കൊല്ലം
ചെന്തോരണങ്ങളിൽ പൊൻവെയിൽ കിരണങ്ങൾ പടർന്ന മധ്യാഹ്നം… പാറിപ്പറക്കുന്ന ചിത്രശലഭത്തെപ്പോലെ, നിറപുഞ്ചിരിയോടെ നീലാംബരി പ്രിയനേതാവിന്റെ അടുക്കലെത്തി. നാടിന്റെ ഹൃദയത്തുടിപ്പുകൾക്ക് നന്മയുടെ നിറംപകരുന്ന ജനനേതാവിന് തന്റെ വിരലുകളാൽ ജീവനേകിയ മുഖച്ചിത്രം സമ്മാനിച്ചപ്പോൾ കുഞ്ഞുമുഖത്ത് ഉച്ചവെയിലിനോളം തിളക്കം. ജനകീയ പ്രതിരോധ ജാഥ കൊല്ലം ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ പത്തനാപുരത്ത് എത്തിയപ്പോഴാണ് പ്ലസ് വൺ വിദ്യാർഥി മാങ്കോട് കൊല്ലംകോണം ശ്രീകൃഷ്‌ണവിലാസത്തിൽ നീലാംബരി ഏവരുടെയും മനംകവർന്നത്. പ്രതീക്ഷയറ്റ രോഗനാളുകളിൽ താങ്ങായി നിന്ന സംസ്ഥാന സർക്കാരിനോടുള്ള നന്ദി അറിയിക്കാൻ അച്ഛൻ എസ് കെ രാധാകൃഷ്‌ണനൊപ്പമാണ് നീലാംബരി എത്തിയത്. രണ്ടുവർഷം മുമ്പ് മജ്ജ മാറ്റിവച്ചശേഷം ഒറ്റയ്‌ക്ക് ഇതുവരെ യാത്ര ചെയ്‌തിട്ടില്ല. പുതുചരിത്രം രചിക്കുന്ന ജാഥയെ സ്വീകരിച്ചതിന്റെ ത്രില്ലിലാണ് താനെന്ന് നീലാംബരി പറയുന്നു. പത്താം ക്ലാസിൽ പഠിക്കവെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു വരുമ്പോഴാണ് നീലാംബരി റോഡിൽ കുഴഞ്ഞുവീണത്. ശരീരത്ത് തൊട്ടുനോക്കിയപ്പോൾ രക്തമയമില്ല. പരിശോധനയിൽ കടുത്ത നിലയിലുള്ള അപ്ലാസ്റ്റിക് അനീമിയയാണെന്ന് കണ്ടെത്തി. മജ്ജയിൽ രക്തം ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയ്‌ക്ക് പ്രതിവിധി മജ്ജ മാറ്റിവയ്‌ക്കൽ മാത്രം. തുടർന്ന്, 55 ലക്ഷം രൂപ ഇതുവരെ ചെലവായി.
എൽഡിഎഫ് സർക്കാരിന്റെ കരുതൽ വെല്ലൂരിലെ ആശുപത്രിയിൽവച്ച് അനുഭവിക്കാനായതായി നീലാംബരിയുടെ അച്ഛൻ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് ഏക്കർ ഭൂമിയുള്ള ആന്ധ്രയിലെ കർഷക കുടുംബം ചികിത്സയ്‌ക്കായി ഒരുകോടി വിലമതിക്കുന്ന ഭൂമി 40 ലക്ഷം രൂപയ്‌ക്ക് വിറ്റു. തമിഴ്‌നാട്ടിൽനിന്ന് എത്തിയ മൂന്നേകാൽ വയസ്സുള്ള മുത്തുമീനാക്ഷിയുടെ കുടുംബത്തിനും ഒരുരൂപപോലും സർക്കാർ സഹായം ലഭിച്ചിട്ടില്ല.
പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറായിരം രൂപയ്‌ക്ക് വാങ്ങിയ സൈക്കിൾ നൽകിയും നീലാംബരി മാതൃകയായിരുന്നു. അച്ഛൻ രാധാകൃഷ്‌ണൻ എൽഐസി ഏജന്റാണ്. ബീനാദേവിയാണ് അമ്മ. പ്രിയ നേതാവിന്റെ ചിത്രം വരയ്‌ക്കാൻ മൂന്നുദിവസം എടുത്തതായി നീലാംബരി പറഞ്ഞു. പ്ലസ് വൺ പരീക്ഷ തുടങ്ങി. ഹാപ്പിയായി വ്യാഴാഴ്‌ച ഹിസ്റ്ററി പരീക്ഷ എഴുതണമെന്നും നീലാംബരി പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ