കൊച്ചി
ബജറ്റ് നിർദേശങ്ങളുടെ പേരിൽ അക്രമസമരം നടത്തുന്നത് കേരളത്തെ നശിപ്പിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എ പി വർക്കി അനുസ്‌മരണ സമ്മേളനം തൃപ്പൂണിത്തുറയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിനും പെട്രോളിനും സെസ് ഏർപ്പെടുത്തിയത് 60 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നത് ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കാനാണ്. സർക്കാരിനുമുന്നിൽ മറ്റു മാർഗങ്ങളില്ല. കേന്ദ്രസർക്കാർ നിരവധിതവണ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വിലകൂട്ടി. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന നിലപാടാണ് കോൺഗ്രസിനും ബിജെപിക്കും.
എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം അനുവദിക്കാതിരിക്കാനാണ് സാമ്പത്തികരംഗത്ത് കേന്ദ്രസർക്കാർ കടുംപിടിത്തം നടത്തുന്നത്. നികുതി പിരിക്കാൻ സംസ്ഥാനത്തിനുള്ള അവകാശം പൂർണമായും കവർന്നു. സങ്കീർണമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാനായാൽ 2025ൽ ആർഎസ്‌എസ് ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കും. ഭരണഘടനാ സ്ഥാപനങ്ങളെ അർധസൈനിക വിഭാഗങ്ങളാക്കി അവർ ഇതിനകം മാറ്റി. ബിജെപിയെ ചെറുക്കാൻ ഇപ്പോൾ ദേശീയ അടിസ്ഥാനത്തിൽ ഏതെങ്കിലും പാർടിയുണ്ടെന്ന് പറയാനാകില്ല. ബിജെപിയെ പരാജയപ്പെടുത്താൻ പര്യാപ്തമായ വോട്ട്–- സീറ്റ് ക്രമീകരണത്തിലൂടെ നേടാനാകും. ഇതിന് ചില നീക്കുപോക്കുകൾ വേണ്ടിവരും. ഇതിനാണ് ത്രിപുരയിൽ കോൺഗ്രസുമായി നീക്കുപോക്ക് ഉണ്ടാക്കിയിരിക്കുന്നത്.
ത്യാഗപൂർണമായ ജീവിതത്തിന്റെ ഫലമായി ജനങ്ങളുടെ മനസ്സിലുണ്ടാകുന്ന അവബോധമാണ് നേതാവിനെ സൃഷ്‌ടിക്കുന്നത്. എ പി വർക്കി അങ്ങനെയുള്ള നേതാവായിരുന്നെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ