മാർച്ച് ഒന്നു മുതൽ ദീർഘദൂര സ്വകാര്യ ബസുകൾ ഓടുമോ? താൽക്കാലിക പെർമിറ്റ് പുതുക്കി നൽകിയേക്കില്ല

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: സംസ്ഥാനത്ത് ദീർഘദൂര സ്വകാര്യ ബസുകളുടെ പെർമിറ്റ് മാർച്ച് ഒന്നു മുതൽ പുതുക്കി നൽകിയേക്കില്ല. 140 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ താൽക്കാലിക പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്നാണ് ഗതാഗതവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം പിൻവലിപ്പിക്കാൻ സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

തീരുമാനം നടപ്പാക്കിയാൽ സംസ്ഥാനത്ത് ഗതാഗതക്ലേശം രൂക്ഷമാകുമെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്. പ്രത്യേകിച്ചും വടക്കൻ കേരളത്തിൽ ദീർഘദൂര സ്വകാര്യബസുകളെയാണ് കൂടുതൽ യാത്രക്കാരും ആശ്രയിക്കുന്നത്. 140 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള സ്വകാര്യ ബസ് റൂട്ടുകളിൽ കെഎസ്ആർടിസി ടേക്കോവർ സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ ഇത് കാര്യക്ഷമമല്ലെന്നാണ് യാത്രക്കാർ പറയുന്നത്.

2014ൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മേല്‍ സര്‍വിസ് നടത്താന്‍ പെർമിറ്റ് നല്‍കേണ്ടെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടത്. സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുനല്‍കാന്‍ കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ അനുവദിക്കുന്നില്ല.

റൂട്ട് ദേശസാത്കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നത് വൈകുന്നതും യാത്രാ ക്ലേശവും പരിഗണിച്ച്‌ 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസുകള്‍ക്ക് നാലു മാസത്തേക്ക് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കുകയായിരുന്നു. ഇത് 2023 ഫെബ്രുവരി 28ന് അവസാനിക്കും. ഇതോടെയാണ് മാർച്ച് ഒന്നു മുതൽ ദീർഘദൂര സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കേണ്ട സാഹചര്യമെത്തുന്നത്.

സംസ്ഥാനത്ത് ഏകദേശം 200 ബസുകളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ഇവയിൽ ഏറെയും മലബാർ മേഖലയിൽ സർവീസ് നടത്തുന്ന ബസുകളാണ്. കൂടാതെ ഇടുക്കി ജില്ലയിലെ വിവിധ മേഖലയിൽനിന്ന് കോട്ടയത്തേക്കും എറണാകുളത്തേക്കും സർവീസ് നടത്തുന്ന ദീർഘദൂര ബസുകളും സർവീസ് നിർത്തേണ്ടിവരും.

Also See- സംസ്ഥാനത്ത് സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ

താൽക്കാലിക പെർമിറ്റ് പുതുക്കി നൽകുന്നതിനായി വിവിധ സ്വകാര്യബസ് ഉടമകളുടെ സംഘടനകൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ചില സംഘടനകളുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് ഈ ആവശ്യം ഉന്നയിച്ചതായാണ് വിവരം. സർക്കാർ ഇക്കാര്യത്തിൽ എന്ത് തീരുമാനം കൈക്കൊള്ളുമെന്നാണ് സ്വകാര്യബസ് ഉടമകൾ ഉറ്റുനോക്കുന്നത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!