അതേസമയം നഷ്ടസാധ്യതകളോട് മുഖം തിരിക്കാതെ സധൈര്യം റിസ്‌ക് ഏറ്റെടുത്ത് നേട്ടം കൊയ്യുന്നവരില്‍ മുന്‍പന്തിയിലാണ് അദാനി ഗ്രൂപ്പിന്റെ സ്ഥാനമുള്ളത്. സാധ്യതകള്‍ തിരിച്ചറിഞ്ഞ് ചങ്കൂറ്റത്തോടെ കാശിറക്കിയും ചടുലമായ ബിസിനസ് നീക്കങ്ങളിലൂടെയും ചെറിയ കമ്പനികളെ ഏറ്റെടുത്തും വളര്‍ച്ചയുടെ പടവുകള്‍ അതിവേഗമാണ് അദാനി ഗ്രൂപ്പ് ചവിട്ടിക്കയറുന്നത്. ഇതിന്റെ ഫലമെന്നോണം അദാനി ഗ്രൂപ്പ് ഓഹരികളും ഏവരെയും അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് വിപണിയില്‍ കാഴ്ചവെയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ദീപാവലി നവംബര്‍ 4-നാണ് ആഘോഷിച്ചത്. ഇതിനു ശേഷമുള്ള ഒരു വര്‍ഷ കാലയളവില്‍ നേട്ടം കൊയ്തവരില്‍ മുന്നിലുള്ളത് അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ് എന്നീ ഓഹരികളാണ്. ഇവ മൂന്നൂം 100 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
കഴിഞ്ഞ വര്‍ഷം ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ആറ് ഓഹരികളില്‍ കുറച്ച് നേട്ടം കരസ്ഥമാക്കിയ അദാനി പോര്‍ട്ട്‌സ് & സെസ് പോലും 13 ശതമാനം ലാഭം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. മറ്റ് രണ്ട് ഗ്രൂപ്പ് ഓഹരികളായ അദാനി ഗ്രീന്‍ 77 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ 72 ശതമാനം നേട്ടവും കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ രേഖപ്പെടുത്തുന്നു.
അതേസമം ഹിന്ദു വിശ്വാസ പ്രകാരമുള്ള വ്യാപാര വര്‍ഷമായ ‘സംവത് 2078’ (കഴിഞ്ഞ ദീപാവലിക്ക് ശേഷം) കാലയളവില്‍ മൂന്ന് ഓഹരികള്‍ കൂടി അദാനി ഗ്രൂപ്പിന്റെ ഭാഗമായി ചേര്‍ന്നു. ഇതില്‍ ഗ്രൂപ്പിന്റെ എഫ്എംസിജി കമ്പനിയായിരുന്ന അദാനി വില്‍മര്‍ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നടപടികളിലൂടെയാണ് വിപണിയിലേക്ക് കടന്നുവന്നത്. എന്നാല്‍ മുന്‍നിര സിമന്റ് കമ്പനികളായ എസിസി, അംബുജ സിമന്റസ് എന്നിവരെ രാജ്യത്ത് ഇതുവരെയുള്ളതിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഇടപാടിലൂടെ അദാനി ഗ്രൂപ്പിന്റെ ഭാഗമാക്കുകയായിരുന്നു.
ഇനിയെന്ത് ചെയ്യണം ?
അദാനി പോര്‍ട്ട്‌സ് & സെസ് ഓഹരികള്‍ രാജ്യത്തെ പ്രമുഖരായ 22 അനലിസ്റ്റുകള്‍ പിന്തുടരുന്നുണ്ട്. ഇവരാരും തന്നെ നിലവില്‍ ഈ ഓഹരിക്ക് വിറ്റൊഴിയാനുള്ള ‘സെല്‍ റേറ്റിങ്’ നല്‍കിയിട്ടില്ല. ഈ വിപണി വിദഗ്ദര്‍ അദാനി പോര്‍ട്ട്‌സ് & സെസ് ഓഹരിയില്‍ നിര്‍ദേശിച്ച ലക്ഷ്യവിലകളുടെ ശരാശരി 913 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 14% മുകളിലാണ്.
അടുത്തിടെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ്, അദാനി പോര്‍ട്ട്‌സ് (BSE: 532921, NSE : ADANIPORTS) ഓഹരിക്ക് നല്‍കിയിരുന്ന ലക്ഷ്യവില 810 രൂപയില്‍ നിന്നും 900-ലേക്ക് ഉയര്‍ത്തിയിരുന്നു.
അതേസമയം അദാനി പവര്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ അദാനി ഗ്രൂപ്പ് ഓഹരികളില്‍ പ്രമുഖ വിപണി വിദഗ്ധരൊന്നും പിന്തുടരുന്നില്ല. അതിനാല്‍ ഇവയുടെ സമീപഭാവിയിലേക്കുള്ള ലക്ഷ്യവില ലഭ്യമല്ല.
എന്നാല്‍ മുന്‍നിര റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ വെഞ്ചൂറ സെക്യൂരിറ്റീസ്, അദാനി ടോട്ടല്‍ ഗ്യാസ് (BSE: 542066, NSE : ATGL) ഓഹരിക്ക് ദീര്‍ഘകാലയളവിലേക്ക് കൈവശം വെയ്ക്കാമെന്ന ‘ഹോള്‍ഡ് റേറ്റിങ്’ നല്‍കിയിട്ടുണ്ട്. സീമപ കാലയളവിലേക്ക് അദാനി ടോട്ടല്‍ ഗ്യാസ് ഓഹരിക്ക് വെഞ്ചൂറ സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്ന ലക്ഷ്യവില 3,475 രൂപയാണ്. ഓഹരിയുടെ വിപണി വിലയേക്കാള്‍ 6% മാത്രം മുകളിലാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.