ജി-20 ഉച്ചകോടിയിലെ ഉദ്യോഗസ്ഥ സമ്മേളനം കുമരകത്ത്; നേട്ടം നാട്ടുകാർക്ക്

Spread the love


Thank you for reading this post, don't forget to subscribe!

കോട്ടയം: മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കുന്ന ജി-20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിനായി കുമരകം ഒരുങ്ങുന്നു. റോഡുകൾ പത്ത് കോടി ചെലവിൽ നവീകരിക്കാനുള്ള നടപടി തുടങ്ങി. സമ്മേളനകാലത്ത് വൈദ്യുതി മുടങ്ങാതിരിക്കാൻ കെഎസ്ഇബിയും മുന്നൊരുക്കങ്ങൾ തുടങ്ങി.

ഒരുക്കങ്ങൾ ഇങ്ങനെ

  • 10 കോടി രൂപ ചെലവിൽ റോഡ് നവീകരിക്കും.
  • റോഡരികിലെ കാടു വെട്ടൽ, സീബ്രാലൈൻ പുതുക്കി വരയ്ക്കൽ, പുതിയ ദിശാബോർഡുകൾ സ്ഥാപിക്കൽ, കുഴിയടയ്ക്കൽ എന്നിവയെല്ലാം വേഗത്തിൽ പുരോഗമിക്കുകയാണ്. തണ്ണീർമുക്കം ബണ്ട് മുതൽ ഇല്ലിക്കൽ വരെയാണു നവീകരണം.
  • രാജ്യാന്തര സമ്മേളനത്തിനായി റോഡ് അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കേണ്ടതിനാൽ 25 ടിപ്പർ ലോറികളെ സ്കൂൾ സമയ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
  • കൂത്താട്ടുകുളത്തിന് അടുത്തുള്ള ആറ്റൂരിലെ ഹോട്ട് മിക്സ് പ്ലാന്റിൽ നിന്നു കല്ലറ മുതൽ വെച്ചൂർ വരെയുള്ള സൈറ്റുകളിലേക്കു മിക്സ് കൊണ്ടുവരുന്ന ടിപ്പർ ലോറികൾക്കാണ് ഇളവു നൽകിയിട്ടുള്ളത്.
  • കുമരകം പഞ്ചായത്ത് പരിധിയിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിച്ചിട്ടുള്ളവർ ഉടൻ നീക്കം ചെയ്യണമെന്നു പഞ്ചായത്ത് നിർദേശം നൽകി.
  • രാജ്യാന്തര സമ്മേളനത്തിന്റെ ഭാഗമായി കെടിഡിസിയിൽ പണിയുന്ന കൺവൻഷൻ സെന്ററിന്റെ നിർമാണം 15നുള്ളിൽ പൂർത്തിയാകും. 10 കോടി രൂപ ചെലവിലാണ് നിർമാണം. 600 പേർക്ക് ഇരിക്കാം.
  • ഉച്ചകോടി കഴിയുന്നതോടെ കൺവൻഷൻ സെന്റർ കെടിഡിസി വാടകയ്ക്കു നൽകും. വിവാഹം, കോൺഫറൻസ് തുടങ്ങിയവയ്ക്കായി ഇപ്പോൾ തന്നെ ബുക്കിങ് ഉണ്ട്. കെടിഡിസി വാട്ടർ സ്കേപ് തോടും മോടി കൂട്ടുന്നുണ്ട്. ആഴം കൂട്ടി ഇരുവശവും കയർ പരവതാനി വിരിച്ചു.
  • കരയിൽ ചെടികൾ വയ്ക്കും. കെടിഡിസി കവാടത്തിനു സമീപത്തെ ബോട്ട് ജെട്ടിയിൽ നിന്നു ശിക്കാര വള്ളത്തിൽ കയറുന്ന പ്രതിനിധികളെ തോട്ടിലൂടെ കൊണ്ടുപോയി കായൽ വഴി കൺവൻഷൻ സെന്ററിൽ എത്തിക്കും. 10 ശിക്കാര വള്ളങ്ങളാണു യാത്രയ്ക്കായി തയാറാക്കിനിർത്തുക.
  • പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിലും റിസോർട്ടുകളിലും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
  • അടിയന്തരഘട്ടത്തിൽ ആംബുലൻസ് ഉപയോഗിക്കുന്നതിനു ശക്തീശ്വരം റോഡ് ഗതാഗതയോഗ്യമാക്കാനും നടപടിയായി.
  • ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്നവരെ ഇവിടത്തെ കായൽ വശത്തെ ബോട്ട് ജെട്ടിയിൽ നിന്നാകും കൊണ്ടുപോകുന്നത്. എല്ലാ സ്ഥലങ്ങളിലും ബോട്ട് ജെട്ടി പണിയുന്നതിനുള്ള പരിശോധനയ്ക്കായി തുറമുഖ വകുപ്പ് കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചു.
  • ഉച്ചകോടി കഴിയുന്നതോടെ മോടി കൂട്ടിയ തോടും കെടിഡിസി ഉപയോഗിക്കും. ഇനി മുതൽ കെടിഡിസിയുടെ ജലവാഹനങ്ങൾ എല്ലാം ഇവിടെ നിന്നാകും കായലിലേക്ക് ഇറങ്ങുക. നേരത്തേ കവണാർ തോട്ടിലൂടെ പോയി കായലിൽ എത്തുകയായിരുന്നു. കവണാറിലെ പോളശല്യം മൂലം പലപ്പോഴും ഇവിടെ നിന്നു സഞ്ചാരികളെ കായലിലേക്കു കൊണ്ടുപോകാൻ കഴിയാതെ വരുമായിരുന്നു.
  • കെടിഡിസി വാട്ടർ സ്കേപ്, ലേക്ക് റിസോർട്ട്, സൂരി റിസോർട്ട്, കോക്കനട്ട് ലഗൂൺ, താജ് ഹോട്ടൽ എന്നിവിടങ്ങളിലാണു വിവിധ രാജ്യങ്ങളിൽ നിന്നു ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്ക് താമസ സൗകര്യം ഒരുക്കുന്നത്. 2 ഹോട്ടലുകൾ കൂടി താമസ സൗകര്യം ഒരുക്കിയേക്കും.
  • കെടിഡിസിയുടെ കബാനകളിൽ ചിലത് ഓഫീസ് മുറികളായി പ്രവർത്തിക്കും. പ്രത്യേക സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഈ റിസോർട്ടുകളിൽ 28 മുതൽ വിനോദ സഞ്ചാരികൾക്കു നിയന്ത്രണം ഉണ്ടാകും.
  • സമ്മേളനത്തിനു വരുന്ന ഉദ്യോഗസ്ഥർ 4 ദിവസം കുമരകത്ത് ഉണ്ടാകും. ഇതിൽ ഒരു ദിവസം കുമരകത്തെ കാഴ്ചകൾ കാണാനായിരിക്കും.
  • സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയാകും ഇത് തീർച്ചപ്പെടുത്തുക. കാഴ്ചകൾ കാണാൻ പോകാതെ വന്നാൽ ഗ്രാമീണ ടൂറിസം അനുഭവിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ റിസോർട്ടുകളിൽ ഒന്നിൽ ഏർപ്പെടുത്തിയേക്കും.
  • ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം താജ് ഹോട്ടലിൽ തയാറാക്കി കെ‍ടിഡിസിയിൽ എത്തിക്കും. ഭക്ഷണ മെനു സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും നിർദേശിക്കുന്നവയുടെ കൂടെ പ്രാദേശിക പലഹാരങ്ങളും തയാറാക്കും.
  • കുമരകം- വെച്ചൂർ റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചുമന പാലത്തിനു സമീപത്തെ താൽക്കാലിക റോഡിൽ ടൈൽ ഇടുന്നതിനാൽ 3 ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്തു നിന്നു വരുന്ന വാഹനങ്ങൾ ശാസ്തക്കുളം– പട്ടത്താനം– അംബിക മാർക്കറ്റ് റോഡ് വഴിയും ചേർത്തലയിൽനിന്നു കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ അംബിക മാർക്കറ്റിൽ എത്തി പട്ടത്താനം– ശാസ്തക്കുളം റോഡ് വഴിയും വൈക്കത്തു നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബണ്ട് റോഡ് ജംക്‌ഷനിലെത്തി ചേരക്കുളങ്ങര– പട്ടത്താനം റോഡ് വഴിയും പോകണമെന്നു പിഡബ്ല്യുഡി അസി. എൻജിനീയർ (നിരത്തുവിഭാഗം) അറിയിച്ചു.
  • സമ്മേളനം നടക്കുന്ന ദിവസങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങാതിരിക്കാൻ വൈദ്യുതി വകുപ്പ് നടപടികൾ തുടങ്ങി. ചെങ്ങളം സബ് സ്റ്റേഷന്റെ കീഴിലുള്ള 5 ഫീഡറിൽ നിന്നാണു ഈ മേഖലയിൽ വൈദ്യുതി എത്തിക്കുന്നത്. ഈ ഫീഡറുകൾ വഴിയുള്ള വൈദ്യുത വിതരണത്തിനു പ്രശ്നങ്ങളുണ്ടായാൽ രണ്ട് സ്ഥലങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ ക്രമീകരണം നടത്തും.
  • ആലപ്പുഴ എസ്എൽ പുരം ഭാഗത്തെ ഫീഡറിൽ നിന്നു തണ്ണീർമുക്കം ബണ്ടിലൂടെ കേബിൾ വലിച്ചു വെച്ചൂർ പള്ളി ഭാഗത്ത് എത്തിച്ചും കോട്ടയം കോടിമതയിൽ നിന്നു ഇല്ലിക്കൽ ഭാഗത്തു കൂടിയും കുമരകത്തേക്കു വൈദ്യുതി എത്തിക്കാനുമാണ് നടപടി. ചെങ്ങളത്ത് നിന്നു പുതിയ ലൈൻ വലിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.
  • വൈദ്യുത ലൈനുകൾ എല്ലാം പരിശോധന നടത്തി ടച്ചിങ് വെട്ടി വിതരണം സുഗമമാക്കനുള്ള ജോലിയും നടക്കുന്നു. ലൈനിലേക്കു മുട്ടി നിൽക്കുന്ന മരച്ചില്ലകളും മറ്റും വെട്ടി നീക്കുന്ന ജോലി കുറെ ദിവസങ്ങളായി നടന്നു വരുകയാണ്. കുമരകം റോഡ് ഭാഗത്ത് പുതിയ വോൾട്ടേജ് കൂടി ബൾബുകൾ കുമരകം. അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകൾ സ്ഥാപിക്കും.

Published by:Rajesh V

First published:



Source link

Facebook Comments Box
error: Content is protected !!