എന്നിരുന്നാലും അടിസ്ഥാനപരമായ മികച്ച സ്‌മോള്‍ കാപ് ഓഹരികളിലെ ദീര്‍ഘകാല നിക്ഷേപം കൈനിറയെ ആദായം നേടിത്തരാന്‍ സഹായിക്കും. ഇന്നു മിഡ് കാപ് സൂചികയുടെ ഭാഗമായ ഓഹരികളില്‍ 36 ശതമാനവും 10 വര്‍ഷം മുമ്പത്തെ സ്‌മോള്‍ കാപ് ഓഹരികളായിരുന്നു എന്നതു തന്നെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള നിക്ഷേപത്തില്‍ സ്‌മോള്‍ കാപ് ഓഹരികളുടെ സവിശേഷത വെളിവാക്കുന്ന വസ്തുതയാണ്. അതേസമയം ഈ ഓഹരികളുടെ വിലയിലെ കുതിപ്പ് ഏകപക്ഷീയമായി ഒരു ദിശയിലേക്ക് മാത്രമായിരുന്നു എന്നും കരുതരുത്.
അതായത് ഓഹരിയുടെ മുന്നേറ്റങ്ങള്‍ക്കിടയിലും ചാഞ്ചാട്ടവും കയറ്റിറക്കങ്ങളുമൊക്കെ നേരിടാമെന്ന് സാരം. അതിനാല്‍ ദിവസേന വിലയിലുള്ള ചാഞ്ചാട്ടം നേരിടാന്‍ സാധിക്കാത്തവര്‍ക്ക് ദീര്‍ഘകാല നിക്ഷേപവും ബുദ്ധിമുട്ടേറിയതാകും. എന്നാല്‍ ഭാവിസാധ്യതയുള്ളതും ഗുണമേന്മയുള്ള മാനേജ്‌മെന്റും മികച്ച പ്രവര്‍ത്തനവുമുള്ള കമ്പനികളില്‍ ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിച്ചാല്‍ ആര്‍ക്കും ആദായം നേടാനാകും. ഇത്തരത്തില്‍ മിഡ് കാപ് കമ്പനികളായി കുതിക്കാവുന്ന 5 സ്‌മോള്‍ കാപ് ഓഹരികളെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്.
സിസിഎല്‍ പ്രോഡക്ട്‌സ്
വിവിധതരം കാപ്പിപ്പൊടിയുടെ ഉത്പാദനത്തിലും വിതരണത്തിലുമാണ് കോണ്ടിനന്റല്‍ കോഫി അഥവാ സിസിഎല്‍ പ്രൊഡക്ട്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്‍സ്റ്റന്റ് കോഫി, പ്യുവര്‍ സോലുബിള്‍ കോഫി, ഫ്‌ലേവേര്‍ഡ് കോഫി തുടങ്ങി ചിക്കറി കോഫി മിക്‌സ് വരെയുള്ള വിവിധ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. 1994-ലാണ് കമ്പനിയുടെ ആരംഭം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് ആസ്ഥാനം. ഇന്ത്യയിലും വിയറ്റ്‌നാമിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമായി കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. ഇന്‍സ്റ്റന്‍ഡ് കോഫിയുടെ ആഗോള വിപണിയില്‍ സിസിഎല്‍ പ്രോഡക്ട്സിന് (BSE: 519600, NSE : CCL) ശക്തമായ സാന്നിധ്യം കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇതിനോടൊപ്പം വിവിധതരത്തില്‍ സംയോജിപ്പിച്ച് പുതിയ രുചിയിലുള്ള കാപ്പിപ്പൊടി നിര്‍മിക്കാനുള്ള കഴിവ്, ചെലവ് ചുരുങ്ങിയ ബിസിനസ് മോഡല്‍, ഇന്‍സ്റ്റന്റ് കോഫി ഏറ്റവും കൂടുതലായി കയറ്റുമതി ചെയ്യുന്നവര്‍, ഉയര്‍ന്ന ലാഭ മാര്‍ജിന്‍ ലഭിക്കുന്ന ബ്രാന്‍ഡഡ് ഉത്പന്ന മേഖലയിലേക്ക് രംഗപ്രവേശം ചെയ്തതും സിസിഎല്‍ പ്രോഡക്ട്‌സിന് അനുകൂല ഘടകങ്ങളാണ്. കൂടാതെ റഷ്യ- ഉക്രൈന്‍ യുദ്ധം നിസാര തോതിലേ കമ്പനിയെ ബാധിച്ചിട്ടുള്ളൂ. വിയറ്റ്നാമില്‍ കമ്മീഷന്‍ ചെയ്ത പുതിയ പ്ലാന്റ് ഇതിനകം പരമാവധി പ്രവര്‍ത്തന ശേഷി കൈവരിച്ചതും നേട്ടമാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സിസിഎല്‍ പ്രോഡക്ട്‌സ് കമ്പനിയുടെ വരുമാനത്തില്‍ 11 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 11 ശതമാനവും അറ്റാദായം 10 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. നിലവില്‍ 480 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്.
പിഎസ്പി പ്രോജക്ട്സ്
മുന്‍നിര കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പിഎസ്പി പ്രോജക്ട്സ്. പൊതു, സ്വകാര്യ മേഖലയില്‍ നിന്നുമായി 4,500 കോടിയുടെ കരാറുകളാണ് കമ്പനിയുടെ കൈവശമുള്ളത്. ഇത് അടുത്ത 2-3 വര്‍ഷത്തേക്കുള്ള പിഎസ്പി പ്രോജക്ട്സിന്റെ വരുമാനം ഉറപ്പാക്കുന്നു. ഇതിനോടൊപ്പം നിരവധി പദ്ധതികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള ടെണ്ടറുകളും അന്തിമ അനുമതിയുടെ വിവിധ ഘട്ടങ്ങളിലെത്തി നില്‍ക്കുന്നു. കൂടാതെ ഉണര്‍വ് പ്രകടമാകുന്ന നിര്‍മാണ മേഖലയും കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകമാണ്.
സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ പൂര്‍വകാല ചരിത്രവും പിഎസ്പി പ്രോജക്ട്‌സിനെ (BSE: 540544, NSE : PSPPROJECT) വേറിട്ടതാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 18 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 20 ശതമാനവും അറ്റാദായം 23 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. നിലവില്‍ 580 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്.
അവാന്റല്‍
ടെലികോം രംഗത്തെ വിവിധ ഉത്പന്നങ്ങളും സോഫ്റ്റ്‌വെയര്‍ സേവനങ്ങളും നല്‍കുന്ന വിശാഖപട്ടണം ആസ്ഥാനമായി സ്മോള്‍ കാപ് കമ്പനിയാണ് അവാന്റല്‍ സോഫ്റ്റ് ലിമിറ്റഡ്. അതിശക്തമായ ബ്രോഡ് ബാന്‍ഡ്് വയര്‍ലെസ്, ഉപഗ്രഹ വിനിമയം, ബ്രോഡ് ബാന്‍ഡ് അധിഷ്ഠിതമായ സാങ്കേതിക വിദ്യകളുടെ രൂപകല്‍പനയും വികസനത്തിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നാഷണല്‍ സാറ്റ്ലൈറ്റ് (INSAT) ഉപയോഗിച്ചുള്ള ആശയവിനിമയ സംവിധാനം പ്രതിരോധ സേനകള്‍ക്കായി നല്‍കുന്നുണ്ട്. കൂടാതെ, റഡാര്‍ സംവിധാനങ്ങള്‍, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍, വയര്‍ലെസ് ഡിഫന്‍സ് ഇലക്ട്രോണിക്സ് എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങളിലും അവാന്റല്‍ പങ്കാളിയാണ്.
കരസേന, വ്യോമസേന, ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, ബോയിങ്, എല്‍ & ടി എന്നീവരൊക്കെ കമ്പനിയുടെ ദീര്‍ഘകാല ഉപഭോക്താക്കളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അവാന്റല്‍ (BSE : 532406) കമ്പനിയുടെ വരുമാനത്തില്‍ 15 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 17 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. നിരവധി കരാറുകള്‍ നേടിയിട്ടുള്ളത് ഭാവിയിലെ വരുമാനവും ഉറപ്പാക്കുന്നു. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന അവാന്റല്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.35 ശതമാനമാണ്. നിലവില്‍ 300 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്.
സുപ്രിയ ലൈഫ്‌സയന്‍സ്
അടുത്തിടെ ഫാര്‍മ മേഖലയില്‍ നിന്നും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് സുപ്രിയ ലൈഫ്‌സയന്‍സ്. മരുന്ന് നിര്‍മാണത്തിനുള്ള മുഖ്യ ഘടകങ്ങളിലൊന്നായ സജീവ രാസസംയുക്തങ്ങളുടെ ഉത്പാദനത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ രോഗങ്ങള്‍ക്കുള്ള 38 രാസസംയുക്തങ്ങള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്. ക്ലോര്‍ഫെനിറാമൈന്‍ മാലേറ്റ്, കീറ്റാമൈന്‍ ഹൈഡ്രോക്ലോറൈഡ് എന്നിവയുടെ രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ്.
യൂറോപ്പ് കേന്ദ്രീകരിച്ചാണ് ബിസിനസ് എങ്കിലും ആഗോള തലത്തില്‍ 86 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷമായി സുപ്രിയ ലൈഫ്‌സയന്‍സ് (BSE: 543434, NSE : SUPRIYA) കമ്പനിയുടെ വരുമാനത്തില്‍ 24 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 48 ശതമാനവും അറ്റാദായം 54 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. നിലവില്‍ 290 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്.
ടൈഗര്‍ ലോജിസ്റ്റിക്‌സ്
മറ്റു കമ്പനികള്‍ക്ക് ആവശ്യമായ ലോജിസ്റ്റകിസ സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയാണ് ടൈഗര്‍ ലോജിസ്റ്റിക്‌സ് (ഇന്ത്യ) ലിമിറ്റഡ്. വിതരണ ശൃംഖലയുടെ നടത്തിപ്പ്, ചരക്കുകടത്ത് സേവനങ്ങള്‍, പദ്ധതികള്‍ക്ക് ആവശ്യമായ ലോജിസ്റ്റിക്‌സ്, ശീതികരിച്ച വിതരണ ശൃംഖലയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹീറോ മോട്ടോ കോര്‍പ് കമ്പനിക്ക് വേണ്ടി ബിഎംഡബ്ല്യൂ ബൈക്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത് ടൈഗര്‍ ലോജിസ്റ്റിക്‌സ് (BSE : 536264) മുഖേനയാണ്.
ഓട്ടോമൊബീല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇന്‍ഫ്രസ്ട്രക്ചര്‍, ടെക്‌സ്റ്റൈല്‍സ്, കമ്മോഡിറ്റി, പ്രതിരോധ മേഖലയിലെ കമ്പനികളാണ് പ്രധാന ഉപഭോക്താക്കള്‍. കമ്പനിയുടെ സേവനങ്ങള്‍ക്ക് ആവശ്യമായ 98 ശതമാനം വാഹനങ്ങളും വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ സ്ഥിരമായ ചെലവ് ഗണ്യമായി ലാഭിക്കാന്‍ ടൈഗര്‍ ലോജിസ്റ്റിക്‌സിന് സാധിക്കുന്നു.
അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷമായി സുപ്രിയ ലൈഫ്‌സയന്‍സ് കമ്പനിയുടെ വരുമാനത്തില്‍ 23 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 39 ശതമാനവും അറ്റാദായം 74 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. നിലവില്‍ 240 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.