ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്‌ടിക്കുന്നു: മന്ത്രി എം ബി രാജേഷ്

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജലബജറ്റ് ബ്രോഷർ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനു നൽകി മന്ത്രി പ്രകാശനം ചെയ്തു. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാൻ ആഗോള നടപടികൾക്കു പുറമെ പ്രാദേശിക ഇടപെടലുകളും വേണം. ഇത്തരത്തിലുള്ള സുപ്രധാന ഇടപെടലാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ തയ്യാറാക്കുന്ന ജലബജറ്റെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

അധികാര വികേന്ദ്രീകരണത്തിലൂടെ വിവിധ വികസന പദ്ധതികൾ വിജയകരമായി നടപ്പാക്കിയ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ജലബജറ്റ് വിജയകരമായി തയ്യാറാക്കാനാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി എൻ സീമ പറഞ്ഞു. പ്രാദേശിക വികസന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിന് ജലബജറ്റ് ഒരു മുതൽക്കൂട്ടാകുമെന്നും ഡോ. ടി എൻ സീമ അഭിപ്രായപ്പെട്ടു. കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി പി മുരളി ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി. നവകേരളം കർമപദ്ധതി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇന്ദു എസ്, അസിസ്റ്റന്റ് കോർഡിനേറ്റർ ടി പി സുധാകരൻ എന്നിവർ സംസാരിച്ചു.

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ ജലവിഭവ വികസന വിനിയോഗ കേന്ദ്രവും (CWRDM) സംയുക്തമായാണ് ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. സിഡബ്ല്യൂആർഡിഎമ്മിലെ സീനിയർ സയന്റിസ്റ്റ് ഡോ. സുശാന്ത്, സയന്റിസ്റ്റ് ഡോ. വിവേക് എന്നിവരാണ് ടെക്‌നിക്കൽ സെഷന് നേതൃത്വം നൽകുന്നത്. ആദ്യഘട്ടത്തിൽ ജലബജറ്റ് തയ്യാറാക്കുന്ന തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെയും 95 ഗ്രാമപഞ്ചായത്തുകളിലെയും പ്രസിഡന്റുമാരും പ്രതിനിധികളുമാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്കു നടക്കുന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജലബജറ്റ് മാർഗ്ഗരേഖയുടെ പ്രകാശനവും മന്ത്രി നിർവ്വഹിക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!