നതായി പരാതി. ബിജെപിയുടെ ഇടപെടലിൽ റെയിൽവേയാണ്‌ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ്‌ പണി നീട്ടുന്നത്‌. എംപി ഇടപെടേണ്ട വിഷയമായിട്ടും ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായി. സംസ്ഥാന സർക്കാർ കിഫ്‌ബി ഫണ്ടിൽനിന്നാണ്‌ തുക അനുവദിച്ചത്‌. സംസ്ഥാനം ചെയ്തുതീർക്കേണ്ട പണി പൂർത്തിയാക്കി. റെയിൽവേ ചെയ്യേണ്ട പണി ഇതുവരെ തുടങ്ങിയിട്ടില്ല.

 

സംസ്ഥാന സർക്കാരിന്റെ ചരിത്രത്തിലാദ്യമായാണ്‌ പാലം നിർമാണത്തിനാവശ്യമായ 38 കോടി രൂപയും കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ചത്‌. റെയിൽവേയുടെ ഭാഗം നിർമിക്കാനാവശ്യമായ തുക പാലം നിർമാണ സമയത്തുതന്നെ കെട്ടിവച്ചിരുന്നു. എന്നാൽ പാലം യാഥാർഥ്യമാകുമെന്ന ഘട്ടം വന്നപ്പോൾ, ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായവരെ അതിൽനിന്ന് പിന്തിരിപ്പിക്കാനും കേസ് കൊടുപ്പിച്ചും ബിജെപിക്കാർ മുടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതെല്ലാം അതിജീവിച്ച്‌ സംസ്ഥാന സർക്കാർ ചെയ്‌തുതീർക്കേണ്ടവ പൂർത്തിയാക്കി.  ഉടൻ പൂർത്തിയാക്കുമെന്ന ഘട്ടം വന്നപ്പോഴാണ്‌ റെയിൽവേയുടെ ഭാഗത്തുനിന്ന്‌ വീഴ്‌ചവരുത്തുന്നത്‌.

 

ഇതിനെതിരെ ശബ്ദമുയർത്തേണ്ട വി കെ ശ്രീകണ്‌ഠൻ എംപി ഇന്നുവരെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ പദ്ധതിക്കുവേണ്ട മുഴുവൻ തുകയും നീക്കിവച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്ന ഘട്ടത്തിൽ അന്നത്തെ എംഎൽഎ വി എസ് അച്യുതാനന്ദന്‌ ഭൂമി നൽകാനുള്ളവർ സമ്മതപത്രം നൽകി. ഭൂമി വിട്ടുനൽകിയ 34 കുടുംബങ്ങൾക്കും മോഹവില നൽകി ഭൂമി ഏറ്റെടുത്തു. എന്നാൽ പിന്നെയും പണിമുടക്കാൻ കോൺഗ്രസും ബിജെപിയും ശ്രമം നടത്തി. അതിനെയും അതിജീവിച്ച്‌ 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണം ഉദ്‌ഘാടനം ചെയ്‌തു.

റെയിൽപ്പാളങ്ങൾക്കു കുറുകെ നിർമാണം ബാക്കി

 

റെയിൽപ്പാളങ്ങൾക്ക് കുറുകെയുള്ള ബാക്കി ഭാഗം റെയിൽവേയാണ്‌ നിർമിക്കേണ്ടത്‌. ഇത്‌ കാലതാമസമില്ലാതെ നിർമിച്ചാൽ മാസങ്ങൾക്കുള്ളിൽ പാലം തുറന്നുകൊടുക്കാനാകും. പാലക്കാട് ജങ്‌ഷൻ–- കോയമ്പത്തൂർ റെയിൽപ്പാതയിലെ മേൽപ്പാലം കല്ലേക്കുളങ്ങര ആർച്ച് മുതൽ ആണ്ടിമഠംവരെ 690 മീറ്റർ നീളമാണ്‌. ഇതിനുവേണ്ട 10.90 മീറ്റർ വീതിയുള്ള 11 തൂണും നിർമിച്ചു.

 

ആണ്ടിമഠം ഭാഗത്ത് ഏഴും ആർച്ച് ഭാഗത്ത് നാല് തൂണിന്റെയും പണി പൂർത്തിയാക്കി. ആധുനിക സംവിധാനത്തോടെ സ്റ്റീൽ ഉപയോഗിച്ചാണ് നിർമാണം. ഇതിനുമുകളിൽ ആണ്ടിമഠം ഭാഗത്തെ രണ്ട് തൂണുകളെ ബന്ധിപ്പിച്ച് വെള്ളിയാഴ്‌ച നാല് ഭീമും സ്ഥാപിച്ചു. പാലത്തിലേക്ക് കയറുന്ന റോഡിൽ സിമന്റ്‌ ഇഷ്ടിക സ്ഥാപിച്ചു. റെയിൽവേ ഗേറ്റിനിരുവശത്തെയും ഭീമും അതിനു മുകളിൽ സ്‌പാനും പൂർത്തിയാക്കി. ഈ വർഷം തുടക്കത്തിൽ ഉദ്‌ഘാടനം നടത്താൻ ഉദ്ദേശിച്ചാണ്‌ സംസ്ഥാന സർക്കാർ പണി പൂർത്തിയാക്കുന്നത്‌. അതിന്‌ റെയിൽവേയും ബിജെപിയും തുരങ്കംവയ്‌ക്കുകയാണ്‌. കോൺഗ്രസ്‌ കൂട്ടുനിൽക്കുകയും ചെയ്യുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!