ലക്ഷദ്വീപിൽ കോൺഗ്രസിനെ ജയിപ്പിച്ച്‌ ബിജെപിയാക്കാൻ പട്ടേലിന്റെ ശ്രമം

Spread the love



Thank you for reading this post, don't forget to subscribe!


കൊച്ചി

ബിജെപിയെ സഹായിക്കുന്നതിന്‌ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ കോൺഗ്രസിനെ ചാക്കിലാക്കുകയാണെന്ന്‌ ജയിൽമോചിതനായ ലക്ഷദ്വീപ്‌ മുൻ എംപി പി പി മുഹമ്മദ്‌ ഫൈസൽ. ബിജെപിക്ക് ലക്ഷദ്വീപിൽ നൂറ്‌ വോട്ട്‌ തികച്ച്‌ കിട്ടില്ല. അവർക്ക്‌ തീർത്തും ജയസാധ്യതയില്ലാത്ത സ്ഥലത്ത്‌ കോൺഗ്രസിനെ ജയിപ്പിച്ച്‌ കൂടെക്കൂട്ടാനുള്ള തന്ത്രമാണ്‌ അഡ്‌മിനിസ്‌ട്രേറ്ററുടേത്‌. മുഹമ്മദ്‌ ഫൈസലിന്‌ എൻസിപി കേരള–-ലക്ഷദ്വീപ്‌ ഘടകങ്ങൾ ചേർന്ന്‌ എറണാകുളത്ത്‌ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടഭീകരതയ്‌ക്കെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമാണ്‌ തനിക്കെതിരെ സ്വീകരിച്ചത്‌. ലക്ഷദ്വീപിന്റെ അവകാശങ്ങൾ നിഷേധിച്ചാൽ ഇനിയും ചോദ്യംചെയ്യും. സുപ്രീംകോടതി വിധിക്കുശേഷം  പാർലമെന്റിൽനിന്ന്‌ തനിക്ക്‌ അറിയിപ്പൊന്നും കിട്ടിയിട്ടില്ല. തനിക്കെതിരായ നടപടികൾ കോടതി വിധിയോടെ സ്വാഭാവികമായും റദ്ദാകും. ലക്ഷദ്വീപിലേക്ക്‌ എന്നു മടങ്ങണമെന്നത്‌ പാർടി തീരുമാനം അനുസരിച്ചായിരിക്കുമെന്ന്‌ മുഹമ്മദ്‌ ഫൈസൽ പറഞ്ഞു.

സ്വീകരണസമ്മേളനം എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ്‌ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, ട്രഷറർ പി ജെ കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.


സുപ്രീംകോടതിയിലും നാണംകെട്ട്‌ കേന്ദ്രം

ലക്ഷദ്വീപ്‌ മുൻ എംപി പി പി മുഹമ്മദ്‌ ഫൈസലിന്‌ അനുകൂലമായ ഹൈക്കോടതിവിധി നിലനിൽക്കുമെന്ന്‌ സുപ്രീംകോടതി കൂടി വിധിച്ചതോടെ നാണംകെട്ട്‌ കേന്ദ്ര സർക്കാർ.

തുടർച്ചയായി രണ്ടാംതവണ എംപിയായ മുഹമ്മദ്‌ ഫൈസൽ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമത്തിൽ പ്രതിചേർത്താണ്‌ 10 വർഷം തടവിന്‌ ശിക്ഷിക്കപ്പെട്ടത്‌. ജനുവരി 11ന്‌ കവരത്തി സെഷൻസ്‌ കോടതി വിധി വന്നതിനെ തുടർന്ന്‌ 13നുതന്നെ ലോക്‌സഭാ അംഗത്വം നഷ്‌ടപെട്ടു.  18ന്‌  ഉപതെരഞ്ഞെടുപ്പ്‌ തീയതിയും പ്രഖ്യാപിച്ചു. സെഷൻസ്‌ കോടതി വിധിക്കെതിരായ അപ്പീൽ വിധിപറയാനിരിക്കെയാണ്‌ അസാധാരണ തിടുക്കത്തിൽ കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ്‌ കമീഷനും നടപടിയെടുത്തത്‌. ഈ നീക്കത്തിനാണ്‌  സുപ്രീംകോടതിയിലും തിരിച്ചടി നേരിട്ടത്‌. ഫെബ്രുവരി 27നാണ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. എന്നാൽ, 31ന്‌ വിജ്ഞാപനം വരുംമുമ്പ്‌ ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. ഇനി മുഹമ്മദ്‌ ഫൈസലിനെതിരായ അയോഗ്യത പിൻവലിച്ച്‌ ലോക്‌സഭാ സെക്രട്ടറിയറ്റ്‌ ഉത്തരവിറക്കും. അപ്പീൽ കോടതി ശിക്ഷ തടഞ്ഞാൽ അയോഗ്യത നിലനിൽക്കില്ലെന്ന 2018ലെ ലോക്‌പ്രഹാരി കേസാണ്‌ ഇതിന്‌ അടി
സ്ഥാനം.

ഹൈക്കോടതി ഉത്തരവ്‌ പരിഗണിക്കണം: സുപ്രീംകോടതി

ലക്ഷദ്വീപിൽ ധൃതിപിടിച്ച്‌  ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടിയിൽ വിമർശവുമായി സുപ്രീംകോടതി. വിചാരണക്കോടതി ഉത്തരവിനെതിരെ മേൽക്കോടതിയിൽ അപ്പീൽ നിലവിലുണ്ടായിട്ടും കമീഷൻ പ്രഖ്യാപനം നടത്തുകയായിരുന്നുവെന്നും ഇത്‌ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള മുൻ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലിലാണ്‌ ജസ്റ്റിസ് കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. എന്നാൽ, ശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചതോടെ അയോഗ്യത നിലനിൽക്കുന്നില്ലെന്ന കാര്യം പരിഗണിച്ച്‌ നടപടിയെടുക്കാൻ കമീഷനോട്‌ കോടതി നിർദേശിച്ചു. നിയമാനുസൃതമായി നടപടി സ്വീകരിക്കുമെന്ന് കമീഷൻ അറിയിച്ചു. ധൃതിപിടിച്ചുള്ള തീരുമാനമായിരുന്നു കമീഷന്റേതെന്ന് ബെഞ്ചംഗമായ ബി വി നാഗരത്ന വിമർശമുന്നയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ്‌ ഭരണകൂടവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!