കടൽക്ഷോഭം; അമ്പലപ്പുഴ തീരത്ത് ടെട്രാപോഡ് നിരത്തിത്തുടങ്ങി

Spread the love



Thank you for reading this post, don't forget to subscribe!

അമ്പലപ്പുഴ > അമ്പലപ്പുഴ തീരത്തെ കടൽക്ഷോഭബാധിത പ്രദേശങ്ങളിൽ വീടുകൾ സംരക്ഷിക്കാൻ ടെട്രാപോഡുകൾ നിരത്തിത്തുടങ്ങി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ 14, 15 വാർഡുകളിലും, അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെ 15-ാം വാർഡിന്റെ തീരങ്ങളിലുമുണ്ടായ ശക്തമായ കടൽക്ഷോഭത്തെ തുടർന്നാണ് നടപടി. എച്ച് സലാം എംഎൽഎയുടെ അടിയന്തര ഇടപെടലിലാണിത്.

 

അമ്പലപ്പുഴ വടക്കിലെ നാലു വീടുകൾ പൂർണമായും അഞ്ചു വീടുകൾ ഭാഗികമായും തകർന്നു. പുതുവൽ മഹേഷ്, സുഭാഷ്, അനീഷ്, ലതമ്മ എന്നിവരുടെ വീടുകളാണ് പൂർണമായി തകർന്നത്. ഗീതമ്മ, രവി, ബാലസുധ, കുട്ടൻ, രഞ്ജിത് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. തെക്ക് പഞ്ചായത്ത് 15–-ാം വാർഡിലെ ഒമ്പത്‌ വീടുകളിൽ വെള്ളം കയറി ജീവിതം ദുസഹമായി. 40 ഓളം വീടുകളുടെ പരിസരവും വെള്ളത്തിലായി. ഇതോടെ മണ്ണുമാന്തി എത്തിച്ച് മേനകപ്പൊഴി മുറിച്ച് വെള്ളം ഒഴുക്കിവിട്ടു.

 

വടക്കിൽ ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാൻ രണ്ട്‌ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചു. ഒമ്പത്‌ കുടുംബങ്ങളിൽ നിന്നായി 50 പേരെയാണ് മാറ്റിപാർപ്പിച്ചത്. ഇവർക്ക് ആവശ്യമായ അടിയന്തരസഹായം ലഭ്യമാക്കാൻ എംഎൽഎ റവന്യൂ അധികൃതർക്ക് നിർദ്ദേശം നൽകി. വീടുകളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളാൻ വെള്ളിയാഴ്‌ച ഉദ്യോഗസ്ഥരുടെ യോഗം എംഎൽഎ കലക്‌ടറേറ്റിൽ വിളിച്ചുചേർത്തു. ഡെപ്യൂട്ടി കലക്‌ടർ ആശ സി എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ്, മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗം സി ഷാംജി, വിവിധ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ്, പഞ്ചായത്തംഗങ്ങളായ ജിഷ മനോജ്, അനിത സതീഷ്, സെക്രട്ടറിമാരായ ജി രാജ്കുമാർ, ജി രാജേന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!