എ, ഐ ഗ്രൂപ്പുകൾ കടുപ്പിച്ചു ; പുനഃസംഘടന ഇനിയും നീളും

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

ജില്ലാ ഭാരവാഹി പട്ടിക ഉടൻ അയക്കണമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അന്ത്യശാസനം തള്ളാൻ എ, ഐ ഗ്രൂപ്പുകൾ. പുതുതായി കെപിസിസി അധ്യക്ഷൻ നോമിനേറ്റ്‌ ചെയ്ത 60 കെപിസിസി അംഗങ്ങളെക്കുറിച്ചടക്കം ഹൈക്കമാൻഡിന്‌ പരാതി നൽകിയിട്ടുണ്ട്‌. തീരുമാനം അറിഞ്ഞിട്ട്‌ പട്ടിക കൈമാറുന്നത് ആലോചിക്കാമെന്നുമാണ്‌ ഗ്രൂപ്പ്‌ തലത്തിലുള്ള ധാരണ. എന്നാൽ, ജില്ലകളിൽ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ ഗ്രൂപ്പ്‌ മാനേജർമാരോട്‌ ചോദിക്കാതെ മാർച്ച്‌ 15നകം പട്ടിക നൽകണമെന്നാണ്‌ സുധാകരൻ നിർവാഹക സമിതി യോഗത്തിൽ നടത്തിയ ഭീഷണി. ഗ്രൂപ്പുകളുടെ ഒത്താശയില്ലാതെ കെപിസിസി പട്ടിക പ്രഖ്യാപിക്കുമെന്നും പറഞ്ഞു. ഒരു ഗ്രൂപ്പിനെയും പരിഗണിക്കേണ്ടെന്ന ഹൈക്കമാൻഡ്‌ നിർദേശമാണ്‌ സുധാകരൻ ഉയർത്തുന്നത്. കഴിഞ്ഞ തവണ വി ഡി സതീശൻ അയഞ്ഞതുകൊണ്ടാണ്‌ ഗ്രൂപ്പിനെ പരിഗണിക്കേണ്ടിവന്നത്‌. ഇക്കുറി അതുമുണ്ടാകില്ലെന്ന് സുധാകരനൊപ്പമുള്ളവർ പറയുന്നു. പട്ടിക തരാൻ തയ്യാറായില്ലെങ്കിൽ കെപിസിസിതന്നെ ഡിസിസി, ബ്ലോക്ക്‌  ഭാരവാഹികളെ പ്രഖ്യാപിക്കും.

കൂടിയാലോചന ഇല്ലാതെ തയ്യാറാക്കിയ പട്ടിക അംഗീകരിക്കില്ലെന്നാണ് ഗ്രൂപ്പുകളുടെ പരാതി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെ പരാതി നൽകിയവരിലുണ്ട്. തെരഞ്ഞെടുപ്പിലേക്ക്‌ പോകുന്ന സമയത്ത്‌ സമവായത്തിന്‌ സുധാകരനും സതീശനും തയ്യാറാകണം. ഹൈക്കമാൻഡ്‌ നിർദേശത്തിന്റെ മറവിൽ സ്വന്തം ഗ്രൂപ്പ്‌ ബലപ്പെടുത്തുകയാണ്‌ ഇവർ. മുമ്പ്‌ എ, ഐ ഗ്രൂപ്പിലുണ്ടായിരുന്നവരെയാണ്‌ പ്രലോഭിപ്പിച്ച്‌ ഗ്രൂപ്പ്‌ മാറ്റുന്നത്. എന്നാൽ, സംഘടനാ പ്രവർത്തനം നടക്കുന്നില്ല. നാലു പ്രാവശ്യം സെക്രട്ടറിയറ്റ്‌ വളയൽ പ്രഖ്യാപിച്ചതല്ലാതെ ഒരു ഗേറ്റുപോലും വളഞ്ഞില്ല. മഹിളാ കോൺഗ്രസിന്‌ ഒരു വർഷമായിട്ട്‌  ഭാരവാഹികളില്ല. സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തർ നൽകിയ പട്ടിക അംഗീകരിച്ചില്ല. സുധാകരന്റെ ചുറ്റുമുള്ള ഒരു സംഘം കുത്തഴിഞ്ഞ രീതിയിലേക്ക് പാർടിയെ നയിക്കുന്നെന്നും ഗ്രൂപ്പ്‌ വക്താക്കൾ പറയുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!