തിരുവനന്തപുരം> ബ്രഹ്മപുരത്തെ തീ അണഞ്ഞതാണ് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്. നാടാകെ ഒന്നിച്ചുനിൽക്കേണ്ട സന്ദർഭത്തിൽ സങ്കുചിത ചിന്താഗതിയോടെ പെരുമാറുന്ന പ്രതിപക്ഷത്തിന് കേരളം മാപ്പു നൽകില്ല. പൊലീസും ഫയർഫോഴ്‌സും മറ്റു വിവിധ വിഭാഗങ്ങളും സമർപ്പണത്തോടെ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായി തീ അണയ്‌ക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അതിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടിയിരുന്നതെന്നും ധനാഭ്യർഥന ചർച്ചയ്‌ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
കൊച്ചി കോർപറേഷൻ കൗൺസിലിൽ പങ്കെടുക്കില്ല എന്ന് എഴുതി നൽകുകയാണ് യുഡിഎഫ് അംഗങ്ങൾ ചെയ്‌തത്. അങ്ങനെ എഴുതി നൽകിയവർ കൗൺസിലിനെത്തിയപ്പോൾ പൊലീസ് മർദിച്ചെന്ന് ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഹാസ്യമാണ്. ബ്രഹ്മപുരത്തെ കഴിഞ്ഞ ഏഴുവർഷത്തെ മാലിന്യത്തിന്റെ കണക്കും രേഖകളും എത്തിക്കാൻ കോടതി ആവശ്യപ്പെട്ടത് സഭാംഗം അടക്കമുള്ള കോൺഗ്രസുകാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.
ആറു മാസത്തിനകം ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് ആരംഭിക്കമെന്ന് ട്രിബ്യൂണിൽ 2018 ഓഗസ്‌റ്റിൽ ആവശ്യപ്പെട്ടിരുന്നു. അതിനെതിരെ സ്‌റ്റേ വാങ്ങുകയാണ് അന്നത്തെ യുഡിഎഫ് ഭരണ സമിതി ചെയ്‌തത്. ബ്രഹ്മപുരത്തെ തീകെടുത്താൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അഭിമാനകരമായ പ്രവർത്തനം നടത്തിയ ഫയർഫോഴ്‌സിനെ അവിടെയെത്തി അപമാനിക്കുകയാണ് യുഡിഎഫ് ജനപ്രതിനിധികൾ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ