പതിമൂന്നാം വയസ്സില്‍ വിവാഹിതയായി, പക്വത വരുന്നതിന് മുന്‍പ് അമ്മയായവര്‍; മഞ്ജു വാര്യരുടെ ആയിഷയെ പറ്റി ജലീല്‍

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Ambili John

|

വീണ്ടും തിയറ്ററുകളെ കോരിത്തരിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ആയിഷ എന്ന സിനിമയുമായി എത്തിയ നടി ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയെ പറ്റി വാതോരാതെ സംസാരിക്കുന്നവര്‍ നിരവധിയാണ്.

ഏറ്റവും പുതിയതായി ആയിഷ കണ്ടതിന് ശേഷം അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് എംഎല്‍എ കൂടിയായ കെ ടി ജലീല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ആയിഷ കാണണമെന്നും സിനിമ നല്‍കുന്ന സന്ദേശമെന്താണെന്നും എംഎല്‍എ പങ്കുവെച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

Also Read: ആന്റണിയ്ക്ക് മുന്‍പ് മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്നു; ഇപ്പോള്‍ അറിയുമോന്ന് തന്നെ സംശയമാണെന്ന് പഴയ ഡ്രൈവര്‍

‘ആയിഷ’, കാണണം. നഷ്ടമാവില്ല. ‘എന്ന് നിന്റെ സ്വന്തം മൊയ്തീന്‍’ എന്ന ചലചിത്രത്തിന് ശേഷം ജീവിതഗന്ധിയായ മറ്റൊരു സിനിമ കൂടി മലയാളിയുടെ മനസ്സിനെ കീഴടക്കുകയാണ്. ‘ആയിഷ’ റേറ്റിംഗില്‍ മികച്ച കലാസൃഷ്ടിയായത് അതിലെ വിയര്‍പ്പിന്റെ ഉപ്പുരസം കൊണ്ടാണ്. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പത്തരമാറ്റ് തങ്കത്തെ വെല്ലുന്ന പ്രണയത്തെ അധികരിച്ചാണ് ‘എന്ന് നിന്റെ സ്വന്തം മൊയ്തീന്‍’ നിര്‍മ്മിച്ചത്.

ജീവിത പ്രയാസങ്ങള്‍ക്കൊടുവില്‍ പച്ചപ്പ് കാണാന്‍ പ്രവാസം സ്വീകരിച്ച ഒരു കലാകാരിയുടെ കണ്ണീരിന്റെ നനവിനെ ആസ്പദിച്ചാണ് ‘ആയിഷ’ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടിലും നായികാ കഥാപാത്രങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് പെണ്‍ ത്യാഗത്തിന്റെ കരുത്തു കൊണ്ടാണ്. ‘ആയിഷ’യില്‍ നായകനേയില്ല. ഒരുപക്ഷെ ഇത്തരമൊരു സിനിമ ഇന്ത്യയില്‍ അപൂര്‍വ്വമാകും.

Also Read: ഇപ്പോഴും കാമുകനായിരിക്കുന്നതില്‍ നന്ദിയെന്ന് നടി മിത്ര; പ്രണയം കാണിച്ച് തന്ന ഭാര്യയോട് സ്നേഹം പറഞ്ഞ് വില്യം

സിനിമയും നാടകവും സംഗീതവുമെല്ലാം മത നിഷിദ്ധമാണെന്ന് മുദ്രയടിച്ച് വിലക്കേര്‍പ്പെടുത്തിയിരുന്ന കാലം. സ്ത്രീ ജീവിതം അടുക്കളയില്‍ കരിഞ്ഞ് തീരേണ്ടതാണെന്ന് വിശ്വസിച്ച പുരുഷ മേല്‍ക്കോയ്മയുടെ ശപിക്കപ്പെട്ട യുഗം. പതിമൂന്നാം വയസ്സില്‍ വിവാഹിതയായി പക്വതയെത്തും മുമ്പേ അമ്മമാരായവരുടെ എണ്ണം നാട്ടില്‍ നിര്‍ലോഭം നിലനിന്ന നാളുകള്‍. അന്ന് ജീവിച്ച കലാഹൃദയമുള്ള ഒരു വനിതയുടെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ച്ചകളുടെ കഥ പറയുകയാണ് ‘ആയിഷ’.

കലാരംഗത്തായാലും ജീവിതത്തിലായാലും പ്രതിബദ്ധത പ്രധാനമാണ്. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ കേവലമൊരു ജോലിയായി കണ്ട് മുന്നോട്ടു പോകുന്നവരാണ് മഹാഭൂരിഭാഗവും. ഓരോ മനുഷ്യനും ഓരോ ജീവിത ധര്‍മ്മമുണ്ട്. ആ ധര്‍മ്മം നിര്‍വ്വഹിക്കുമ്പോഴാണ് ഒരാള്‍ ജീവിത വിജയിയാകുന്നത്. മലയാളക്കരയുടെ കീര്‍ത്തി അങ്ങകലെ മണലാരണ്യത്തില്‍ നട്ടുനനച്ച് വളര്‍ത്തിയ ധീരയായ ഒരു ഏറനാടന്‍ വീട്ടമ്മയുടെ പേരാണ് ‘ആയിഷ’.

കേരളവും അറേബ്യയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം സുവിദിതമാണ്. മാമലനാടിന്റെ സാമ്പത്തിക ഐശ്വര്യത്തിന്റെ അടിത്തറ പാകിയത് ഗള്‍ഫിലേക്കുള്ള മലയാളിയുടെ കുടിയേറ്റമാണ്. ഇന്ന് ഏതാണ്ട് 30 ലക്ഷത്തിലധികം ആളുകളാണ് മദ്ധ്യപൗരസ്ത്യ നാടുകളില്‍ മാത്രം ജോലി ചെയ്യുന്നത്. കേരളത്തെ പട്ടിണിയില്‍ നിന്ന് കരകയറ്റിയതും മോടിയുള്ള വീടുകളില്‍ പാര്‍ക്കാന്‍ പ്രാപ്തരാക്കിയതും മേല്‍ത്തരം വസ്ത്രങ്ങള്‍ അണിയാന്‍ ശേഷിയുള്ളവരാക്കിയതും ഗള്‍ഫ് പണമാണ്.

ചോര നീരാക്കി മരുഭൂമിയില്‍ പണിയെടുത്തതിന്റെ കൂലി ചെക്കായും ഡ്രാഫ്റ്റായും കേരം തിങ്ങിയ നാട്ടിലേക്ക് ഒഴുകി വന്നതോടെ മലയാളക്കര സാമൂഹ്യ-സാമ്പത്തിക പുരോഗതിയുടെ വിസ്മയം തീര്‍ത്തു. കഷ്ടപ്പാട് തീര്‍ക്കാന്‍ തന്റെ ജീവന്റെ ജീവനായ കലാജീവിതം ഉപേക്ഷിച്ച് പെട്രോളിന്റെയും ഈന്തപ്പഴത്തിന്റെയും മണ്ണിലേക്ക് ചേക്കേറിയ മലയാളിയുടെ ജീവിതത്തിന്റെ നൊമ്പരവും ആഹ്‌ളാദവും നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ആമിര്‍ പള്ളിക്കലും സക്കറിയയും ‘ആയിഷ’യെ പ്രേക്ഷകരുടെ കാഴ്ചപ്പുറത്ത് എത്തിച്ചിരിക്കുന്നത്.

അഭിനേതാക്കളില്‍ പലരുടെയും മുഖം അപരിചിതമാണ്. മഞ്ജു വാര്യര്‍ ‘ആയിഷ’യെ ജീവസ്സുറ്റതാക്കി. ലോകോത്തര ഇറാന്‍ സിനിമകളെപ്പോലെ വിവിധ ഭാഷകളുടെ വിനിമയ സാദ്ധ്യതയുടെ വിളനിലമാക്കി ‘ആയിഷ’യെ മാറ്റിയ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. ഭാഷകളുടെ വൈവിധ്യം കൊണ്ട് പുതുചരിതം തീര്‍ത്ത ‘ആയിഷ”, അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടും.

പൊന്ന് വിളയുന്ന നാട്ടില്‍ പണിയെടുത്ത പല ഖദ്ദാമമാരുടെയും (വീട്ടു ജോലിക്കാര്‍) കഥ കേട്ടവരാണ് മലയാളികള്‍. അതില്‍ പലതും അതിശയോക്തി നിറഞ്ഞതും സിനിമക്കായി ചേരുവകള്‍ കലര്‍ത്തിയതുമായിരുന്നു. എന്നാല്‍ ‘ഖദ്ദാമ’യുടെ പച്ചയായ ജീവിതം പറയുന്ന ‘ആയിഷ’, മേമ്പൊടികളുടെ അകമ്പടിയില്ലാത്ത കലാസൃഷ്ടിയാണ്.

മലയാള നാടക വേദിയെ ഒരുകാലത്ത് പ്രകമ്പനം കൊള്ളിച്ച നിലമ്പൂര്‍ ആയിഷയെന്ന ആയിഷാത്തയുടെ വേദനകളും സന്തോഷവും ഒപ്പിയെടുത്ത കാണാന്‍ ചേലൊത്ത കലാസൃഷ്ടിയാണ് ‘ആയിഷ’.

അറബി, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് സംഭാഷണങ്ങളുടെ എഴുതിക്കാണിക്കുന്ന മലയാളം സബ് ടൈറ്റില്‍ കുറച്ചുകൂടി വലുതാക്കി അല്‍പ സമയവും കൂടി നിര്‍ത്തിയിരുന്നെങ്കില്‍ അസ്വാദകര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെട്ടേനെ. ‘ആയിഷ’കാണണം. നമ്മുടെ കുട്ടികളെ കാണിക്കണം.

അവരിലെ ‘കനല്‍’ ഊതിക്കത്തിക്കണം. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീ വഴിയാധാരമാവില്ലെന്ന വലിയ സന്ദേശമാണ് ‘ആയിഷ’. സ്വന്തം കാലില്‍ നില്‍ക്കാന്‍ നമ്മുടെ പെണ്‍കുട്ടികളെ ‘ആയിഷ”പ്രചോദിപ്പിക്കും. തീര്‍ച്ച. എന്നുമാണ് കെ ടി ജലീലിന്റെ പോസ്റ്റില്‍ പറയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Viral: K T Jaleel’s Write-up About Manju Warrier’s Movie Ayisha. Read In Malayalam.

Story first published: Thursday, January 26, 2023, 18:09 [IST]



Source link

Facebook Comments Box
error: Content is protected !!