ഗവർണർക്കുളള പിന്തുണയിൽ കോൺഗ്രസിൽ ഭിന്നത; സംസ്ഥാന സർക്കാരിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ

Spread the love


Thank you for reading this post, don't forget to subscribe!
ന്യൂഡൽഹി: സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട വിഷയത്തിൽ ഗവർണറെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിനുള്ളിൽ ഭിന്നത്. പ്രതിപക്ഷനേതാവ് ഉൾപ്പടെയുള്ളവരുടെ അഭിപ്രായത്തിൽനിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാരിന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി.

ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചട്ടവിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തിയ എല്ലാ സർവകലാശാലാ നിയമനങ്ങളും എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണെന്ന വസ്തുത നിലനിൽക്കെത്തന്നെ, സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽപ്പോലും ചോദ്യം ചെയ്യേണ്ടതാണ്.

കേരളത്തിലെ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരിൽ ഭരണഘടനാ മൂല്യങ്ങൾക്ക്‌ വിരുദ്ധമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Also Read- വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയിലെ 10 കാര്യങ്ങൾ

സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തിൽ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്, കേന്ദ്രസർക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവർണർ വഴിയല്ല. ഇന്ന് 11.30-ന് മുൻപ് ഒമ്പത് സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. അത്‌ എതിർക്കപ്പെടേണ്ടതാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം ഗവർണർക്കുള്ള പിന്തുണയിൽ യുഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ലെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണണ്ട. ഗവർണറുടെ നടപടിയ്ക്ക് പിന്തുണയുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് ഗവർണറുടെ ആവശ്യം. വി സി നിയമനങ്ങൾ രാഷ്ട്രീയ നിയമനമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇതിനെക്കുറിച്ച് വലിയ ധാരണയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!