നിക്ഷേപിച്ചാല്‍ പണം നഷ്ടമാക്കാത്ത പെന്നി ഓഹരികളെ എങ്ങനെ കണ്ടെത്താം? 10 വസ്തുതകള്‍

Spread the love


Thank you for reading this post, don't forget to subscribe!

ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും പെന്നി സ്റ്റോക്കുകളെ അന്വേഷിച്ചിറങ്ങുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനു വേണ്ടിയും ഇത്തരം ഓഹരികള്‍ തെരഞ്ഞെടുക്കാറുണ്ട്. ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്‌കും മറുവശത്തുണ്ടാകും. സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ മാത്രമേ കൈനിറയെ നേട്ടം സ്വന്തമാക്കാനാകൂ. അതിനാല്‍ പെന്നി ഓഹരികളെ സംബന്ധിച്ച് പ്രചരിക്കുന്ന കെട്ടുകഥകളെ കുറിച്ചും 10 പ്രധാന വസ്തുതകളെയുമാണ് ഈ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.

Also Read: 50 രൂപയിലെത്തും; ചെറിയ റിസ്‌കില്‍ മികച്ച ലാഭം നേടാം; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരി വാങ്ങുന്നോ?

1. എന്താണ് പെന്നി ഓഹരി

തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി ഓഹരികള്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ 100 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെ ഈ ഗണത്തിലാണ് കണക്കാക്കുന്നതെങ്കിലും 50 രൂപയില്‍ താഴെയുള്ളവയെ സൂചിപ്പിക്കാനാണ് പെന്നി ഓഹരിയെന്ന് പൊതുവെ ഉപയോഗിക്കാറുള്ളത്. അതേസമയം പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും ഓഹരി ഉടമകളുടെ എണ്ണവും താരതമ്യേന കുറവായിരിക്കും.

അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമൊക്കെ ഇത്തരം ഓഹരികളുടെ വിലയില്‍ വളരെ വേഗം പ്രതിഫലിക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വില ഉയരുകയും താഴുകയും ചെയ്യാറുണ്ട്.

2. ഉയര്‍ന്ന നേട്ടം

അടിസ്ഥാനപരമായി വളരെ മികച്ച പെന്നി ഓഹരികള്‍ക്ക് 1-3 വര്‍ഷത്തിനുള്ളില്‍ 1,000 ശതമാനത്തിലധികമുള്ള നേട്ടമൊക്കെ നല്‍കാന്‍ സാധിക്കാം. മറ്റുവിഭാഗം ഓഹരികളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും വലിയ നേട്ടം ഏറെക്കുറെ അസാധ്യമാണ്. ഈയൊരു ഘടകമാണ് പെന്നി ഓഹരികളുടെ ജനപ്രീതിയുടേയും അടിസ്ഥാനം.

3. റിസ്‌ക്

വിപണി തിരുത്തല്‍ നേരിടുന്ന ഘട്ടത്തില്‍ പെന്നി ഓഹരികളിലെ 80-90 ശതമാനത്തിന്റേയും വില കൂപ്പുകുത്തുന്നത് സര്‍വസാധാരമാണ്. അതിനാലാണ് പെന്നി ഓഹരികളിലെ നിക്ഷേപത്തില്‍ അതീവ ജാഗ്രത പുലര്‍ത്തമെന്ന് ചൂണ്ടിക്കാട്ടുന്നതും. അതുകൊണ്ട് നിക്ഷേപത്തിന്റെ ഏറിയ പങ്കും ചില പെന്നി ഓഹരികളിലേക്ക് മാത്രം ചുരുക്കിയാല്‍ വന്‍ തിരിച്ചടി നേരിടാം.

4. സമ്പത്തിലേക്കുള്ള വാതായനം

പെന്നി ഓഹരികളിലെ നിക്ഷേപത്തിലൂടെ എളുപ്പം പണക്കാരനാകാം എന്നതാണ് പ്രചരിക്കുന്ന ഏറ്റവും വലിയ കെട്ടുകഥകളിലൊന്ന്. ഓഹരി വിപണിയില്‍ നിക്ഷേപമില്ലാത്തവര്‍ പോലും ഇക്കാര്യം കേട്ടിട്ടുണ്ടാകാം. വിപണിയിലെ ബുള്‍ തരംഗത്തിനിടെ ചില പെന്നി ഓഹരികള്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം കരസ്ഥമാക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികവില്ലാത്ത പെന്നി ഓഹരികള്‍ എത്ര കയറിയാലും വൈകാതെ തന്നെ താഴേക്കിറങ്ങുകയും ചെയ്യാറുണ്ട്.

5. ഭൂരിഭാഗവും നിലവാരമില്ലാത്തവ

പ്രമോട്ടറുടെ താഴ്ന്ന ഓഹരി വിഹിതം, വലിയ കടബാധ്യത, കനത്ത പ്രവര്‍ത്തന നഷ്ടം തുടങ്ങിയവയൊക്കെ പൊതുവില്‍ പെന്നി ഓഹരികളുടെ സവിശേഷതായാണെന്ന് കാണാം. ഇത്തരം ഓഹരികളില്‍ ദീര്‍ഘകാല നിക്ഷേപം അനുയോജ്യമാകില്ല.

6. മികച്ചത് 1%

പെന്നി ഓഹരികളടെ കൂട്ടത്തില്‍ ഒരു ശതമാനത്തോളം ഓഹരികളാണ് അടിസ്ഥാനപരമായി മികച്ച നിലവാരത്തിലുള്ളത്. ഇത്തരം ഓഹരികള്‍ നേരത്തെ സൂചിപ്പിച്ച പോലെ പ്രതികൂല ഘട്ടങ്ങളിള്‍ 80-90% ഇടിവ് നേരിടത്തുമില്ല. മികച്ച ഓഹരികളെ തിരിച്ചറിയാന്‍…

  • ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനികളെ ഒഴിവാക്കുക. കടം ഓഹരി അനുപാതം 0.5 നിരക്കിന് താഴെയുള്ളതാണ് ഉചിതം.
  • ഉയര്‍ന്ന പ്രമോട്ടര്‍ ഹോള്‍ഡിങ്‌സുള്ള കമ്പനികളെ തെരഞ്ഞെടുക്കുക.
  • ദീര്‍ഘകാലയളവില്‍ സാധ്യതയുള്ള ബിസിനസ് മോഡലാണോയെന്ന് വിലയിരുത്തുക.
  • കമ്പനി പ്രവര്‍ത്തന വരുമാനം നേടുന്നതാകണം.
  • മൂല്യമതിപ്പില്‍ (Valuations) വളരെ ചെലവ് കുറഞ്ഞതായിരിക്കണം. ഇത് നിക്ഷേപത്തിന്റെ റിസ്‌കും കുറയ്ക്കും.

Also Read: അടുത്ത ദീപാവലിക്ക് ഇരട്ടിയാകുന്ന 5 മള്‍ട്ടിബാഗറുകള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് ഓഹരിയും; നോക്കുന്നോ?

7. മികച്ചവയെ തിരിച്ചറിയാം

പെന്നി ഓഹരികളില്‍ നിന്നും ഭേദപ്പെട്ടതെന്ന് വിലയിരുത്തിയ കമ്പനികളെ കണ്ടെത്തിയാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പരിശോധിക്കുക.

  • ശക്തമായ ബാലന്‍സ് ഷീറ്റ്- കുറഞ്ഞ കടബാധ്യത/ കരുതല്‍ ശേഖരം/ കറന്റ് റേഷ്യോ 1-ന് മുകളില്‍.
  • ഉയര്‍ന്ന പ്രമോട്ടര്‍ വിഹിതം- എത്രത്തോളം ഉയര്‍ന്ന തോതില്‍ പ്രമോട്ടറുടെ ഓഹരി വിഹിതമുണ്ടോ അത്രയും നല്ലത്. കമ്പനിയിലുള്ള വിശ്വാസത്തിന്റെ പ്രതിഫനമാണത്.
  • ഗുണമേന്മയുള്ള ബിസിനസ്- ദീര്‍ഘകാലയളവില്‍ നിലനില്‍ക്കുന്നതും പ്രസക്തിയുള്ളതുമായ സംരംഭമായിരിക്കണം.
  • പണമൊഴുക്ക്- മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും വരുമാനം കണ്ടെത്തണം. തുടര്‍ന്ന് ഈ പണം എങ്ങനെ ചെലവഴിക്കുന്നുവെന്നും പരിശോധിക്കുക.
  • മൂല്യമതിപ്പ്- ഓഹരികളുടെ മൂല്യമതിപ്പിന്റെ (Valuations) അടിസ്ഥാനത്തില്‍ ചെലവ് കുറഞ്ഞാതാകണം. ഓഹരിയുടെ വില ബുക്ക് വാല്യൂവിന്റെ താഴെയാണോയെന്നും പരിശോധിക്കുക. ബുക്ക് വാല്യൂവിനേക്കാള്‍ 20% എങ്കിലും താഴെയുള്ള ഓഹരികള്‍ പരിഗണിക്കാം.

8. വളരെ വിലക്കുറവ്

ഓഹരിയുടെ വില 1 രൂപയില്‍ താഴെയുള്ളത് പൊതുവില്‍ മികച്ചതായിരിക്കില്ല. കഴിയുന്നതും ഇത്തരം ഓഹരികള്‍ നിക്ഷേപത്തിനായി പരിഗണിക്കാതിരിക്കുന്നതാവും ഉചിതം. കടബാധ്യത, പാപ്പരാകുക പോലെ എന്തെങ്കിലും ശക്തമായ കാരണങ്ങളില്ലാതെ ഓഹരിയുടെ വില ഇത്രയും കൂപ്പുകുത്താറുമില്ലെന്ന് ഓര്‍ക്കണം.

9. എല്ലാം ശരിയാകുമെന്ന പ്രതീക്ഷ

നേരത്തെ മികച്ച രീതിയില്‍ പോയിരുന്നവയും ഇപ്പോള്‍ നഷ്ടത്തിലുമായ ഓഹരികള്‍ നാളെ നന്നാകുമെന്ന പ്രതീക്ഷയോടെ വാങ്ങാന്‍ ശ്രമിക്കരുത്. ചുരുക്കം ചില കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടും പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ചതിലൂടെ കരകയറിയിട്ടുണ്ട്. അതായത്, ഇത്തരം കമ്പനികളെ തിരിച്ചറിയാന്‍ നെല്ലില്‍ നിന്നും പതിര് വേര്‍തിരിച്ചെടുക്കുന്ന പോലെ വലിയ അധ്വാനവും ഭാഗ്യവും തുണയ്‌ക്കേണ്ടി വരുമെന്ന് സാരം.

10. ശ്രദ്ധിക്കുക

അതുപോലെ അടിസ്ഥാനപരമായി മികച്ച പെന്നി ഓഹരികളായിരിക്കുമ്പോളും വളരെയധികം വളര്‍ച്ച പ്രകടമാക്കുന്ന കമ്പനികളെയും ഒഴിവാക്കാന്‍ നോക്കണം. കാരണം ഇത്തരം ഓഹരികളുടെ മൂല്യമതിപ്പ് പൊതുവേ ഉയര്‍ന്നതായിരിക്കും. കൂടാതെ ഏതെങ്കിലും ചില സാമ്പത്തിക പാദങ്ങളില്‍ വളര്‍ച്ചയില്‍ ഇടിവ് പ്രകടമാക്കിയാല്‍ തന്നെ ഓഹരി വിലയില്‍ വന്‍ തിരിച്ചടി നേരിടാം. അതിനാല്‍ അടിസ്ഥാനപരമായ എല്ലാ ഘടകങ്ങളും ശരാശരി നിലവാരത്തിനും മുകളിലുള്ളതും മൂല്യമതിപ്പില്‍ താഴെ നില്‍ക്കുന്നതുമായ പെന്നി ഓഹരികളെയാവണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടത്. ഇത്തരം ഓഹരികള്‍ വേഗത്തില്‍ നല്‍കിയില്ലെങ്കിലും തീരെ മോശമല്ലാത്ത ആദായം കാലക്രമേണ നല്‍കുന്നതായി കാണാനാകും.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!