സ്വീപ്പർമാർ മാസം കൈപ്പറ്റുന്നത് രണ്ടരലക്ഷം രൂപ; അടിമാലി പഞ്ചായത്ത് ഓഫീസ് ചീഞ്ഞു നാറുന്നു

Spread the love

 ശുചീകരണത്തിന്‌ ആറ് മുഴുവൻസമയ സ്വീപ്പർമാരുണ്ടായിട്ടും അടിമാലി പഞ്ചായത്ത് ഓഫീസും പരിസരവും ചീഞ്ഞുനാറുന്നു. ഇവർക്കായി ഒരുമാസം ശമ്പളയിനത്തിൽ ചെലവിടുന്നത് രണ്ടരലക്ഷം രൂപയോളം. ജോലി ചെയ്യേണ്ട ജീവനക്കാർ ഓഫീസിൽനിന്ന് പുറത്തിറങ്ങുന്നില്ലെന്ന് ആക്ഷേപം.

Thank you for reading this post, don't forget to subscribe!

അടിമാലി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഇടനാഴിയിലെ മാലിന്യം

30,000 മുതൽ 40,000 രൂപവരെ മാസ ശമ്പളം വാങ്ങുന്ന സ്വീപ്പർമാരാണ് പഞ്ചായത്തിലുള്ളത്. എന്നാൽ, പഞ്ചായത്ത് ഓഫീസിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഹാളും പരിസരവും കണ്ടാൽ അറപ്പുളവാകും. നടപ്പാതകളും, ഹാളും വൃത്തിഹീനമായി കിടക്കുന്നു. ഓഫീസിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമയിൽപോലും മാലിന്യമാണ്.

https://wa.link/a2cp42

പഞ്ചായത്തോഫീസും ടൗണും വൃത്തിയാക്കുന്നതിനാണ് സർക്കാർ ആറ് സ്ഥിരം ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. എന്നാൽ, ടൗൺ വൃത്തിയാക്കുന്നത് കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന അഞ്ച് വൃദ്ധ സ്ത്രീകളാണ്. വലിയ തുക ശമ്പളംപറ്റുന്ന ജീവനക്കാർ ഓഫീസിൽ വെറുതേയിരുന്ന് ശമ്പളം വാങ്ങുന്നെന്നാണ് ആരോപണം. ഇവരെ നിയന്ത്രിക്കാനോ, ജോലിചെയ്യിപ്പിക്കാനോ, പ്രസിഡന്റിനും, ഭരണസമിതിക്കും സാധിക്കുന്നില്ല. അപാകം ചൂണ്ടിക്കാട്ടിയാൽപോലും ജീവനക്കാർ അനുസരിക്കില്ലെന്ന് ചില പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.

പഞ്ചായത്ത് ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. നിർമാണ സമഗ്രിക്കൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ജീവനക്കാരുടെ ജോലി സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞപ്പോൾ, ഇവർ ടൗൺ ശുചീകരണം നടത്തുന്ന തൊഴിലാളികൾക്ക് സൂപ്പർവൈസിങ് നടത്തുന്നു എന്നാണ് പഞ്ചായത്ത് നൽകിയ മറുപടി. അഞ്ച് താത്‌കാലിക ജീവനക്കാർ ശുചീകരണ ജോലി ചെയ്യുന്നതിന്, ആറ് സ്ഥിരം ജീവനക്കാർ സൂപ്പർവൈസിങ്ങ് നടത്തുന്നതെന്തിനെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരേ വകുപ്പ് തലത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Facebook Comments Box
error: Content is protected !!