വയോധികന്റെ മരണവും ‘സുവർണാവസര’മാക്കാൻ കോൺഗ്രസ്‌

Spread the love



Thank you for reading this post, don't forget to subscribe!

തൃക്കാക്കര> ശ്വാസകോശരോഗത്തിന് ചികിത്സയിലായിരുന്ന എഴുപത്തിയൊന്നുകാരന്റെ മരണത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ഹീനനീക്കവുമായി കോൺഗ്രസ്. വാഴക്കാല പട്ടത്താനം വീട്ടിൽ ലോറൻസ് ജോസഫിന്റെ മരണമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും ജില്ലാ കോൺഗ്രസ് നേതൃത്വവും ചേർന്ന് രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിച്ചത്. മരണകാരണം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയാണെന്നായിരുന്നു പ്രചാരണം. എന്നാൽ, ബന്ധുക്കൾ നിഷേധിച്ചതോടെ കോൺഗ്രസ് നീക്കം പൊളിഞ്ഞു.

ഞായർ വൈകിട്ട് അഞ്ചിനാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ലോറൻസ് മരിച്ചത്. പൾമനറി ഫൈബ്രോസിസ് ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. 10 വർഷംമുമ്പ് ഹൃദയശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്. ജനുവരിമുതൽ ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. നില വഷളായി ഞായർ രാവിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

എന്നാൽ, കോൺഗ്രസ് നേതൃത്വം മരണം ‘അവസരമാക്കാൻ’ തീരുമാനിച്ചു. വാർഡ് കൗൺസിലറും തൃക്കാക്കര നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സണുമായ കോൺഗ്രസിലെ സുനീറ ഫിറോസ് സ്ഥലത്തെത്തി. ഇവരും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഉൾപ്പെടെയുള്ളവർ ബ്രഹ്മപുരത്തെ പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രചരിപ്പിച്ചു. ചില മാധ്യമങ്ങളും ഇതേറ്റെടുത്തു. ലോറൻസിന്റെ വീട് സന്ദർശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനും മരണം വിഷപ്പുകമൂലമാണെന്ന് തീർപ്പുകൽപ്പിച്ചു. എന്നാൽ, ലോറൻസിന്റെ അടുത്ത ബന്ധുക്കളടക്കം ഇതിനെതിരെ രംഗത്തെത്തി. തെറ്റായ വാർത്തനൽകിയ മാധ്യമങ്ങളെ വിലക്കി.

അയൽവാസികളും ഇടവകാംഗങ്ങളും കെപിസിസി പ്രസിഡന്റിന്റെയും കോൺഗ്രസിന്റെയും പ്രചാരണം നുണയാണെന്ന് വ്യക്തമാക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ലോറൻസ് ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നുവെന്നും ഇതാണ് മരണകാരണമെന്ന് കരുതുന്നതായും ഭാര്യയുടെ അനുജത്തിയുടെ മകൻ തൃക്കാക്കര പൊലീസിൽ മൊഴി നൽകി. ലോറൻസിന്റെ മൃതദേഹം തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: ലിസി ജോസഫ്.



Source link

Facebook Comments Box
error: Content is protected !!