കൊല്ലം തുറമുഖത്ത്‌ എമിഗ്രേഷൻ ചെക്ക്‌ പോയിന്റ്‌ അനുവദിക്കണം

Spread the love



Thank you for reading this post, don't forget to subscribe!

കൊല്ലം > കൊല്ലം തുറമുഖത്തെ സംബന്ധിച്ച്‌ എമിഗ്രേഷൻ ചെക്ക്‌പോയിന്റ്‌ ഒരു കടമ്പ തന്നെയാണ്‌. അടിസ്ഥാനസൗകര്യം, സുരക്ഷാ സംവിധാനം എന്നിങ്ങനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞതെല്ലാം ഒന്നൊന്നായി ഒരുക്കിക്കൊടുക്കുന്ന കടമയിലാണ്‌ സംസ്ഥാന സർക്കാരും മാരിടൈം ബോർഡും. ഇനിയെങ്കിലും എമിഗ്രേഷൻ ചെക്ക്‌പോയിന്റായി കൊല്ലം തുറമുഖത്തെ കേന്ദ്രം പ്രഖ്യാപിക്കുമോ എന്നാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. 

ഒരു കൗണ്ടർ നിർമിച്ച്‌ എമിഗ്രേഷൻ ചെക്ക്‌പോയിന്റിന്‌ അപേക്ഷിച്ചപ്പോൾ തരില്ലെന്നു പറഞ്ഞു.

 

കൗണ്ടർ ആറെണ്ണം വേണമെന്നായി. എന്നാൽ, ഒരെണ്ണമുള്ള ബേപ്പൂരിൽ എമിഗ്രേഷൻ ചെക്ക്‌ പോയിന്റ്‌ അനുവദിച്ചിരുന്നു. ഒടുവിൽ ആറ്‌ കൗണ്ടറും സംസ്ഥാനം സ്ഥാപിച്ചു. അപ്പോൾ പുതിയ നിർേദശം വന്നു – സുരക്ഷാസൗകര്യം ഇപ്പോഴുള്ളത്‌ പോരാ എന്ന്‌. സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിച്ച്‌ ചുറ്റുമതിൽ ബലപ്പെടുത്താനും അതിനുമുകളിൽ കമ്പിവേലി സ്ഥാപിക്കാനും ചുറ്റും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ടെൻഡർ നൽകി. ഇതിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്‌. ഇനി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മറ്റൊന്നും പറഞ്ഞ്‌ എമിഗ്രേഷൻ ചെക്ക്‌പോയിന്റ്‌ നിഷേധിക്കാനാകില്ല.

 

കേന്ദ്രം അനുകൂലമായ തീരുമാനം എടുക്കുമെന്നതിന്റെ ശുഭസൂചനകൾ ഡൽഹിയിൽനിന്ന് വന്നു തുടങ്ങിയിട്ടുണ്ട്‌. എമിഗ്രേഷൻ സൗകര്യമുണ്ടായാൽ ചരക്ക്‌, യാത്ര, ആഡംബര കപ്പലുകൾ കൊല്ലത്തേക്ക്‌ എത്തുമെന്നതാണ്‌ പ്രത്യേകത. ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ യാത്രാകപ്പലിനും വഴിതുറക്കാം. അന്താരാഷ്‌ട്ര കപ്പലുകൾക്ക്‌ ക്രൂ ചെയ്‌ഞ്ചിങ്ങിനും സൗകര്യമൊരുങ്ങും. വിനോദസഞ്ചാരികൾക്ക്‌ ആഡംബര കപ്പലിൽ കടലും തീരവും ആസ്വദിക്കാനും സാധ്യത തുറന്നിടും.

ഫലംകണ്ട്‌ 
മുഖ്യമന്ത്രിയുടെ ഇടപെടൽ

 

കൊല്ലം തുറമുഖത്തെ എമിഗ്രേഷൻ ചെക്ക്‌ പോയിന്റായി (ഐസിപി)കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുന്നതിനുള്ള നടപടി പുരോഗതിയിലായത്‌ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന്‌. ചെക്ക്‌ പോയിന്റ്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയിരുന്നു. തുടർന്ന്‌, തുറമുഖത്ത്‌ 14 പൊലീസ്‌ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രആഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ വിഭാഗം സംസ്ഥാന ആഭ്യന്തരവകുപ്പിനും കത്തയച്ചു. ഇതിനുള്ള നടപടി  പൂർത്തിയാക്കി. രണ്ട്‌ പൊലീസ്‌ ഇൻസ്‌പെക്ടർ, എട്ട്‌ സബ്‌ ഇൻസ്‌പെക്ടർ, നാല്‌ പൊലീസുകാർ എന്നിവരെ നിയോഗിക്കുന്നതിന്‌ ഉത്തരവായിട്ടുണ്ട്‌. സംസ്ഥാന വ്യവസായ സംരക്ഷണസേനയിൽനിന്ന് രണ്ടുപേരെ നിയമിക്കുന്നതിനും നടപടിയായി.

സൗകര്യങ്ങളിൽ 
സംതൃപ്‌തി

 

എമിഗ്രേഷൻ ചെക്ക്‌ പോയിന്റിനായി കൊല്ലം തുറമുഖത്ത്‌ ഇതുവരെ ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങളിൽ എഫ്‌ആർആർഒ ഓഫീസർ മതിപ്പ്‌ രേഖപ്പെടുത്തിയത്‌ ആശ്വാസമാണ്‌. തിരുവനന്തപുരം ഫോറിൻ റീജണൽ രജിസ്‌ട്രേഷൻ ഓഫീസർ അരവിന്ദ്‌ മേനോനാണ്‌ അടുത്തിടെ തുറമുഖത്തെത്തിയത്‌.  അതുപോലെ കൊല്ലം തുറമുഖത്ത്‌ ഒരുക്കുന്ന സുരക്ഷാ സൗകര്യം സംബന്ധിച്ച്‌ വെള്ളിയാഴ്‌ച മാരിടൈം ബോർഡ്‌ ചെയർമാൻ എൻ എസ്‌ പിള്ളയുടെ  നേതൃത്വത്തിൽ വിലയിരുത്തൽ നടത്തിയിരുന്നു. നിർമാണം ഏപ്രിൽ 15നകം പൂർത്തീകരിക്കും. തുടർന്ന്‌ റിപ്പോർട്ട്‌ കേന്ദ്രത്തിന്‌ സമർപ്പിക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!