ദീപാവലി ആഴ്ചയില്‍ നിഫ്റ്റി 18,000 തൊടുമോ? ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങള്‍ എന്തൊക്കെ?

Spread the love


Thank you for reading this post, don't forget to subscribe!

രണ്ടാം പാദഫലം

വരുന്നയാഴ്ച 100-ലധികം കോര്‍പറേറ്റ് കമ്പനികള്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ പ്രവര്‍ത്തനഫലം പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടും പുറത്തുവിടും.

ചെന്നൈ പെട്രോളിയം (ഒക്ടോ. 25), ഡാബര്‍ ഇന്ത്യ, ക്രോംപ്ടണ്‍ ഗ്രീവ്‌സ്, സെഞ്ചുറി ടെക്‌സ്റ്റൈല്‍സ് (ഒക്ടോ. 26), എസ്ബിഐ കാര്‍ഡ്‌സ്, ടാറ്റ കെമിക്കല്‍സ്, ആദിത്യ ബിര്‍ള എഎംസി, വി-ഗാര്‍ഡ്, പിഎന്‍ബി ഹൗസിങ് (ഒക്ടോ. 27), മാരുതി, വേദാന്ത, ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ പവര്‍, ജെഎസ്ഡബ്ല്യൂ എനര്‍ജി, ബന്ധന്‍ ബാങ്ക് (ഒക്ടോ. 28), എന്‍ടിപിസി, ഇന്ത്യന്‍ ഓയില്‍, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (ഒക്ടോ. 29) തുടങ്ങിയ മുന്‍നിര കമ്പനികള്‍ ഈയാഴ്ച ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ പ്രവര്‍ത്തനഫലം പ്രസിദ്ധീകരിക്കും.

ആഗോള ഘടകങ്ങള്‍

യുഎസ് ജിഡിപി: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സെപ്റ്റംബര്‍ പാദത്തിലെ ജിഡിപി നിരക്കുകള്‍ സംബന്ധിച്ച അനുമാനം ആഗോള വിപണികളും ഉറ്റുനോക്കും. ഒക്ടോബര്‍ 27-നാണ് ജിഡിപി വളര്‍ച്ചാ നിരക്കിലെ പുതിയ അനുമാനം പ്രസിദ്ധീകരിക്കുന്നത്. നാല് ദശാബ്ദങ്ങള്‍ക്കിടയിലെ ഉയര്‍ന്ന നിലയില്‍ പണപ്പെരുപ്പം തുടരുന്നതിന്റേയും ചടുലമായി അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന്റേയും യുഎസ് സമ്പദ്ഘടനയിലെ പ്രതിഫലനം ആഗോള വിപണിക്കും നിര്‍ണായകമാണ്.

Also Read: ഈയാഴ്ച ഇരട്ടിയാകും! ഈ 2 സ്‌മോള്‍ കാപ് ഓഹരികള്‍ നോക്കിവെയ്ക്കാം

>> ലോകത്തെ രണ്ടാമത്തെ വന്‍ സാമ്പത്തിക ശക്തിയായ ചൈനയില്‍ നിന്നും പ്രധാന സ്ഥിതിവിവരക്കണക്കുകള്‍ ഈയാഴ്ച പുറത്തുവരുന്നുണ്ട്. ഒക്ടോബര്‍ 24-ന് മൂന്നാം പാദത്തിലെ ജിഡിപി നിരക്കുകള്‍ പ്രസിദ്ധീകരിക്കും. വ്യാവസായിക ഉത്പാദനം, ചില്ലറ വ്യാപാരം, തൊഴിലില്ലായ്മ നിരക്ക്, വ്യാപാരമിച്ചം സംബന്ധിച്ച കണക്കുകളും അന്നേ ദിവസം തന്നെ പുറത്തുവരും.

>> യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി)- പലിശ നിരക്ക് സംബന്ധിച്ച ഏറ്റവും പുതിയ തീരുമാനം ഒക്ടോബര്‍ 27-ന് പ്രഖ്യാപിക്കും. സെപ്റ്റംബറില്‍ ചേര്‍ന്ന ഇസിബിയുടെ യോഗത്തില്‍ പലിശ നിരക്ക് 0.75% വര്‍ധിപ്പിച്ചിരുന്നു.

>> ബാങ്ക് ഓഫ് ജപ്പാന്‍- പലിശ നിരക്കിലെ പുതിയ തീരുമാനം ഒക്ടോബര്‍ 28-ന് പ്രഖ്യാപിക്കും.

രൂപയുടെ വിനിമയ നിരക്ക്

കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ യുഎസ് ഡോളറിനെതിരായ വിനിമയ നിരക്കില്‍ തിരിച്ചടി നേരിട്ട് ഇന്ത്യന്‍ രൂപ ആദ്യമായി 83 നിലവാരവും ഭേദിച്ചു. കഴിഞ്ഞയാഴ്ച 32 പൈസയുടെ നഷ്ടമാണുണ്ടായത്. ഇതോടെ ഒരു മാസക്കാലയളവില്‍ 4 ശതമാനത്തോളം ഇടിവ് രൂപയുടെ വിനിമയ നിരക്കില്‍ രേഖപ്പെടുത്തി. ഡോളര്‍ ശക്തിപ്രാപിക്കുന്നത് തുടരുകയാണെങ്കില്‍ ഓഹരി വിപണിക്ക് തിരിച്ചടിയാകും. എന്നാല്‍ അമേരിക്കന്‍ പലിശ നിരക്ക് വര്‍ധന ഡിസംബറോടെ മയപ്പെട്ടേക്കുമെന്ന സൂചനകള്‍ നില മെച്ചപ്പെടുത്താന്‍ രൂപയെ സഹായിച്ചേക്കും.

Also Read: ഇവർ സമ്പന്നതയിലേക്ക്; അവിചാരിത ധനനേട്ടങ്ങള്‍ വന്നുചേരും

മറ്റ് ഘടകങ്ങള്‍

>> എഫ്‌ഐഐ- കഴിഞ്ഞ മാസങ്ങളില്‍ വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) തുടര്‍ച്ചയായി വാങ്ങുന്നുണ്ടായിരുന്നെങ്കിലും അടുത്തിടെയായി സമ്മിശ്ര നീക്കങ്ങളാണ് കാണുന്നത്. കഴിഞ്ഞയാഴ്ച 1,300 കോടിക്ക് ഓഹരികള്‍ വാങ്ങിയിട്ടുണ്ടെങ്കിലും മാസക്കാലയളവില്‍ 8,500 കോടിയുടെ അറ്റവില്‍പനയാണ് വിദേശ നിക്ഷേപകരുടെ പൊസിഷനില്‍ കാണാനാകുന്നത്.

>> ക്രൂഡ് ഓയില്‍- സാമ്പത്തിക മാന്ദ്യ ആശങ്കകള്‍ ക്രൂഡ് ഓയിലിന്റെ മുന്നേറ്റത്തിന് തടയിട്ടിരുന്നു. എന്നാല്‍ അമേരിക്കയിലെ പലിശ നിരക്കുയര്‍ത്തലിന്റെ വേഗത കുറച്ചേക്കുമെന്ന നിഗമനം ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയേക്കാം. 100 ഡോളര്‍ നിലവാരം ക്രൂഡ് ഓയില്‍ മറികടന്നാല്‍ ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയാകും.

നിഫ്റ്റിയില്‍ ഈയാഴ്ച

200-ഡിഎംഎ നിലവാരം പരീക്ഷിക്കപ്പെട്ട് പിന്തുണയാര്‍ജിച്ച ശേഷം പ്രധാന സൂചികയായ നിഫ്റ്റിയുടെ ചാര്‍ട്ടില്‍ ബുള്ളിഷ് ലക്ഷണമായ ‘ഹയര്‍ ടോപ് ഹയര്‍ ബോട്ടം’ പാറ്റേണ്‍ പ്രകടമാണ്. നിലവില്‍ തൊട്ടടുത്ത പ്രതിരോധം 17,725 മേഖലയിലാണ്. ഇത് മറികക്കാന്‍ സാധിച്ചാല്‍ സൂചികയ്ക്ക് 17,900/ 18,000 നിലവാരത്തിലേക്ക് മുന്നേറാനാകും.

അതേസമയം 17,400 നിലവാരത്തില്‍ വീഴ്ചയെ തടയിടാനുള്ള സപ്പോര്‍ട്ട് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇതു തകര്‍ന്നാലും 17,300/ 17,200 നിലവാരത്തില്‍ ശക്തമായ പിന്തുണ ലഭിക്കാമെന്നും സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിന്റെ സന്തോഷ് മീണ സൂചിപ്പിച്ചു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പേ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!