ട്രക്ക്, ടിപ്പര്‍ രജിസ്ട്രേഷന്‌ 
കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കണം : ഹൈക്കോടതി

Spread the love



Thank you for reading this post, don't forget to subscribe!


കൊച്ചി

സംസ്ഥാനത്ത്‌ ട്രക്കുകളും ടിപ്പറുകളും രജിസ്‌റ്റർ ചെയ്യുമ്പോൾ കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന്‌ ഉറപ്പാക്കണമെന്ന്‌ ഹൈക്കോടതി.  സംസ്ഥാനത്ത്‌ കേന്ദ്ര മാനദണ്ഡങ്ങൾ നടപ്പാക്കാനാവശ്യമായ  നടപടികൾ രണ്ടുമാസത്തിനകം സ്വീകരിക്കണമെന്നും ജസ്‌റ്റിസ്‌ അമിത്‌ റാവൽ ഉത്തരവിട്ടു.  റോഡ് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വാഹനസുരക്ഷ സംബന്ധിച്ച് കേന്ദ്രസർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിർമിക്കുന്ന ട്രക്കുകളും ടിപ്പറുകളും സംസ്ഥാനത്ത് രജിസ്‌റ്റർ ചെയ്യരുതെന്ന ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണന്റെ ഇടക്കാല ഉത്തരവിനെതിരെ ലൈസൻസില്ലാത്ത കമ്പനികൾ നൽകിയ  ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ അമിത്‌ റാവലിന്റെ ഉത്തരവ്‌.

ടിപ്പറുകളുടെ ബോഡി നിർമിക്കാൻ എഐഎസ്‌ (ഓട്ടോമോട്ടീവ്‌ ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സ്‌) :093 ടൈപ്പ് അപ്രൂവലും  ക്യാബിൻ നിർമിക്കാൻ എഐഎസ്‌: 029  ടൈപ്പ് അപ്രൂവലും വേണമെന്നിരിക്കെ ഒരു മാനദണ്ഡവും പാലിക്കാതെ ചെറുകിട വർക്‌ഷോപ്പുകളിൽനിന്ന്‌ ദിവസേന നൂറുകണക്കിന് ട്രക്കും ടിപ്പറുകളുമാണ് ബോഡി നിർമിച്ച് പുറത്തിറക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രനിർദേശം പാലിക്കുന്ന ബോഡി ബില്‍ഡിങ് കമ്പനിയായ ആരോമൽ ഓട്ടോക്രാഫ്‌റ്റ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.  

കോവിഡ് സാഹചര്യം  കണക്കിലെടുത്ത് കേരളത്തിൽ ഒരാൾ കേന്ദ്ര ലൈസൻസ് എടുത്താൽ ഒരുവർഷത്തിനകം മറ്റുള്ള ബോഡി ബില്‍ഡര്‍മാര്‍ ലൈസൻസ് എടുക്കണമെന്ന് 2020  സെപ്തംബർ ഒമ്പതിന്‌ സംസ്ഥാന ഗതാഗത സെക്രട്ടറി ഒരുവർഷത്തേക്ക് ഉത്തരവ് നൽകിയിരുന്നു. 2021ൽ ഉത്തരവിന്റെ കാലാവധി അവസാനിച്ചിട്ടും അംഗീകാരമില്ലാത്ത ബോഡി ബില്‍ഡിങ് സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നതും അപകടങ്ങൾ വർധിക്കുന്നതുമാണ്   പുതിയ ഉത്തരവിന് കാരണമായത്.

മാനസികവെല്ലുവിളി നേരിടുന്നവരുടെ വാഹനങ്ങൾക്ക്‌ നികുതിയിളവ്‌ നൽകണം

മാനസിക വെല്ലുവിളി നേരിടുന്നവർ ഉപയോഗിക്കുന്നതോ അവർക്ക് യാത്രചെയ്യാൻ മറ്റുള്ളവർ ഓടിക്കുന്നതോ ആയ വാഹനങ്ങൾക്ക് നികുതിയിളവ്‌ നൽകണമെന്ന്‌ ഹൈക്കോടതി. 1998 ഏപ്രിൽ ഒന്നുമുതൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർ അപേക്ഷ നൽകിയാൽ മൂന്നുമാസത്തിനകം നികുതിയിളവ് നൽകണമെന്നും ജസ്‌റ്റിസ് പി  വി കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടു. ശാരീരിക പരിമിതിയുള്ളവർ യാത്രചെയ്യുന്ന കാർ അടക്കം വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള നികുതിയിളവ് മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ബാധകമാവില്ലെന്ന് കാണിച്ച്‌ നികുതി ഈടാക്കിയ മേട്ടോർ വാഹനവകുപ്പിന്റെ നടപടിക്കെതിരെ വയനാട് മാനന്തവാടി സ്വദേശി നൽകിയ ഹർജിയിലാണ് ഉത്തരവ്.

1998ലെ ഉത്തരവിൽ നികുതിയിളവ് പ്രഖ്യാപിച്ചപ്പോൾ മാനസിക വെല്ലുവിളി നേരിടുന്നവരെ ഒഴിവാക്കിയിരുന്നു. അതിനാൽ 2013ൽ വാങ്ങിയ കാറിന് ഹർജിക്കാരി നികുതി നൽകി. എന്നാൽ, മാനസിക വെല്ലുവിളി നേരിടുന്നവരെയും അംഗപരിമിതി ഉള്ളവരെയും ഉൾപ്പെടുത്തി 2022 ഏപ്രിലിൽ സർക്കാർ വിജ്ഞാപനം വന്നതോടെ നികുതിത്തുകയായ 40,570 രൂപ തിരികെ ലഭിക്കാൻ  അപേക്ഷ നൽകി. എന്നാൽ, വിജ്ഞാപനത്തിന് മുൻകാല പ്രാബല്യമില്ലെന്നുപറഞ്ഞ്‌ അപേക്ഷ തള്ളിയതിനെത്തുടർന്നാണ്‌ കോടതിയെ സമീപിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേക കേന്ദ്രം നടത്തി അവരെ മിടുക്കരാക്കി വളർത്തുന്ന മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിനെ കോടതി അഭിനന്ദിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!