മതഭ്രാന്ത്‌ നാടുവാഴുമ്പോൾ നിശ്ശബ്ദരാകരുത്‌ ; ഛത്തീസ്‌ഗഢിലെ ക്രൈസ്‌തവ വേട്ടയിൽ ദീപിക

Spread the love
കോട്ടയം

ഛത്തീസ്‌ഗഢിലെയടക്കം ക്രൈസ്‌തവ വേട്ടയിൽ ചില മുൻനിര മാധ്യമങ്ങളുടെ ‘മുഖംമൂടിയഴിക്കുന്ന’ നിലപാടും കണക്കുമായി ദീപിക. രാജ്യത്ത്‌ വ്യാപകമായും ഛത്തീസ്‌ഗഢിൽ അതീവ ഭയാനകമായും നടക്കുന്ന ക്രൈസ്‌തവ വേട്ടയിലെ ആശങ്ക പങ്കുവയ്‌ക്കുന്നതാണ്‌ ദീപികയുടെ ചൊവ്വാഴ്‌ചത്തെ മുഖപ്രസംഗം. ‘സർക്കാരുകൾ ഇരകൾക്കൊപ്പമല്ലെങ്കിൽ ധർമസംസ്ഥാപനം അത്യന്തം ദുഷ്‌ക്കരമോ അസാധ്യമോ ആയേക്കാം.

മതഭ്രാന്ത്‌ നാടുവാഴുമ്പോൾ സർക്കാരുകളും പൗരന്മാരും നിശ്ശബ്ദരാകരുത്‌’– ‘ക്രൈസ്‌തവ പീഡനം: മുഖംമൂടിയഴിക്കുന്ന കണക്കുകൾ’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു. ഛത്തീസ്‌ഗഢിലെ സംഘപരിവാർ ആക്രമണങ്ങൾ രാജ്യത്താകെ ചർച്ചയാകുന്ന ഘട്ടത്തിലാണ്‌ ദീപികയുടെ ഇടപെടൽ. മുഖ്യധാര മാധ്യമങ്ങളുടെ നിശ്ശബ്ദത ‘പീഡകരോടുള്ള മാധ്യമങ്ങളുടെ ഒത്തുതീർപ്പ്‌ മനോഭാവത്തി’ന്റെ ലക്ഷണമായി ദീപിക കാണുന്നു. ബിജെപി ഭരണത്തിൽ ക്രൈസ്‌തവർക്കെതിരെയുള്ള ആക്രമണത്തിൽ രാജ്യം ലോകത്ത്‌ 11 –-ാം സ്ഥാനത്തായെന്നും ഓർമിപ്പിക്കുന്നു.

സിപിഐ എം പിബി അംഗം ബൃന്ദ കാരാട്ട്‌ ഛത്തീസ്‌ഗഢിൽ ആക്രമണത്തിനിരയായവരെ സന്ദർശിച്ച്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ഭാഗെലിന്‌ നിവേദനം നൽകിയിരുന്നു. കോൺഗ്രസിന്റെ പ്രമുഖ നേതാവാണ്‌ മുഖ്യമന്ത്രി. ആക്രമണം നടത്തുന്നതാകട്ടെ രാജ്യം ഭരിക്കുന്ന സംഘപരിവാർ സംഘങ്ങളും. കോൺഗ്രസിനെ പ്രീണിപ്പിക്കാനോ പരിവാർ സംഘങ്ങളെ ഭയന്നോ ആണ്‌ ചില മാധ്യമങ്ങളുടെ നിശ്ശബ്ദതയെന്ന ചോദ്യം ഉയരുന്നുണ്ട്‌. ആയിരക്കണക്കിന്‌ ക്രൈസ്‌തവർ വീടുകളിൽനിന്ന്‌ ആട്ടിയോടിക്കപ്പെട്ടിട്ടും പള്ളികളും കോൺവെന്റുകളും സ്‌കൂളും ആക്രമിക്കപ്പെട്ടിട്ടും കോൺഗ്രസ്‌ മിണ്ടുന്നില്ല. ‘കരയുന്ന പൗരന്മാർക്കുമുന്നിൽ നിസംഗതയോടെ നിൽക്കുന്ന ഭരണകൂടങ്ങൾ ഛത്തീസ്‌ഗഢിലെയും കാഴ്‌ചയായി ’എന്നാണ്‌ കോൺഗ്രസ്‌ ഭരണത്തെറിച്ചുള്ള ദീപിക വിലയിരുത്തൽ. 2022 ജനുവരി മുതൽ ജൂലൈ വരെ മാത്രം രാജ്യത്ത്‌ ഗുരുതരമായ 302 ആക്രമണങ്ങളുണ്ടായി. ഇത്തരം ആക്രമണങ്ങളുടെ നിജസ്ഥിതി കോടതിയിലെത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്‌.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!