സ്നേഹവഞ്ചിയേറി ജനകീയ പ്രതിരോധ ജാഥ പത്തനംതിട്ടയിലേക്ക്

Spread the love



Thank you for reading this post, don't forget to subscribe!


പത്തനംതിട്ട

വഞ്ചിപ്പാട്ടിന്റെ ഈരടിയില്ലാത്തൊരു സ്വീകരണം ആറന്മുളക്കാർക്കില്ല. ജനകീയ പ്രതിരോധ ജാഥ ആറന്മുള മണ്ഡലത്തിലെ സ്വീകരണകേന്ദ്രമായ പത്തനംതിട്ട പഴയ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാൻഡിൽ എത്തിയപ്പോഴും മുഴങ്ങിയത്‌ വഞ്ചിപ്പാട്ട്‌. ചൊവ്വാഴ്‌ചത്തെ ആദ്യ സ്വീകരണകേന്ദ്രമായ പത്തനംതിട്ടയിൽ ആവേശോജ്വല സ്വീകരണമാണ്‌ ലഭിച്ചത്‌. രാവിലെ കുമ്പഴയിൽ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്ര​ഗത്ഭരുമായി ജാഥാക്യാപ്‌റ്റൻ എം വി ഗോവിന്ദനും ജാഥാംഗങ്ങളും ചർച്ച നടത്തിയായിരുന്നു തുടക്കം. അബാൻ ജങ്‌ഷനിൽനിന്ന്‌ തുറന്ന ജീപ്പിൽ ക്യാപ്‌റ്റനെ വേദിയിലേക്ക്‌ ആനയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി.

കോന്നിയിൽ രഥത്തിന്റെ ആകൃതിയിലുള്ള വാഹനത്തിലായിരുന്നു റിപ്പബ്ലിക്‌ സ്‌കൂൾ പരിസരത്തുനിന്ന്‌ ബസ്‌ സ്‌റ്റാൻഡിലേക്ക്‌ സ്വീകരണം. ഗവിയിൽനിന്നെത്തിയ തൊഴിലാളി സ്ത്രീകൾ പരമ്പരാഗത രീതിയിൽ ആരതിയുഴിഞ്ഞ് ക്യാപ്‌റ്റനെ സ്വീകരിച്ചു. ആവണിപ്പാറ ആദിവാസി കോളനിയിൽനിന്നെത്തിയവർ ക്യാപ്‌റ്റനെ ഓലക്കിരീടമണിയിച്ചു. യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ അധ്യക്ഷനായി.

ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ അടൂർ കെഎസ്‌ആർടിസി കോർണറിൽ ജനപിന്തുണയുടെ കരുത്ത് വ്യക്തമായി. ചുവപ്പുസേനാംഗങ്ങൾ ചിട്ടയോടെ മാർച്ച്‌ ചെയ്‌തു. സേനയ്‌ക്ക്‌ പിന്നിൽ പന്തളം തെക്കേക്കര നന്ദനം ഫാമിലെ കുതിരകളായ ആമിയും ദിയയും ക്യാപ്‌റ്റനെ വരവേറ്റു. കുതിരകളുടെ മുകളിലേറിയ വളന്റിയര്‍ ക്യാപ്റ്റൻമാർ ജാഥാനായകന് സല്യൂട്ട് നൽകി. പിന്നിൽ തെയ്യവും വിവിധ കലാരൂപങ്ങളും അണിനിരന്നു. യോഗത്തിൽ സംഘാടകസമിതി ചെയർമാൻ അഡ്വ. കെ യു പ്രസന്നകുമാരൻ ഉണ്ണിത്താൻ അധ്യക്ഷനായി.

അടൂരിലെ സ്വീകരണ ശേഷം ജാഥ കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചു. പത്തനാപുരത്ത്‌ ജില്ലാ അതിർത്തിയായ കല്ലുംകടവിൽനിന്ന് മന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ എന്നിവരുടെ നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെയും അംഗങ്ങളെയും വരവേറ്റു. തുടർന്ന് വാദ്യമേളത്തിന്റെയും ബൈക്ക് റാലിയുടെയും ആയിരങ്ങൾ പങ്കെടുത്ത പ്രകടനത്തിന്റെയും അകമ്പടിയോടെ ജാഥയെ സ്വീകരണകേന്ദ്രമായ നെടുംപറമ്പിലേക്ക് ആനയിച്ചു. അഞ്ചലിലായിരുന്നു അവസാന സ്വീകരണം.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!