പൊറിഞ്ചുവിന്റെ നിക്ഷേപ തന്ത്രം
പരമാവധി പോര്‍ട്ട്ഫോളിയൊ മൂല്യം നേടുന്നതിനായി അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ കമ്പനികളുടെ ഓഹരി വാങ്ങുകയെന്നതാണ് പ്രമുഖ നിക്ഷേപകനും ഫണ്ട് മാനേജരും മലയാളിയുമായ പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ രീതിശാസ്ത്രം. ചെറിയ കമ്പനി ആയതുകൊണ്ട് പരിഗണിക്കുന്നതില്‍ നിന്നും ഒഴിവാക്കാറില്ല. മികച്ച ബാലന്‍സ് ഷീറ്റും സുതാര്യമായ മാനേജ്മെന്റും വ്യക്തമായ ബിസിനസ് കാഴ്ച്പ്പാടുമുള്ള കമ്പനിയാണെങ്കില്‍ നിക്ഷേപത്തിനായി തെരഞ്ഞടുക്കും.
തുടര്‍ന്ന് അവ ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയുമാണ് അദ്ദേഹം പിന്തുടരുന്ന തന്ത്രം. ഇതിനിടെ പൊറിഞ്ചുവിന് പങ്കാളിത്തമുണ്ടായിരുന്ന ഒരു സ്‌മോള്‍ കാപ് കമ്പനിയുടെ ഓഹരി വിഹിതം സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു.
ക്യൂപിഡ്
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ക്യൂപിഡ്. 1993-ലാണ് തുടക്കം. റബര്‍ അധിഷ്ഠിത ഗര്‍ഭനിരോധന ഉറകള്‍ നിര്‍മിക്കുന്നതിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. മെയില്‍ കോണ്ടം, ഫീമെയില്‍ കോണ്ടം, ലൂബ്രിക്കന്റ് ജെല്ലി, ഐവിഡി കിറ്റുകളുമാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. 60-ലധികം രാജ്യങ്ങളിലേക്ക് ഉത്പന്നം കയറ്റുമതി ചെയ്യുന്നു.
കിഴക്കന്‍ മുംബൈയിലാണ് കമ്പനിയുടെ അത്യാധുനിക നിര്‍മാണശാല. ഇതിനോടൊപ്പം ഗവേഷണ വിഭാഗവും പ്രവര്‍ത്തിക്കുന്നു. നിലവില്‍ 310 കോടിയാണ് ക്യൂപിഡ് (BSE: 530843, NSE : CUPID) കമ്പനിയുടെ വിപണി മൂല്യം.
ഓഹരി വിശദാംശം
ക്യൂപിഡിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 107 രൂപ നിരക്കിലും പിഇ അനുപാതം 19 മടങ്ങിലുമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.94 ശതമാനമാണ്. ജൂണ്‍ പാദത്തില്‍ ക്യൂപിഡ് നേടിയ വരുമാനം 30 കോടിയും അറ്റാദായം 4 കോടിയുമാണ്. അതേസമയം ക്യൂപിഡിന്റെ ആകെ ഓഹരിയില്‍ 45 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 0.63 %, റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 54.35% വീതവും ഓഹരി പങ്കാളിത്തമുണ്ട്.
ഇതിനിടെ 231.50 രൂപയിലായിരുന്നു ക്യൂപിഡ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 354 രൂപയും താഴ്ന്ന വില 191 രൂപയുമാണ്.
ഓഹരി ഒഴിവാക്കി
ജൂണ്‍ പാദത്തിനൊടുവില്‍ ക്യൂപിഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കമ്പനിയുടെ 1,70,000 ഓഹരികള്‍ (1.27 % വിഹിതം) പൊറിഞ്ചുവിന്റെ കൈവശം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനമായ ഇക്വിറ്റീസ് ഇന്റലിജന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മുഖേനയായിരുന്നു ഒരു വർഷം മുന്നേ ഓഹരികള്‍ സ്വന്തമക്കിയിരുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ പുറത്തുവന്ന മുഖ്യ നിക്ഷേപകരുടെ ഓഹരി വിഹിതം സംബന്ധിച്ച ക്യൂപിഡിന്റെ റിപ്പോര്‍ട്ടില്‍ പൊറിഞ്ചുവിന്റെ പേര് കാണാനില്ല.
അതായത് സെപ്റ്റംബര്‍ പാദത്തിനിടെ ക്യൂപിഡില്‍ നിന്നും അദ്ദേഹം പൂര്‍ണമായി പുറത്തുകടക്കുകയോ അല്ലെങ്കില്‍ ഭാഗികമായി വിറ്റൊഴിഞ്ഞ് ഓഹരി പങ്കാളിത്തം 1 ശതമാനത്തിലും താഴെയാക്കുകയോ ചെയ്തുവെന്ന് സാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.