Mossad: എന്താണ് മൊസാദിന്റെ പണി? ലോകം ഭയക്കുന്ന ‘ചാരസംഘടന’… വേണമെങ്കില്‍ അതും ചെയ്യും!

Spread the love


കേരളത്തില്‍ നിന്ന് ആധുനിക കൃഷി സാങ്കേതിക വിദ്യകള്‍ പഠിക്കാന്‍ ഇസ്രായേലിലേക്ക് പോയ സംഘത്തില്‍ നിന്ന് ഒരു കര്‍ഷകന്‍ അപ്രത്യക്ഷനായി എന്നത് വലിയ വാര്‍ത്തയായിരുന്നു. എന്തായാലും ദിവസങ്ങള്‍ക്കകം ബിജു കുര്യന്‍ കേരളത്തില്‍ തിരികെ എത്തി. ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘മൊസാദ്’ ആണ് ബിജു കുര്യനെ പിടികൂടി കേരളത്തിലേക്ക് അയച്ചത് എന്നാണ് കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. 

മറ്റേതെങ്കിലും രാജ്യങ്ങളിലെ ഏതെങ്കിലും രഹസ്യാന്വേഷണ ഏജന്‍സിയെ കുറിച്ചാണ് ഇങ്ങനെ പറയുന്നത് എങ്കില്‍ അതിന് അല്‍പം വിശ്വാസ്യതയുണ്ട്. എന്നാല്‍ ഇസ്രായേലിന്റെ സ്വന്തം മൊസാദിനെ കുറിച്ച് ഇങ്ങനെ ഒരു കാര്യം പറയുമ്പോള്‍ ഒരു അത്ഭുതം തോന്നും. ഇത്രയും ചെറിയ ഒരു കാര്യത്തിനൊക്കെ മൊസാദ് ഇറങ്ങിത്തിരിക്കുമോ എന്നത് തന്നെയാണ് ആ അത്ഭുതത്തിന് കാരണം.

Read Also: ഇസ്രായേലിൽ പോയി മുങ്ങിയ കർഷകൻ ബിജു കുര്യൻ തിരിച്ചെത്തി

ആകെ 90 ലക്ഷം ജനസംഖ്യ മാത്രമുള്ള ചെറിയൊരു രാജ്യമാണ് ഇസ്രായേല്‍. എന്നാല്‍ ലോകം ഭയക്കുന്ന, ഏറ്റവും ഡെഡ്‌ലി ആയിട്ടുള്ള ‘ചാരസംഘടന’ അവരുടേതാണ്. ലോകത്തെവിടേയും മൊസാദിന്റെ രഹസ്യാന്വേഷണ ശൃംഖല പരന്നുകിടക്കുന്നുണ്ട്. പലരാജ്യങ്ങളും പലഘട്ടങ്ങളിലും ഈ വിഷയത്തില്‍ മൊസാദിന്റെ സഹായം തേടാറും ഉണ്ട്. പക്ഷേ, ഇസ്രായേലിന് അകത്ത് അവര്‍ ഒരു തരത്തിലും ഉള്ള രഹസ്യാന്വേഷണമോ ചാരപ്പണിയോ ചെയ്യാറില്ല എന്നതാണ് ഇതുവരെ ലഭ്യമായ വിവരം.

1949 ഡിസംബര്‍ 13 ന് ആണ് മൊസാദ് രൂപീകരിക്കപ്പെടുന്നത്. ഇസ്രായേലിലെ ഒരു നിയമവും മൊസാദിനെ ഒരു വിധത്തിലും നിര്‍ണയിക്കുന്നില്ല. മൊസാദിന്റെ ഡയറക്ടര്‍ നേരിട്ട് പ്രധാനമന്ത്രിയ്ക്ക് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതി. അതുകൊണ്ട് തന്നെ ഇസ്രായേലിനുള്ളിലെ ഒരു ‘ഡീപ് സ്റ്റേറ്റ്’ എന്നാണ് പല നിരീക്ഷകരും മൊസാദിനെ വിലയിരുത്തുന്നത്. 

രഹസ്യവിവര ശേഖരണം, അണ്ടര്‍ കവര്‍ ഓപ്പറേഷനുകള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് മൊസാദില്‍ നിക്ഷിപ്തമായിട്ടുള്ള ജോലികള്‍. അതായത്, കേരളത്തില്‍ നിന്ന് ഔദ്യോഗിക സംഘത്തിന്റെ ഭാഗമായി എത്തിയ ഒരാളെ കണ്ടെത്തി തിരിച്ചയക്കുക എന്നത് മൊസാദിന്റെ ജോലിയുടെ ഭാഗമേ അല്ലെന്ന് അര്‍ത്ഥം. പ്രത്യേകിച്ചും ബിജു കുര്യന്‍ എന്ന വ്യക്തിയുടെ വിസ കാലാവധി കഴിഞ്ഞിരുന്നില്ല, അയാള്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്നും ഇല്ല. പിന്നെന്തിന് മൊസാദ് ഇക്കാര്യത്തില്‍ ഇടപെടണം?

ഇസ്രായേലിന് മൊസാദ് മാത്രമല്ല രഹസ്യാന്വേഷണ ഏജന്‍സിയായിട്ടുള്ളത്. അമന്‍ എന്ന പേരില്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയും ഷിന്‍ ബെത് എന്ന പേരില്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയും ഉണ്ട്. എന്തായാലും ബിജു കുര്യന്റെ കാര്യത്തില്‍ മൊസാദ് ഇടപെട്ടു എന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത പലരും പിന്നീടത് രഹസ്യാന്വേഷണ ഏജന്‍സി എന്നാക്കി തിരുത്തിയിട്ടുണ്ട്. എങ്കില്‍ പോലും ഈ വിഷയത്തില്‍ ഏതെങ്കിലും ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇടപെട്ടു എന്ന് സ്ഥിരീകരിക്കുക എളുപ്പമല്ല.

രഹസ്യാന്വേഷണ ഏജന്‍സി എന്നൊക്കെ പറയുമ്പോഴും മൊസാദ് ഒരു ചാരസംഘടനയാണ് എന്ന വിശദീകരണം ആയിരിക്കും കൂടുതല്‍ നല്ലത്. അമേരിക്കയ്ക്ക് സിഐഎയെ പോലേയും പാകിസ്താന് ഐഎസ്‌ഐയെ പോലേയും ഒക്കെയുള്ള ഒരു ചാരസംഘടന. ഏഴായിരത്തില്‍ അധികം ആളുകള്‍ മൊസാദിന് കീഴില്‍ നേരിട്ട് ജോലി ചെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍. വിക്കിപീഡിയയില്‍ നിന്നുള്ള വിവരം പ്രകാരം 2.73 ബില്യണ്‍ ഡോളര്‍ ആണ് ഈ സംഘടനയുടെ വാര്‍ഷിക ബജറ്റ്. 

ദുരൂഹമാണ് മൊസാദിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എട്ട് ഡിപ്പാര്‍ട്ടുമെന്റുകള്‍ മൊസാദിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ഒന്നാണ് മെത്സാദ. ശത്രുക്കളെ ആക്രമിക്കുന്നതിനുള്ളതാണ് ഈ യൂണിറ്റ്. കൊലപാതകങ്ങളും അട്ടിമറികളും ഒക്കെയാണ് ഇവരുടെ ചുമതല എന്നാണ് പറയപ്പെടുന്നത്. ഇത് കൂടാതെ കിഡോണ്‍ എന്ന ഒരു യൂണിറ്റ് കൂടിയുണ്ട്. മൊസാദിലെ ഏറ്റവും ദുരൂഹമായ യൂണിറ്റ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 2,700 ല്‍ അധികം കൊലപാതക ദൗത്യങ്ങള്‍ ഈ യൂണിറ്റ് മാത്രം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.

ഇങ്ങനെയൊക്കെയാണ് ശരിയായ മൊസാദിന്റെ കാര്യങ്ങൾ. ഒരുപക്ഷേ, പുറം ലോകം അറിയാത്ത മറ്റ് പല പ്രവർത്തനങ്ങളും ഇവർ നടത്തുന്നുണ്ടായിരിക്കാം. പക്ഷേ, ബിജു കുര്യൻ എന്ന മലയാളി കർഷകനെ കണ്ടെത്താൻ വേണ്ടി മാത്രം കളയാൻ മൊസാദിന്റെ കൈവശം സമയമുണ്ടാകാൻ സാധ്യത വളരെ കുറവാണ്. എംബസി കൈവിടുകയും സഹായിക്കുന്നവർക്ക് നടപടി നേരിടേണ്ടി വരും എന്ന മുന്നറിയിപ്പ് ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ബിജു കുര്യൻ സ്വയം തിരികെ വന്നത് തന്നെയാകാനാണ് സാധ്യത. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!