ഒആർഎസ്‌ അത്ഭുതലായനി ആയതിനു പിന്നിൽ

Spread the love


Thank you for reading this post, don't forget to subscribe!

അരനൂറ്റാണ്ട് പിന്നിൽനിന്ന് തുടങ്ങണം. 1971 ബംഗ്ലാദേശ്‌ വിമോചന യുദ്ധകാലം. ലക്ഷക്കണക്കിന് ആളുകൾ കിഴക്കൻ പാകിസ്ഥാൻ എന്ന ഇന്നത്തെ ബംഗ്ലാദേശിൽനിന്ന് സർവവും ഉപേക്ഷിച്ച് ഇന്ത്യ-–- ബംഗ്ലാദേശ് അതിർത്തിയിലെ അഭയാർഥി ക്യാമ്പുകളിൽ. വൃത്തിയും ശുചിത്വവുമൊന്നുമില്ലാത്ത ക്യാമ്പുകളിൽ കോളറ പടർന്നുപിടിച്ചു. മരണസംഖ്യ ഉയർന്നത്‌  വളരെ പെട്ടെന്നായിരുന്നു.

ആയിരങ്ങൾ കോളറ ബാധിതരായി. ക്യാമ്പിലെ ആശുപത്രിയിൽ രണ്ടു മുറിയിലായി ആകെയുള്ളത് 16 കിടക്ക. ഛർദിച്ചും വയറിളകിയും അവശരായ രോഗികൾ കിടക്കയിലും നിലത്തുമായി നിരന്നുകിടന്നു.  അന്ന്‌ നിലവിലുള്ള ഏക ചികിത്സ ഞരമ്പിലൂടെ ഐവി ഫ്ലൂയിഡ് കുത്തിവയ്‌ക്കുക മാത്രമാണ്. രണ്ടേരണ്ട്‌ നഴ്‌സുമാർക്കാണ് ഐവി ഫ്ലൂയിഡ് കുത്തിവയ്ക്കാൻ അറിയാവുന്നത്. ചികിത്സയ്ക്ക് നേതൃത്വം നൽകിയിരുന്നത് ഡോ. ദിലീപ് മഹലനാബിസാണ്.

ഡോ. ദിലീപ് മഹലനാബിസ്‌

1934ൽ അവിഭക്ത ബംഗാളിൽ ജനിച്ച അദ്ദേഹം  58ൽ കൽക്കത്ത മെഡിക്കൽ കോളേജിൽനിന്ന് ബിരുദം നേടി. നാഷണൽ ഹെൽത്ത് സർവീസിലെയും ലണ്ടൻ എഡിൻബർഗിലെയും ഉപരിപഠനത്തിനുംശേഷം കുട്ടികളുടെ ക്വീൻ എലിസബത്ത് ആശുപത്രിയിലെ രജിസ്ട്രാറായി. പിന്നീട് അമേരിക്കയിലെ ജോൺ ഹോപ്കിൻസ് ഇന്റർനാഷണൽ റിസർച്ച് സെന്ററിന്റെ കൊൽക്കത്ത കേന്ദ്രത്തിൽനിന്ന്‌ കോളറ അടക്കമുള്ള രോഗങ്ങളിലെ ഗവേഷകനും. ഈ അനുഭവസമ്പത്തുമായാണ്‌  അദ്ദേഹം അഭയാർഥി ക്യാമ്പുകളിൽ എത്തുന്നത്‌. ഇത്‌ അദ്ദേഹത്തിനും വൈദ്യശാസ്‌ത്രത്തിനും വഴിത്തിരിവായി.

മൂന്നാഴ്ചകൊണ്ട് മൂവായിരത്തിലേറെപ്പേരെയാണ് മഹലനാബിസിന്‌ ചികിത്സിക്കേണ്ടിവന്നത്. ഐവി ഫ്ലൂയിഡ് ഉപയോഗിച്ച് കൂട്ടമരണം തടയാനാകുന്നില്ല. കൺമുന്നിൽ കോളറമൂലം രോഗികൾ മരിച്ചുവീഴുന്ന  കാഴ്ച അദ്ദേഹത്തെ  അസ്വസ്ഥനാക്കി. അപ്പോഴാണ് ജോൺ ഹോപ്കിൻസിൽ പഠിച്ച ലളിതമായ കാര്യം അദ്ദേഹത്തിന്റെ ഓർമയിൽ എത്തിയത്. ഉപ്പും പഞ്ചസാരയും ശുദ്ധജലവും കൃത്യമായ അനുപാതത്തിൽ കലർത്തിയുണ്ടാക്കുന്ന ഓറൽ റീഹൈഡ്രേഷൻ ലായനിയായിരുന്നു അത്.  രോഗികൾക്ക് അദ്ദേഹം ഒആർഎസ് ലായനി കൊടുക്കാൻ തുടങ്ങി. ആ തീരുമാനം ആധുനിക വൈദ്യശാസ്ത്രചരിത്രത്തിലെ വിപ്ലവകരമായ തീരുമാനമായി മാറി. ഒആർഎസ് ലായനിയുടെ പിതാവ്‌ എന്നപേരിൽ ദിലീപ് മഹലനാബിസ് അറിയപ്പെടാൻ ഇടയാക്കിയ തീരുമാനം.

വയറിളക്കവും മരണങ്ങളും

വൈറസുകളോ  ബാക്ടീരിയകളോ മൂലമുള്ള അണുബാധയാണ് വയറിളക്കരോഗങ്ങൾക്ക് പലപ്പോഴും കാരണമാകുന്നത്. ഇതിലൂടെ ശരീരത്തിൽനിന്ന്‌  ജലവും  ലവണങ്ങളും നഷ്ടമാകുന്നത്‌ മരണകാരണമാകും. വയറിളക്ക രോഗങ്ങളിൽ ഏറ്റവും പ്രധാനിയാണ് കോളറ. ആന്റിബയോട്ടിക്സ് കൊടുത്താലും ഇതുമൂലമുള്ള  മരണനിരക്ക് ഒരുകാലത്ത്‌  കുറഞ്ഞിരുന്നില്ല. രോഗം ബാധിച്ച് 24 മണിക്കൂറിനുള്ളിൽ രോഗിയുടെ ശരീരത്തിൽനിന്ന് 20 ലിറ്ററിലേറെ വെള്ളവും ലവണങ്ങളും നഷ്ടമാകുന്നതായിരുന്നു പ്രധാന കാരണം.  വിളറി ശുഷ്കിച്ച് ശരീരത്തിലെ രക്തസമ്മർദം കുറയുകയും അതിലൂടെ മരണം സംഭവിക്കുകയുംചെയ്യും. 20–-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോളറ ബാധിക്കുന്ന ആളുകളിൽ 60-–-70 ശതമാനവും  മരിക്കുകയായിരുന്നു പതിവ്. നിർജലീകരണംമൂലമുള്ള  മരണസംഖ്യ കുറയ്ക്കാനായിരുന്നു ശാസ്ത്രത്തിന്റെ നെട്ടോട്ടം.

കുടലിൽനിന്ന് ശരീരം ഗ്ലൂക്കോസ് തന്മാത്രകൾ ആഗീരണം ചെയ്യുന്നതിനൊപ്പം സോഡിയവും വെള്ളവും ആഗീരണം ചെയ്യുന്നുണ്ടെന്ന് 1940––50കളിൽ നടന്ന ഗവേഷണങ്ങളിൽ  കണ്ടെത്തി. ഇതിനെ  ഗുണപരമായി ശരീരത്തിൽ പ്രാവർത്തികമാക്കാമെന്ന്‌  മനസ്സിലാക്കാൻ പിന്നെയും കാലമെടുത്തു. വയറിളക്കരോഗംമൂലമുള്ള നിർജലീകരണത്തെ ആദ്യം ചികിത്സിച്ചത് ഞരമ്പിലൂടെ നേരിട്ട് ഇൻട്രാവീനസ് ഫ്ലൂയിഡ് എന്ന ഐവി ഫ്ലൂയിഡ് നൽകിയാണ്‌.

കുടലിൽ അണുബാധ ഉണ്ടായാലും ആഗീരണശേഷിക്ക് വ്യത്യാസം വരുന്നില്ലെന്നും പത്തോ ഇരുപതോ ലിറ്റർ വെള്ളം നഷ്ടമായാലും അത്രയും വെള്ളം കുടിച്ചാൽ അതിൽ കുറേയെങ്കിലും ശരീരം ആഗീരണം ചെയ്യുമെന്നും ഗ്ലൂക്കോസിന്റെയോ അമിനോ ആസിഡിന്റെയോ കൂടെ കൊടുക്കുകയാണെങ്കിൽ ഏറെ ഗുണകരമാകുമെന്നും ലബോറട്ടറി പരിശോധനകളിലൂടെ കണ്ടെത്തി.

ലബോറട്ടറികളിൽ നടത്തുന്ന ഗവേഷണങ്ങളെ ബെഞ്ച് സൈഡെന്നാണ് പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഒരു കണ്ടെത്തൽ ബെഞ്ച് സൈഡിൽനിന്ന് ബെഡ് സൈഡിലെത്താൻ ദശാബ്ദങ്ങളെടുക്കും. അനവധി പരീക്ഷണനിരീക്ഷണങ്ങളിലൂടെയും പാർശ്വഫല പഠനങ്ങൾക്കുംശേഷം മാത്രമേ അത് രോഗികളിലെത്തിക്കാനാകൂ. ഇവിടെയാണ് മഹലനിബസിന്റെ സംഭാവനയുടെ മഹത്വം. ബെഞ്ച് സൈഡിൽ നടന്ന ഒരു കണ്ടുപിടിത്തത്തെ ബെഡ് സൈഡിലേക്കു വളരെവേഗംഎത്തിച്ചതായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. രോഗം മാറാൻ വിലയേറിയ ആന്റിബയോട്ടിക്കുകൾ നൽകണമെന്ന വിശ്വാസത്തെയും അദ്ദേഹത്തിന്റെ ഈ തീരുമാനം മാറ്റിമറിച്ചു.

മഹലനാബിസ് ചെയ്‌ത‌ത്

മഹലനാബിസ് കൊൽക്കത്തയിലെ ജോൺ ഹോപ്കിൻസ് ലാബിലാണ്  ഒആർഎസ് (Oral Rehydration Solution) ആദ്യം ഉണ്ടാക്കിയത്. ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാനുള്ള പൊടിയിൽ 22 ഗ്രാം ഗ്ലൂക്കോസ് (മോണോഹൈഡ്രേറ്റ്), 3.5 ഗ്രാം സോഡിയം ക്ലോറൈഡ് (ഉപ്പ്), 2.5 ഗ്രാം സോഡിയം ബൈകാർബണേറ്റ് (ബേക്കിങ്‌ സോഡ) എന്നതായിരുന്നു ആദ്യ ഫോർമുല. ഒരു ലിറ്ററിനുള്ള ചെലവ് വെറും 11 പൈസയായിരുന്നു. അത് പോളിത്തീൻ ബാഗുകളിൽ നിറച്ചു. രണ്ടു ലിറ്ററിനും 16 ലിറ്ററിനുമുള്ള രണ്ട് പായ്ക്കറ്റ്‌ വീതമാണുണ്ടാക്കിയത്. ബാഗിനു പുറത്ത് ഉപയോഗിക്കേണ്ട മാർഗം ലളിതമായി എഴുതിവച്ചു. ലായനി ഉണ്ടാക്കാനുള്ള എല്ലാ സാധനങ്ങളും പ്രാദേശികമായി ലഭ്യവുമായിരുന്നു.

ഈ പായ്ക്കറ്റുകൾ രോഗം പടർന്നുപിടിക്കുന്ന ഇടങ്ങളിൽ അദ്ദേഹം  എത്തിച്ചു. അവിടെ വലിയ പാത്രങ്ങളിൽ ഇത് ശുദ്ധജലത്തിൽ കലക്കിവച്ചു. ബന്ധുക്കൾക്കോ മറ്റാർക്കെങ്കിലുമോ ഈ ലായനി ഗ്ലാസുകളിലാക്കി രോഗികൾക്ക്‌ എടുത്തുകൊടുക്കാം.  രോഗികൾ പെരുകുന്ന പ്രദേശങ്ങളിൽ മരുന്നുമായി ഇറങ്ങിച്ചെല്ലുന്ന പ്രക്രിയയായിരുന്നു അത്. ലോക വൈദ്യശാസ്ത്രചരിത്രത്തിലെതന്നെ ആദ്യത്തെ ഫീൽഡ് എക്സ്പീരിയൻസ് എന്ന് ഇതിനെ വിശേഷിപ്പിക്കുന്നതിലും തെറ്റില്ല.

രണ്ടോ മൂന്നോ ആഴ്ചയ്‌ക്കുള്ളിൽ മരണനിരക്ക് കുത്തനെ താഴ്ന്നുതുടങ്ങി. പരിശീലനം ലഭിക്കാത്തവർക്കുപോലും ഉപ്പും ഗ്ലൂക്കോസും എങ്ങനെ കലർത്താമെന്ന് വിവരിക്കുന്ന ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്തു.30 ശതമാനമെന്ന മരണനിരക്കിനെ മൂന്നു ശതമാനത്തിനു താഴെയെത്തിക്കാൻ ഈ ‘മാജിക്കി’ലൂടെ കഴിഞ്ഞു. ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ച ഈ പ്രവർ‌ത്തനം ആരോഗ്യചരിത്രത്തിലെ ഏറ്റവും പ്രധാന കണ്ടുപിടിത്തങ്ങളിലൊന്നായി മാറുകയായിരുന്നു. ആന്റിബയോട്ടിക്കുകളും വിലകൂടിയ മരുന്നുകളുമാണ് അണുബാധയ്ക്ക് നൽകേണ്ടതെന്നും നിസ്സാരമായ വെള്ളമൊക്കെ കൊടുത്താൽ രോഗികൾക്ക് പ്രയോജനം ചെയ്യില്ലെന്നുമുള്ള ധാരണ മാറി.

നിർജലീകരണം പരിഹരിച്ചാൽ മരണനിരക്ക്‌  കുറയ്ക്കാനാകുമെന്നും അതിന് അടുത്തു ലഭിക്കുന്ന സാധനങ്ങൾ  മതിയെന്നുമുള്ള കണ്ടെത്തൽ വലിയ നേട്ടമുണ്ടാക്കി. വയറിളക്കരോഗങ്ങൾക്ക്‌ ഒ ആർ എസ്‌ പാനീയ ചീകിത്സയ്‌ക്ക്‌ തുടക്കമിട്ടത്‌ ഇവിടെയാണ്‌. നിരവധി രാജ്യങ്ങളിൽ, യുദ്ധമേഖലകളിൽ അദ്ദേഹം പിന്നീട്‌ പ്രവർത്തിച്ചു.  ലോകാരോഗ്യസംഘടനയും വിവിധ രാജ്യങ്ങളും മഹലനാബിസിന്‌  വലിയ അംഗീകാരങ്ങൾ നൽകിയെങ്കിലും ഇന്ത്യയിൽനിന്ന്‌ മതിയായ പരിഗണന  ലഭിച്ചില്ല.

പ്രതിവർഷം ലോകത്ത്‌  അഞ്ചു വയസ്സിൽ താഴെയുള്ള അഞ്ചു ദശലക്ഷം  കുട്ടികൾ വയറിളക്കരോഗങ്ങളാൽ മരിക്കുന്നുവെന്നതായിരുന്നു 80ലെ കണക്ക്. 2018ൽ എത്തുമ്പോൾ ഇത്  അ‍ഞ്ചു ലക്ഷത്തിൽ താഴെയായി.  ലോകജനസംഖ്യ 70 ശതമാനം വർധിച്ച സ്ഥാനത്താണിത്. 60 ദശലക്ഷം മരണം തടയാൻ ഒആർഎസ് ലായനിക്ക്‌ കഴിഞ്ഞുവെന്ന്‌  ലോകാരോഗ്യസംഘടന പറയുന്നു.  90ലാണ് വികസിത രാജ്യങ്ങൾ ഒആർഎസ്‌  ലായനി വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത്.

വീട്ടിലുണ്ടാക്കാം ശ്രദ്ധ വേണം

വയറിളക്കം മൂലമുള്ള നിർജലീകരണം തടയാൻ വീട്ടിലുണ്ടാക്കാവുന്ന ഒന്നാണ് ഒആർഎസ് ലായനി. ആറ് ടീസ്പൂൺ പഞ്ചസാരയും (1 സ്പൂൺ = 5 ഗ്രാം) അര സ്പൂൺ ഉപ്പും ഒരു ലിറ്റർ ശുദ്ധജലത്തിൽ കലർത്തി പഞ്ചസാരയും ഉപ്പും അലിഞ്ഞുചേരുന്നതുവരെ ഇളക്കിയെടുത്താൽ ഒആർഎസ് ലായനിയായി. ഇതിന് വെള്ളം മാത്രമേ ഉപയോഗിക്കാവൂ (പാൽ, സൂപ്പ്, പഴച്ചാർ, ശീതളപാനീയങ്ങൾ എന്നിവ ഉപയോഗിക്കരുത്).

മെഡിക്കൽ സ്റ്റോറുകളിൽനിന്നും മറ്റും ഒആർഎസ് വാങ്ങാൻ കിട്ടും. ഇതിൽ അധികമായി പഞ്ചസാരയോ ഉപ്പോ ചേർക്കാനും പാടില്ല. ഒആർഎസ് പാക്കറ്റ് വൃത്തിയുള്ള പാത്രത്തിൽ ശരിയായ അളവിൽ വെള്ളവുമായി കലർത്തണം. വെള്ളം കുറയുന്നതും പഞ്ചസാരയുടെ അളവ് കൂടുന്നതും വയറിളക്കം കൂടുതൽ വഷളാക്കും. ഉപ്പിന്റെ അളവ് കൂടുന്നതും ദോഷകരമാണ്. കുട്ടികൾക്കാണെങ്കിൽ ലായനി നന്നായി ഇളക്കിയശേഷം കപ്പിൽ വേണം കുടിക്കാൻ കൊടുക്കാൻ. ബാക്ടീരിയ മൂലമുള്ള മലിനീകരണ സാധ്യതയുള്ളതിനാൽ ഒആർഎസ്‌ ലായനി ഉണ്ടാക്കി 24 മണിക്കൂറിൽ കൂടുതൽ സൂക്ഷിച്ചുവയ്ക്കരുത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!